കവിത : ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ.

കീറ തുണിയാലെ നാണം മറയ്ക്കുന്ന
കീടങ്ങളാം ജനകോടികൾക്കായ്
ഒരു തുണ്ടു ഭൂമിയും ചുരുളുവാൻ കൂരയും
അതിരറ്റ മോഹമായ് ശേഷിയ്ക്കയും
നിറവാർന്ന സ്വപ്നങ്ങൾ നിറവേറ്റാനാകാതെ
നിറംമങ്ങി വികൃതമായ് ബാക്കി നിൽക്കേ
കനിവാർന്ന നയമോതിയധികാരമേറിയോരോ
ദയ തോന്നി നില മാറ്റാനൊരുമ്പെട്ടില്ല
ചുടുചോര വീഴുന്ന ചേരികളും
തുണിക്കൂറ നിറയുന്ന കോളനിയും
മലിനജലമൊഴുകും ഓടകളും
മാലിന്യശേഖര കൂനകളും
ജീവൻ തുടിയ്ക്കുന്ന രൂപങ്ങൾ പാർക്കുന്നു
ഭാരത മണ്ണിൽ ജീവശേഷരായി
കാകനും കഴുകനും കാഷ്ഠിച്ചു രസിക്കാനായ്
കോടികളേറെ മുടക്കിടുമ്പോൾ
ആകാശം മുട്ടെയുയരുന്ന പ്രതിമകൾ
നാടാകെ രാപ്പകൽ നിറഞ്ഞിടുന്നു
ശിലകൾ തൻ സൂത്രധാരർ തെല്ലു-
മറിയാതെ പോകുന്ന സത്യങ്ങളനവധി
പൊതുധനമാണെന്ന് തെല്ല് നിനയ്ക്കാതെ
പൊതുവായ സൽകർമ്മം ചെയ്തിടാതെ
ഖജനാവിലുള്ളതാം കോടികളീവിധം
പാഴാക്കിടുന്നതോ ഉത്തമ നീതിശാസ്ത്രം
പ്രഭാവം കൈവശമാണെന്ന ഗർവ്വോടെ –
ധൂർത്തരാകുന്നതോ ജനകീയസേവനം
ചുങ്കമായ് സിന്ധിച്ച ധനം കൈയാളുമ്പോഴും
പ്രത്യവേഷക്രിയകളെന്തേ വിസ്മരിക്കാൻ
കോടികൾവിഴുങ്ങിയ ബിംബത്തിൻചോട്ടിലാ –
യന്തിമയങ്ങുന്ന ഒട്ടനവധിയാത്മാക്കൾ
അഷ്ടി മുടങ്ങിയ ആൾപ്പേരുകളൊക്കെയും
പട്ടിണിയോടെ കഴിഞ്ഞിടവേ
കഷ്ടതമേലാതെ ഒട്ടുപേർ നിത്യനെ – .
കെട്ടുപോകുന്നു ലോകം വിട്ടകന്ന്
നഷ്ടങ്ങൾ വന്നെത്തി നട്ടംതിരിയവേ –
ദുഷ്ടചിന്തയോടെയെന്നും വട്ടംകറക്കയും
ശിഷ്ടകാലത്തേക്കെല്ലാം ഭദ്രമാക്കീടാനായി
ഒട്ടുംമടിയില്ല സത്യവാദികൾക്കൊക്കെയും
ജനാധിപത്യത്തിലേഴകൾക്കെന്നെന്നും
വാഗ്ദാനങ്ങൾ തുണയായ് ശേഷിയ്ക്കേ –
വാഴുവാനായ് വിധിച്ചവർക്കൊക്കെയും –
വാണിടാനായ് സർവ്വ സുഖങ്ങളുമേകിടുന്നു.!

By ivayana