ഒരു ‘പ്രണയഗവിത!’ : മീനാക്ഷി പ്രമോദ്*

നിന്നോർമ്മകൾക്കിന്നു കമനീയത തോന്നിയെന്നാ-
ലെന്നോമലേ, നിൻപ്രണയമെന്നെ വിളിച്ചതാവാം
ഓർക്കാതിരിക്കാമിനിയിതെന്നു നിനച്ചുവെന്നാ-
ലോർത്തോർത്തു ഞാൻ നിന്നെ മറവിക്കു കൊടുത്തതാവാം
ചൊല്ലാൻ മടിച്ചന്നു മൊഴിയാത്ത വിശേഷമോർത്താ-
ലെല്ലാമൊരേ നെഞ്ചിലെ മിടിപ്പുകളെന്നു കാണാം
നീളൻവരാന്തയ്ക്കകലെ നിൻപദതാളമൂർന്നാ-
ലുള്ളം തുടിക്കുംശ്രുതിയിടഞ്ഞൊരു
പക്ഷിയായ് ഞാൻ
മഞ്ചാടികൾ വീണ കളിയങ്കണമോർത്തുചെന്നാൽ
മാഞ്ചില്ലകൾക്കുണ്ടു പറയാൻ കളിയൂയലാട്ടം
മന്ദാനിലൻ പോയ വഴിയേ മണമൂർന്നുവെന്നാൽ
മന്ദാക്ഷമെന്നിൽ നിറയുമാ സുഖമോർത്തു നൂനം
തോരാതെ പെയ്യുന്ന മഴയേറ്റൊരിലയ്ക്കു കീഴേ,
ഓരാതെ, കൈകോർത്തുനടകൊണ്ടതുമോർത്തുവെന്നാൽ
ആ മാറിലാടുന്ന വനമാലയിലൊന്നു തൊട്ടാ-
ലാത്മാവിലൂറുന്നൊരനുഭൂതിയതെന്നുതോന്നാം
കാലങ്ങളിന്നും പതിവുയാത്ര തുടർന്നുവെന്നാൽ
കാല്യപ്രസൂനങ്ങളടരുന്നു ദിനാങ്കണത്തിൽ
എന്നാലുമെന്തിത്ര വിവശം മനമെന്നതോർത്താ-
ലൊന്നോ മൊഴിഞ്ഞാർദ്രവചനങ്ങളുണർന്നതാവാം
കാമിപ്പതില്ലെങ്കിലുമറിഞ്ഞിവളാത്മരാഗം
കൗമാരമല്ലേ, പ്രണയസീമകളേറെയില്ലേ?
മോഹങ്ങളെല്ലാം സഫലമാകുവതെങ്കിലോ നാം
ദാഹിക്കുമോ, വിസ്മൃതിയിലാ മുഖമോർത്തെടുക്കാൻ?

By ivayana