സുമോദ് പരുമല*

രഹസ്യാന്വേഷണങ്ങളിൽ
അവളുടെ ജാരൻ
വളരെപ്പതിവായി
അവളിലേയ്ക്കെത്തുന്നത്
ഒടുവിലയാളറിഞ്ഞു .
ഒരു തീവണ്ടിയാത്രയിലെ
എതിരിരിപ്പിടത്തിൽ നിന്ന് ,
സിനിമാതിയേറ്ററിലെ
അരണ്ടവെളിച്ചത്തിൽ
അറിയാതെ ,
കാലിൽത്തട്ടിക്കടന്നുപോയ
അതികായനായ
അപരിചിതനിൽ നിന്ന് …
ആൾത്തിരക്കിൽ നിന്ന്
വായിച്ചകഥകളിൽ നിന്ന്
കേട്ട പാട്ടുകളിൽ നിന്ന്
ചിലപ്പോൾ
നനുത്ത കവിതകളായി
ചിലപ്പോൾ
കാറ്റായ് ,കടലായ് ,ചുഴലികളായ്
അനന്തരം
താൻമാത്രമാത്രമാണ്,
പുരുഷനായി
വ്യവസ്ഥചെയ്യപ്പെട്ട
അവളുടെ
കാമനകളുടെയുടവനെന്നതും
സ്നേഹമെന്നത്
ഒരാളിലേയ്ക്ക് കൂർത്ത് നീണ്ട
വജ്രായുധത്തിൻ്റെ
ഒറ്റമുനയെന്നതും
ഒരു കല്യാണത്താലിയുടെ
ഹൃദയാകൃതിയിൽ നിന്ന്
അയാളടർത്തിയെറിഞ്ഞു .
അന്നാദ്യമായി
അയാൾക്ക്
അവളെയറിയുന്നതായിത്തോന്നി .
അന്നേദിവസമവളയാളെ
പ്രണയിച്ചുതുടങ്ങി .
അങ്ങനെ ,
ഒരിയ്ക്കലും
പെയ്തൊഴിയാത്ത
പെരുമഴകൾകൊണ്ട്
അവരുടെ രാത്രികൾമൂടി.
കാഴ്ചകളിൽ നിന്ന് ,
കേൾവികളിൽ നിന്ന്
അവളറിഞ്ഞവയാകെ
അയാളിലലിഞ്ഞുചേർന്നു .
പിന്നീട്
ഓരോരാത്രിയിലുമവൾ
അയാളെ
ഓരോപേരുവിളിച്ചു ..
ചിലപ്പോൾ
പേരുകൾ പലതായി .
പലപ്പോഴും
പേരുകളേയില്ലാത്തവരായ്
അയാൾ പാറിക്കളിച്ചു .
അയാളുടെ
ഓരോ ..
സന്നിവേശങ്ങളിലുമവൾ
കിടക്കയിലൊന്നുരുണ്ട്
വലതു കൈയുടെ
ചൂണ്ടുവിരൽ നീട്ടി
സ്ഥാനം തെറ്റിയ
ബെഡ് സ്വിച്ചിൻ്റെ
പാൽവെളിച്ചമണച്ചുകളഞ്ഞു .
ഏറെവൈകിയൊരു
പ്രഭാതത്തിൽ
അയാളിൽനിന്നടർന്ന്
പുടവവാരിച്ചുറ്റി
മുടിമാടിക്കെട്ടിയവൾ
കിടക്കവിട്ടെഴുന്നേൽക്കുമ്പോൾ
കൈത്തണ്ടയിലയാളുടെ
കൈപ്പടം മുറുകി
അവളെ വലിച്ചടുപ്പിച്ചു .
കണ്ണുകളിലെ
ഒരിയ്ക്കലുമണയാത്ത
കുസൃതിയുടെ
നക്ഷത്രങ്ങൾ
ഉറക്കച്ചടവോടെയവളുടെ
കാതിൽ വിളിച്ചു ,
”കുലസ്ത്രീയേ ………..”
അത് കേട്ടവൾ ,
പൊട്ടിപ്പൊട്ടിച്ചിരിച്ചു .

By ivayana