കോവിഡ് 19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുമ്പോൾ, മലയാളി സമൂഹത്തെ ഒന്നായി നിർത്തുവാനും, ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ “കൈകോർത്ത് പിടിക്കാം…” പദ്ധതി നിലവിൽ വന്നു. നിരവധി വ്യക്തികൾക്കും, കുടുംബങ്ങൾക്കും ഇതിനകം തന്നെ അവശ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും കണ്ടെത്തിയിരിക്കുന്നത് നയാഗ്ര മേഖലയിലെ മലയാളികളിൽ നിന്നാണ്.
നയാഗ്ര മലയാളി സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ, 50ഓളം വോളണ്ടീയേഴ്‌സിനെ അണിനിരത്തിക്കൊണ്ടാണ് സഹായങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളി കുടുംബങ്ങൾ, വ്യക്തികൾ, പ്രായമായവർ, വിദ്യാർഥികൾ എന്നിവർക്ക് പദ്ധതിയുടെ സേവനം ലഭ്യമാകും. 1000 കിലോ അരി, 300 കിലോ പച്ചരി, 100 കിലോ പയർ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കോവിഡ് 19 രോഗത്താൽ ദുരിതം അനുഭവിക്കുവർക്ക് വിതരണം ചെയ്യുന്നത്. നയാഗ്ര ഫാൾസ്, വെലന്റ്, സെന്റ് കാതറൈൻസ് എന്നീ മേഘലകളിക്കി തിരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. . നയാഗ്ര മേഖലയിലെ മലയാളികളുടെ നൂറു ശതമാനം സഹകരണമാണ് പദ്ധതിയെ വിജയത്തിലെത്തിച്ചിരിക്കുന്നതെന്നു നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലൊമാറ്റോം പറഞ്ഞു.
രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ മലയാളി കുടുംബങ്ങളും, വിദ്യാർത്ഥികളും ഒറ്റപെട്ട പോകുവാനുള്ള സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് “കൈകോർത്ത് പിടിക്കാം…” എന്ന സാമൂഹ്യ സഹായ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. സഹായം ആവശ്യപ്പെട്ടു വിളിക്കുന്നവരുടെ സ്വകാര്യത പരിപൂർണ്ണമായും കാത്തു സൂക്ഷിക്കും. നിസ്വാർത്ഥമായി സമൂഹത്തിനു കൈത്താങ്ങാകുവാൻ പ്രതിജ്ഞാബദ്ധരായി ടീമിലേക്ക് എത്തിയിരിക്കുന്ന എല്ലാ വോളന്റിയഴ്‌സിനും നന്ദി അറിയിക്കുന്നതായി സമാജത്തിന്റെ സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ പറഞ്ഞു. സഹായങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ കമ്മിറ്റിയുമായി ബന്ധപ്പെടുകയോ, സംഭാവനകൾ നയാഗ്ര മലയാളി സമാജത്തിന്റെ ഇ മെയിൽ ഐഡിയായ ItsOurNMS@gmail.com ലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ആവാം.
നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ18നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന “സൗഹാർദ രാവ് ” ഈസ്റ്റർ വിഷു റംസാൻ വിരുന്നു താൽക്കാലികമായി മാറ്റി വെക്കാനും നയാഗ്ര മലയാളി സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. സാമൂഹിക ആരോഗ്യവും നന്മയും കണക്കിലെത്തും, സർക്കാരിന്റെ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായുമായാണ് പരിപാടി മാറ്റി വെക്കാനുള്ള തീരുമാനം.