Shihabuddeen Kanyana*

” ഒന്ന് എന്നെ കേൾക്കണം, ഇല്ലെങ്കിൽ ഞാനീ രാത്രി ആത്മഹത്യ ചെയ്തു പോകും… “ഒരു രാത്രി വേണമെന്ന് ചോദിച്ചു വന്നപ്പോൾ ഞാനയാൾക്ക് സമ്മതം മൂളി. സകലരോടും ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് ഞാനയാൾക്ക് വേണ്ടി നിന്ന് കൊടുത്തു.

ഒരു രാത്രി മുഴുവനും ഇയാൾ കവർന്ന് പോവുമോ എന്നതിനേക്കാൾ അവസാന മെസ്സേജ് എനിക്കായിരിക്കുമോ എന്ന പേടിയും മനസിൽ നാമ്പിട്ടു.പറയു, കേൾക്കാമല്ലോ എന്ന് മാത്രം ഞാൻ പറഞ്ഞു വെച്ചു. ഒരു പൂമ്പാറ്റയുടെ ചിറക് കരിഞ്ഞൊരു പ്രൊഫൈൽ പിക്ച്ചർ, എവിടെയോ മുറിഞ്ഞു വീണ ചിറക് തുന്നിപ്പിടിപ്പിക്കാനുള്ള അവസാന ശ്രമം എന്ന പോലെ അയാൾ ടൈപ്പ് ചെയ്ത് തുടങ്ങി.

പേര് കണ്ടിട്ട് അയാളെന്നോ, അവളെന്നോ വ്യക്തമല്ലായിരുന്നു, ഒരാളെ കേട്ടിരിക്കാൻ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയതുമില്ല, ചോദിച്ചതുമില്ല. അയാൾ അല്ലെങ്കിൽ അവൾ പറഞ്ഞു തുടങ്ങി, ഒരു നിമിഷം പോലും കേട്ടിരിക്കാനൊരാളില്ലെന്ന്, ഉള്ളിലുള്ളതൊക്കെയും പറഞ്ഞു തീരുമ്പോൾ സാരമില്ല ഡോ, തനിക്ക് ഞാനില്ലേ എന്ന ഒറ്റ വാക്കിന്റെ തണുപ്പിൽ ചേർത്ത് പിടിക്കാൻ ഒരാളില്ലെന്ന് മാത്രം ഒരു രാത്രി മുഴുക്കെ അയാൾ പല വാക്കിൽ, പല കഥകളായി പറഞ്ഞു കൊണ്ടേയിരുന്നു.

ഞാനൊരിക്കൽ പോലും കൂടെയുണ്ടെന്ന് പറഞ്ഞില്ല, ഞാൻ കേൾക്കുന്നുണ്ടല്ലോ എന്നും പറഞ്ഞില്ല. അയാളത് ഒരുപാട് കൊതിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും ഞാൻ ആ കള്ളം മാത്രം പറഞ്ഞില്ല. ഒട്ടും പരിചയമില്ലാത്ത, ഒറ്റ ബ്ലോക്കിൽ തീർന്ന് പോകാവുന്ന ഒരാളോടെങ്ങനെയാണ് ഞാനില്ലെ നിനക്കെന്ന് പറയാനാവുക.?ഒരാളും കൂട്ട് ഇല്ലാതിരിക്കുമ്പോൾ ആകാശം തൊടാൻ, ഒറ്റയ്ക്ക് നടക്കുമ്പോൾ ചുറ്റിലും കേൾക്കുന്ന സ്വരങ്ങൾ കാതിലെത്തിക്കാൻ ഞാൻ ഒരു ശ്രമം നടത്തി നോക്കി.

അത്രയും മുറിഞ്ഞു പോയൊരു ഹൃദയത്തോട് ജീവിക്കാൻ പറഞ്ഞു കൊണ്ടിരിക്കുന്നതിലെ ഹൃദയശൂന്യതയോർത്ത് ഒരു നിമിഷം മിണ്ടാതിരുന്നു.മരിക്കാൻ അയാളുടെ ആഗ്രഹമാണെങ്കിലൊരിക്കലുമെന്നെ തേടി വരണ്ടല്ലോ, എന്ന ഒറ്റ നിമിഷത്തെ ചിന്തതയിൽ ഞാനയാളെ ചേർത്തു പിടിച്ചു.നിങ്ങൾക്കിനിയും ജീവിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ ജീവിക്കാം, ആത്മഹത്യക്ക് ജീവിതത്തിൽ ഇനിയും ഒരുപാട് സമയം ബാക്കി കിടക്കുന്നു.

പക്ഷേ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ പിന്നെയൊരു ജീവിതം എന്ന് ചിന്തിക്കാൻ പോലുമൊരു അവസരം ബാക്കി കിടക്കുന്നില്ല.നേരം പുലർന്നെന്ന്, കോഴി കൂവുന്നെന്ന്, ആകാശത്തൊരു നക്ഷത്രവും ബാക്കിയില്ലെന്ന്, കഴിഞ്ഞ രാത്രി ആത്മഹത്യ ചെയ്തിട്ടില്ലെന്ന് അയാൾ മെസ്സേജ് കുറിച്ചു.ഒരാളെ കേട്ടിരിക്കൽ എന്തൊരു ഭാഗ്യമാണ്.

അയാളുടെ ഇടയ്ക്കിടെയുള്ള മെസ്സേജുകളിൽ ഇപ്പോൾ പൂമ്പാറ്റ കുഞ്ഞുങ്ങൾ ചിറക് വിടർത്തി പറക്കാറുണ്ട്.

By ivayana