കവിത : സുദർശൻ കാർത്തികപ്പറമ്പിൽ *
കരിനീലമിഴിയുള്ള പെണ്ണാളേ,നിന്റെ
കരതാരിൽ ഞാനൊന്നു തൊട്ടോട്ടെ
അരുമപ്രതീക്ഷകൾ നെയ്തുനെയ്തന്നുഞാൻ
ഒരു നൂറുസ്വപ്നങ്ങൾ കണ്ടതല്ലേ
പുലരിപ്പൂഞ്ചിറകും വിരിച്ചുകൊണ്ടേയെന്നിൽ,
നലമെഴും പുഞ്ചിരിതൂകിക്കൊണ്ടേ,
കലയുടെ കേദാരവനിയിലൂടങ്ങനെ,
കളഭക്കുറിയുമായ് വന്നതല്ലേ
പേരൊന്നറിയുവാൻ മോഹമുണ്ടേ,യുള്ളിൽ
നേരൊന്നറിയുവാൻ ദാഹമുണ്ടേ
ഏതു സ്വർഗ്ഗത്തിൽ നിന്നിങ്ങുവന്നെന്നുള്ളി-
ലോതുക,നീയൊന്നെൻ പുന്നാരേ!
മേനകയോ,ഹാ തിലോത്തമയോ,ദേവ-
ലോകത്തിൻ,സൗന്ദര്യറാണിയോനീ!
ഒന്നുമറിയില്ലയെങ്കിലുമോമലേ-
യൊന്നറിയാമെന്റെ മുത്താണ്
വേദത്തെളിമുകിൽ ചിത്താണ്,നീയീ-
നാദപ്രപഞ്ചത്തിൻ സത്താണ്
ആദിമധ്യാന്തപ്പൊരുളാണ്,സ്നേഹ-
ഗാഥകൾതോറ്റും മിഴാവാണ്
ആ ദിവ്യഭാവ സുഹാസിതനർത്തന –
വേദിയിൽ ഞാൻ നടന്നങ്ങടുക്കെ,
ആനന്ദ തുന്ദിലയായനുരാഗാർദ്ര-
ഗാനങ്ങളെത്രനീയോതിയെന്നിൽ!
തുഞ്ചനിൽ,കുഞ്ചനിലെന്നല്ല,നീയഹോ,
തഞ്ചത്തിലാടി,കവിത്രയത്തിൽ!
അഞ്ചിതാമോദമാ,നൃത്തച്ചുവടുകൾ
കാഞ്ചനകാഞ്ചി കുലുക്കി,പിന്നെ
കൊഞ്ചും മൊഴിയുമായ് ചങ്ങമ്പുഴയിലൂ-
ടുജ്ജീവനത്വമാർന്നെത്തിയേവം,
പഞ്ചമംപാടിയാടുന്നതിമോഹനം
മഞ്ജീര ശിഞ്ജിതമാർന്നിതെന്നിൽ!
പൊന്നേ,മറക്കുവാനാകുന്നതെങ്ങനെ,
മിന്നിവന്നെത്തും കിനാവുകളെ!
സന്തതമപ്പൊൻ കൊലുസ്സും കിലുക്കിയുൾ-
ചിന്തുമായ്ചന്തത്തിലാവോ,നീ
എന്നിലെ,കൽപ്പകപ്പൂവണിപ്പൊയ്കയിൽ
പൊന്നണിച്ചന്ദ്രികയെന്നപോലെ,
ഉന്നത ചിന്തകളേകി നിർനിദ്രയായ്
വെന്നുയർന്നുദ്രസം നിന്നാലും
നിസ്തുലമാ,മഹിതോജ്വലനർത്തനം
അത്യുദാരം ഹാ തുടർന്നാലും
മരതകച്ചേലുള്ള പെണ്ണാളേ,നിന്റെ
യരുമക്കിനാക്കൾ ഞാൻ കണ്ടിരിക്കേ,
കരിനീലനീൾമിഴി നീർത്തിയേവംരാഗ-
സുരഭിലയായി നീയെത്തിയെന്നോ!
തരളിതഗാത്രനായുൾപുളകം പൂണ്ടു
പരിരംഭണങ്ങൾ ഞാനേകിയെന്നോ!