കവിത : രഘുനാഥൻ കണ്ടോത്ത് 🙂
സമഗ്രാധിപത്യസമൂഹത്തിലെ
ചിന്തകളെക്കൊന്നൊടക്കം ചെയ്ത
ചുടുകാട്ടിലെ കുടികിടപ്പുകാരേ!
സചേതനജഡജന്മങ്ങളേ!
ഏണിപ്പടികളായ് ചാരിവെച്ചു
നിങ്ങൾതൻ തോളെല്ലുകൾ
ജനായത്തപ്പൊയ്മുഖധാരികൾ
കവർന്നൂ നാടിൻ ഭരണസാരഥ്യം!
വെള്ളം തളിച്ചു കുതിർന്നമേനി
വിറങ്ങലിച്ചു കുടയവേ,
അതു സമ്മതമാക്കി വാളുകൾ
കൊയ്തതെത്ര ശിരസ്സുകൾ!
സ്വയം ബലിമൃഗങ്ങളായ് നിങ്ങളേ
നിർണ്ണയിച്ചു കശാപ്പുകാരനെ
സമ്മതി ദാനമാക്കി ശിരസ്സറ്റു
ചിന്നിച്ചിതറീ കബന്ധങ്ങളായ്!
അധികാരരഥചക്രങ്ങൾക്കിടയിൽ
ചതഞ്ഞരഞ്ഞ ആർത്തനാദങ്ങൾ
ബലികുടീരങ്ങളിൽ പല്ലിറുമ്മി
അവരുടെ സ്മാരകങ്ങൾ നോക്കുകുത്തികൾ!
കുരുതിയിൽക്കുതിർത്തു നട്ടമൂല്ല്യങ്ങൾ
ആക്രിവിലയിൽ വിറ്റുതുലയ്ക്കവേ,
സ്മൃതികുടീരങ്ങളിൽ പ്രകമ്പിതമായിതു
സ്ഫോടനാത്മകമേഘഗർജ്ജനം!
നക്ഷത്രസഞ്ചയം സാക്ഷിയാക്കി‐
ച്ചിതറിയ നെഞ്ചകങ്ങളുയിർപ്പൂ
പ്രതികാരച്ചുഴലിയായ് ചിലതുടയ്ക്കാൻ
പലതുടച്ചുവാർത്തീടുവാൻ!
അക്ഷരങ്ങളക്ഷൗഹിണിപ്പടകളായ്
അക്ഷീണം പോർമുഖങ്ങൾ തീർക്കവേ,
അധികാരഗർവ്വം നാടുനീങ്ങും,
ജയഭേരി തീർക്കും ജനായത്തം!!
വിഹഗവിഹാരമരുതെങ്കിലെന്തിനായ്
വിശീർണ്ണവശ്യമനോജ്ഞമീവാനകം?
വാനമ്പാടികൾ പാടരുതെന്നാകി‐
ലെന്തിന് നീർത്തടങ്ങൾ കാനനങ്ങൾ?
മയൂരനൃത്തമരുതെങ്കിലെന്തിന്
മേഘനാദം,മിന്നൊളിയും,മാരിയും?
സ്വതന്ത്രചിന്തനം വിലങ്ങായ് മാറുകിൽ
എന്തിനായഭിശപ്തമീ മർത്ത്യജന്മം?