സിജി ഷാഹുൽ*

From
ഭൂമി
C/of സിജി ഷാഹുൽ
തോപ്പു പറമ്പിൽ വീട്
ചിറ്റാർ
പത്തനംതിട്ട ജില്ല

To
കോവിഡ്-19
വുഹാൻ
ചൈന

പ്രിയപ്പെട്ട കൊറോണാ.എന്നെ നീ അറിയും .നിന്റെ പ്രിയപ്പെട്ട ഭൂമി. നിനക്ക് ജന്മം തന്ന നിന്റെ ഭൂമി.
എന്റെ മക്കളിൽ എനിക്ക് യുവത്വം വീണ്ടെടുത്തു തരാൻ നിന്നെപ്പോലെ പരിശ്രമിച്ച മറ്റൊരാൾ ഇല്ല.
എന്റെ നാഡീ നരമ്പുകൾ ആയിരുന്ന പുഴകൾ. എന്റെ നട്ടെല്ലായിരുന്ന മലകൾ. എന്റെ ശ്വാസം ആയിരുന്ന മഴ. എന്റെ അവയവങ്ങൾ ആയിരുന്ന.രാജ്യങ്ങൾ
എല്ലാം വീണ്ടെടുക്കാനാവാത്ത പോലെ നശിച്ചുപോയിരുന്നു.
എന്റെ സ്വപ്നമായിരുന്നു ആകാശം
എന്റെ പുതപ്പ്
അതിനു പോലും നാശം സംഭവിച്ചിരുന്നു.

മനുഷ്യരെപ്പോലെ അഹങ്കാരം ഇല്ലാതിരുന്ന എന്റെ മറ്റു മക്കൾ. മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും പുഴകളും പൂമ്പാറ്റകളും ചെടികളും.മരങ്ങളും. വംശനാശത്തിന്റെ ഭീഷണിയിൽ ആയിരുന്നു .
മനുഷ്യർ എന്റെ ഉള്ളറകൾ പോലും സ്വന്തമാക്കി വച്ചിരുന്നു
എന്നാൽ തന്നെ ഞാൻ അവരെ സ്നേഹിച്ചിരുന്നു. അവരുടെ പരസ്പരസ്നേഹവും. സന്തോഷവും കണ്ടു. ഞാൻ മനം കുളിർക്കെ. ആനന്ദിച്ചിരുന്നു .

ഒരു വേള മനുഷ്യർ തമ്മിൽ കലാപങ്ങൾ ഉണ്ടായി. പരസ്പരം ശത്രുക്കളായി. രക്തബന്ധങ്ങൾ തിരിച്ചറിയാതെ ആയി. ചതിയും വഞ്ചനയും ക്രൂരതയും കൊണ്ട് അവർ തന്നെ പൊറുതിമുട്ടി.
എന്റെ മറ്റു മക്കൾക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ..
മനുഷ്യർക്ക് കാണാൻ സാധിക്കാത്ത എത്രയോ കോടി ജന്മങ്ങൾ എന്റെ ഉപരിതലത്തിൽ ജീവിക്കുന്നു. അതിലൊരാൾ ആവും നീയും.
നിന്റെ വരവോടുകൂടി. എന്റെ മറ്റ് മക്കൾക്ക് ശാന്തിയും സമാധാനവും ലഭിച്ചു. എന്റെ ഇരുളടഞ്ഞ പ്രദേശങ്ങളെ നീ വെളിച്ചം ഉള്ളതാക്കി.

നരവീണ പ്രദേശങ്ങളിൽ നീ യുവത്വം കൊണ്ട് അലങ്കരിച്ചു. തുളവീണ എന്റെ പുതപ്പിനെ നീ പഴയതുപോലെ നെയ്തെടുത്തു. പുതിയതാക്കി
നീ എനിക്ക് പുതിയൊരു പുതപ്പ് ഉണ്ടാക്കി തന്നു.
എന്റെ ആകാശത്തെ ഞാൻ വീണ്ടും പ്രണയത്തോടെ നോക്കി
പക്ഷേ എന്റെ മനുഷ്യമക്കൾക്ക് നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. അവർ വേദനിക്കുന്നു. അവരുടെ കുടികളിൽ നിന്നും നിലവിളി ഉയർന്നു കേൾക്കുന്നു. അവരുടെ സ്വന്തങ്ങൾ നിന്റെ ആക്രമണത്താൽ പിടയുന്ന കാഴ്ച എനിക്കിനി കണ്ടു നിൽക്കാനാവില്ല.

ഞാൻ അമ്മയാണ്. എന്റെ മക്കൾ ദുഷ്ടരായാലും അവർ വേദനിക്കുന്നത് എനിക്ക് സഹിക്കില്ല.
നിനക്ക് വന്ന വഴി തിരിച്ചു പോകാം. എന്റെ മക്കൾ ആഹ്ലാദിക്കുന്നത് എനിക്ക് ഇനിയും കാണണം. അവർ പഴയതുപോലെ നിരത്തിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് എനിക്ക് കാണണം. അവർ മുഖം മറയ്ക്കാതെ എന്റെ നെഞ്ച് ഇനിയും തുളയ്ക്കണം.
പ്രിയ മിത്രമേ നിനക്ക് യാത്ര. നീ തിരിച്ച് ചൈനയിലേക്ക് പോവുക അവിടെ വുഹാനിൽ സ്വസ്ഥമായി ജീവിക്കുക.

നീ കൂടുതൽ മനുഷ്യരോട് കളിക്കാൻ ചെന്നാൽ നാശമാകും ഫലം.
പ്രിയ മിത്രമേ നിനക്ക് വീണ്ടും യാത്ര.
എന്ന് ഭൂമിക്കുവേണ്ടി
സിജി ഷാഹുൽ

By ivayana