വാസുദേവൻ കെ വി*
സാമൂഹിക അകലം കല്പിച്ചുകൊണ്ട് നഗരമധ്യത്തിലൂടെ അവർ നടന്നു.. പഴയ കളിക്കൂട്ടുകാർ.
“ഈ ഫേസ്ബുക്ക്, ചതിയുടെ, വഞ്ചനയുടെ, വാക്കുമാറലിന്റെ ഇടത്താവളം അല്ലേടാ..?”
അവൾ അങ്ങനെയാണ് സന്തോഷവും സങ്കടങ്ങളും അവനോട് പറയാതെ വയ്യാ അവൾക്ക്.. അവനവളെ ആശ്വസിപ്പിക്കാതെയും വയ്യാ..
“അതേ..ആട്ടിൻതോലിട്ട ചെന്നായ്ക്കൾ വിഹരിക്കുന്ന ഇടം.അതു തിരിച്ചറിയുന്നവർ ഓടി രക്ഷപ്പെടുന്നു എത്രയും വേഗം ഇതിൽ നിന്നും.
നീ സാനു ചാക്കോയെ അറിയുക.. ആ ദുരഭിമാന കൊലയും.
സഹോദരിയുടെ പ്രണയം തല്ലിക്കെടുത്താൻ അവളുടെ പ്രിയപ്പെട്ടവനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സാനു ചാക്കോ ഫെയ്സ്ബുക്കിൽ പ്രണയചിന്തകൾ പങ്കുവച്ചത് ഒട്ടേറെത്തവണ. പിന്നീട് സാനു വിവാഹം കഴിച്ചതും പ്രണയിച്ച്.
സാനു ഫെയ്സ്ബുക്കിൽ പങ്കുവച്ച പ്രണയ പോസ്റ്റുകളിൽ ചിലത് നീ അറിയുക. “
‘‘സ്നേഹിച്ച മനസ്സുകൾ തമ്മിൽ
പിരിയുമ്പോൾ അടർന്നുവീഴുന്ന
ഓരോ കണ്ണുനീർത്തുള്ളിക്കും
പറയാനുള്ളത് ഒന്നുമാത്രം..
മറക്കാനായി ആരെയും
സ്നേഹിക്കരുത് “
‘കാലം പുതിയ കഥകൾ എഴുതുമ്പോൾ,
പഴകിത്തുടങ്ങിയ ഓർമകളിലെ
അവസാന സ്പന്ദനവും ചിതലെടുത്തുപോകുമ്പോൾ,
ഓർക്കുക..
ഞാൻ നിന്നെ പ്രണയിച്ചിരുന്നു.’
” ഞാൻ തിരയുന്നത്
നിന്റെ മൗനത്തെയല്ല.
അതിൽ നീ ഒളിപ്പിച്ചുവച്ച
ഞാൻ കേൾക്കാൻ കൊതിക്കുന്ന
ആ വാക്കുകളെയാണ്.”
പ്രണയ കിന്നാര വരികൾ കേട്ടപ്പോൾ അവൾ അവനോട്
ആവശ്യപ്പെട്ടു.
“നീനുവിന്റെ കരയാ കരളിനും, കെവിന്റെ ആത്മാവിനും നമുക്ക് പ്രണാമം അർപ്പിക്കാം.”