വിഷ്ണു പകൽക്കുറി*

ജാതിക്കോമരങ്ങൾ
ഉറഞ്ഞുതുള്ളും
ഈർച്ചവാളിൻ
തുഞ്ചത്തിരുന്നൊരു
ഉഗ്രതപസ്വിനിയുടെഭിക്ഷാടനം
ആൽത്തറവേരുകൾ
അതിദ്രുതം വളരുമ്പോൾ
നീർപ്പോളകെട്ടിയകൺതടങ്ങളിൽ
രക്തപ്പുഴയൊഴുകിച്ചുവക്കുന്നു
ചമ്രവട്ടത്തിലിരുന്നവൾ
ചതുരംഗപ്പലകയിൽ
കരുക്കൾ നീക്കിവച്ച്
കോപാദ്ധയായി
നെറികെട്ട കാലത്തെശപിച്ച്
ചുടലഭസ്മവുംച്ചാർത്തി
ഒറ്റക്കാലിൽ
ഋതുക്കൾ മാറിയതറിയാതെ
തപസ്സിരുന്നു
കാലക്കേടിന്
മിഴിതുറക്കവെ
മുന്നിലേക്കുവീണുരുണ്ട
നാണയത്തുട്ടിലവൾ
ഭിക്ഷയെറിഞ്ഞൊരുവൻ്റെജീവിതം
കാൺകെ അട്ടഹസിച്ചവൾ
കൊടുവേനലിൽ
കാപാലവുമേന്തി
ചത്താലും തീരാത്തതീണ്ടലാണല്ലോ
മുക്കണ്ണാ
ഒറ്റനാണയത്തിനുള്ളിലെന്നുച്ചൊല്ലി
പിറുപിറുത്തു മൊഴിഞ്ഞു
കലികാലമല്ലാതെന്ത്.

By ivayana