Bobby Xavier*
ഒരുവിഭാഗം മനുഷ്യർ പലപ്പോഴും ആമകളാണെന്നു തോന്നാറുണ്ട്…….വാർത്തമാനകാലത്തിനൊപ്പംഎത്രയിഴഞ്ഞാലും ഒപ്പമെത്താൻ സാധിക്കാത്ത കട്ടിയായ പുറന്തോടുള്ള ജന്തുക്കൾ….
എത്ര ഉയരത്തിൽ നിന്ന് വീണാലും നാലുകാലിൽ വീഴുന്ന പൂച്ചയാകാനുള്ള ശ്രെമങ്ങൾക്കിടയിലും തലയുള്ളിലേക്ക് വലിച്ചു പിന്നെയും നിശബ്ദരാകുന്നവർ……പറയാനുള്ളത് പലതും പറയുമ്പോൾ വാക്കുകൾ ചിതറിപ്പോകുകയും എഴുതാനിരിക്കുമ്പോഴും കടലാസുതുണ്ടുകൾ കീറിയിടാനുള്ള ചവറ്റുകൊട്ട ആദ്യമേ എടുത്തുവയ്ക്കുകയും ചെയ്യുന്നവർ….
ഉപേക്ഷിക്കാനാവാത്ത പലതിനെയും മെരുക്കുവാനുള്ള ശ്രമങ്ങളിൽ പുലിയായി, നരിയായി, പിന്നെ സ്വന്തം മാളത്തിലൊളിക്കുന്ന എലികളായി മാറുന്നവർ……ചിരപരിചിതമായ വഴികളിൽ പലതും ഓർമ്മകളിൽ നിന്ന് പോകാതിരിക്കാൻ ഓരോ നേർത്ത കാൽപ്പാടുകളെയും മനസ്സിൽ ഇടയ്ക്കിടെ വരച്ചു കറുപ്പിക്കുന്നവർ……
പിന്നിലെവിടെയോ ഇരുട്ടിൽ മിന്നായംപോലെ മറഞ്ഞുപോയ കള്ളനായ ഭൂതകാലത്തിലെ രാത്രിസഞ്ചാരങ്ങളിലേക്ക് തനിയെ നടക്കുന്നവർ……കാടയായ കാടൊക്കെ പച്ചയാണെന്നും കാട്ടിലെ ഓരോമരവും ഒറ്റയ്ക്കൊറ്റയ്ക്കാണെന്നും അറിയാതെപോയ കാലത്തെക്കുറിച്ചു ഓർത്തു തപിക്കുന്നവർ…….
പുറത്ത് കത്തുന്ന വെയിലിൽ സൂര്യകാന്തികൾ വിടർന്നു നിൽക്കുമ്പോഴും മനസ്സിന്റെ മഞ്ഞുകാലമായ മടുപ്പിൽ തണുത്തുറഞ്ഞു ജീവിക്കുന്ന ഓരോ മനുഷ്യനെയും ആമയെന്നെല്ലാതെ പിന്നേയെന്ത് വിളിക്കാൻ….!!