വാസുദേവൻ കെ വി*
“പ്രിയപ്പെട്ട മണ്ണേ
നിന്നിൽ പിറക്കുന്നു
നിന്നിലുണർന്നു വളർന്നു
നിന്നിലൊടുങ്ങുന്നു
ഈ പാഴ് ജീവിതങ്ങൾ.”
തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ…
അതൊക്കെ പണ്ട്.
ഇപ്പോൾ ഇടയ്ക്കിടെ പെയ്തു മാറികൊണ്ട് മഴയുടെ ഒളിച്ചുകളി . മഴതോർന്നെങ്കിലും മരം തോരാതെ..കോൺക്രീറ്റ് മേലാപ്പ് തോരാതെ.. മക്കളെ കൂട്ടി കുട ചൂടി നീർച്ചാലില് കടലാസ് തോണിയൊഴുക്കാൻ തുനിഞ്ഞിറങ്ങിയ താതമനം .
മക്കൾക്ക് അത്യുൽസാഹം.
കോവിഡ് കാലത്ത് കളത്രത്തിന് അനിഷ്ടം. ചെരുപ്പിടാതെ മഴചുംബിച്ച മണ്ണിൽ ചവിട്ടി നടന്നതിന് ശകാരം. വൃത്തികെട്ട മണ്ണിൽ ചവിട്ടാതെ കൺമണികൾ ഓടി നടക്കുന്നു.
“മക്കളേ ചെരിപ്പിടൂ” -ന്ന് തിട്ടൂരം….
പെണ്ണേ..നീയറിയേണ്ടതുണ്ട്.,..
മണ്ണാണ് ജീവന് ..മണ്ണാണെല്ലാം… മണ്ണിലാണെല്ലാം…
ഒന്നാം ലോകമഹായുദ്ധത്തിൽ രക്തമേറെ ചിന്തിയ ഭൂമി ‘ഫ്ലണ്ടേഴ്സ്’ ഇന്ന് ബെൽജിയത്തിൽ . പോരടിച്ച് ലക്ഷോപലക്ഷം ജീവനുകൾ ബലിയിട്ട നുറ്റാണ്ടിന് ശേഷം ആ യുദ്ധഭൂമിയില് നിന്ന് 40 ക്വിന്റൽ മണ്ണ് ആഘോഷപൂർവ്വം ലണ്ടനില് എത്തിച്ച് മനുഷ്യസ്നേഹികൾ . ആയിരങ്ങളുടെ രുധിരക്കറപുരണ്ട മണ്ണ്…
ഈ മണ്ണിന് വേണ്ടിയായിരുന്നല്ലോ അന്ന് പരസ്പരം പോരടിച്ച് രക്തം ചിന്തിയത്.
ഇന്നും ആ പക്വതയില്ലാത്ത ആസക്തിയുടെ,ജീവിതഹോമത്തിന്റെ തിരുശേഷിപ്പായി!!
ഇന്ന് ആ കോരിയെടുത്തുകൊണ്ടുവന്ന മണ്ണ് ലണ്ടന് മ്യൂസിയത്തില്.
വരും തലമുറകൾക്കൊരു പാഠമായി..,മണ്ണിനും പറയാനുണ്ട് നുറ്റാണ്ടുകളിലെ ചരിത്രകഥകൾ .
മണ്ണിലിറങ്ങി കളിക്കരുതെന്ന ശാസനയോടെ പാദുകങ്ങൾ പാദങ്ങളില് ചേർത്തതോടെ നമുക്കന്യമായതെന്തൊക്കെ?!!. പാദുകങ്ങൾ അതിർഭിത്തികളാണ്. നമ്മെ മണ്ണിൽ നിന്ന് വേർതിരിക്കുന്ന പ്ളാസ്റ്റിക് ഭിത്തികൾ . നൂറായിരം സൂക്ഷ്മജീവികളുടെ ചുംബനങ്ങൾ തടയുന്ന ആവരണഭിത്തികൾ ..
നാം സംരക്ഷിക്കുന്ന പാദങ്ങൾ ഒരുനാൾ ആറടിമണ്ണിൽ ലയിക്കേണ്ടതാണെന്നോർ ക്കാതെ…മണ്ണിലെ സൂക്ഷ്മജീവികൾക്ക് നുണയാനുള്ളതാണ് ഈ പാദഭംഗിയെന്നറിയാതെ…
മിടിപ്പ് നിലക്കാതെ അന്നം തരുന്നതീ മണ്ണാണെന്ന് തിരിച്ചറിയാതെ.. ഉള്ള മണ്ണിലേറെയും ടാറും, കോൺക്രീറ്റും വിരിച്ച്..പാദുകങ്ങളാൽ മണ്ണിലെ കാൽവിരൽസ്പർശ നിർവൃതി തടഞ്ഞ്..
താതശബ്ദമുയർന്നു
“മക്കളേ നിങ്ങൾ ചെരുപ്പൂരൂ… ഈ നനഞ്ഞ മണ്ണിൽ ആഞ്ഞ് പതിപ്പിക്കൂ ആ കുഞ്ഞിക്കാലടികള്.. ഇനിയെത്ര നാൾ വരെ കാണാനാവും ബാക്കിയുള്ള മൺപ്രതലങ്ങള്.?!!. മണ്ണിലലിയേണ്ടതുണ്ടല്ലോ നാമെല്ലാം ഒരുനാള്..”