ബിന്ദു വിജയൻ, കടവല്ലൂർ.*
ഇടവപ്പാതിയിൽ ഇടിവെട്ടുമ്പോൾ
ഇടമുറിയാമഴനൂലിൽ നോക്കി
ഇറയത്തങ്ങനിരിക്കും നേരം
അകതാരിൽ ചെറുകുളിരോടെൻ്റെ
അഴകിയ ബാല്യം വിളയാടുന്നു.
കടൽപോൽ വെള്ളമിരമ്പുമ്പോൾ ഞാൻ
കടലാസ്തോണിയൊഴുക്കിയ മുറ്റം,
തോണികൾ ദൂരേയ്ക്കൊഴുകുമ്പോൾ ഞാൻ
ആർത്തു ചിരിച്ചു മറിഞ്ഞൊരു കാലം!
ഒയ്ക്കെയൊരോർമ്മച്ചില്ലയിലേറി
എത്തുകയാണീമഴയോടൊപ്പം…
പള്ളിക്കൂടത്തിൽ ഞാനാദ്യം
ചെല്ലും നാളിൽ മഴവെള്ളത്തിൽ
കണ്ണുകൾ പെയ്തു കലങ്ങിയതും എൻ
നെഞ്ചിലൊരസത്രമിരമ്പിയതും.
പുസ്തകഗന്ധമറിഞ്ഞാെരു നേരം
ഹൃത്തിലൊരിക്കിളി പെരുകിയതും
ഒയ്ക്കെ യൊരോർമ്മച്ചില്ലയിലേറി
എത്തുകയാണീമഴയോടൊപ്പം…
ചാറ്റൽമഴയത്തൊത്തിരിനേരം
കൂട്ടരുമൊത്ത് കളിക്കുന്നേരം
ശാസനതൊട്ടൊരു സ്നേഹത്താലേ
ക്ലാസ്സിൽ കേറ്റിയൊരധ്യാപികയുടെ
രൂപമൊരല്പം പോലും മായാ –
തോർമ്മയിൽ നിന്നു ചിരിക്കുന്നു.
സ്കൂളിൽ നിന്നും വൈകുന്നേരം
കൂട്ടരുമൊത്തു മടങ്ങുംനേരം
പുസ്തകമൊട്ട് നനഞ്ഞീടാതെ
ചേമ്പിലായാലൊരു കുടയും ചൂടി
പാടവരമ്പിൽ പാതിനനഞ്ഞത്
ഓർമ്മകൾ പെയ്തുനിറയ്ക്കുന്നു.
വ്യാധി പെരുത്തൊരു കാലം കുട്ടികൾ
സ്കൂളിൽ പോകാതുഴറുമ്പോൾ
പുത്തനുടുപ്പുണ്ടായിട്ടും
പുസ്തകസഞ്ചി നിറഞ്ഞിട്ടും
സ്കൂളുകളൊക്കെയനാഥത്വം
പേറിയപോലെ വിതുമ്പുന്നു.
കോവിഡ്കാലം പോയ്മറയും
എന്ന കിനാവുകൾ പൂവിടുമോ?
ബാല്യങ്ങളുടെ കെട്ടഴിയും
എന്ന പ്രതീക്ഷകൾ പൂവിടുമോ?
കുട്ടികൾ ഇനിയും സ്കൂളുകളിൽ
എത്തും നാളുകൾ വന്നിടുമോ
അറിവിന്നക്ഷരമോരോന്നായ്
ചൊരിയും കാലം വന്നിടുമോ…