അശോകൻ പുത്തൂർ*

സ്കൂൾ മുറ്റത്തുനിന്നും
കൗമാര വിസ്മയങ്ങളിൽനിന്നും
പൊതിഞ്ഞു കൊണ്ടുവന്ന
കളിചിരികളുടെ മണം
ഇപ്പോഴും ഇടയ്ക്കൊക്കെ
തുറന്നു മണപ്പിച്ച്
വീണ്ടും പൊതിഞ്ഞുവയ്ക്കും…….
ഓർമ്മകളിൽ
ചില ചാവേറുകളുണ്ട്.
ആൾതിരക്കിലോ നിശബ്ദതയിലോ
പതിയിരിക്കുന്നവ.
രുചിയോ ഗന്ധമോ ആയി
കൊതിപ്പിക്കുന്നവ മോഹിപ്പിക്കുന്നവ
തീപോലെ കത്തുന്നവ……..
അവസാനബഞ്ചിൽ വാടിത്തളർന്ന്
കടുകും മുളകും പൊട്ടിതുടങ്ങുമ്പഴേ
ഉപ്പുമാവിൻ മണത്തിലേക്ക് ഇറങ്ങിയോടും
വിശപ്പോർമ്മകൾ………
സ്നേഹം പകുത്തുണ്ണേണ്ട കാലത്ത്
കനൽ വാരിത്തന്ന്
പുളിവാറൽ ചുഴറ്റി
മൗനത്തിലോട്ട് വഴിനടത്തിച്ച
അച്ഛനോർമ്മകൾ.
സങ്കടങ്ങളുടെ
നിറുകയിൽ തിരുമ്മാൻ
സഹനങ്ങളുടെ രാസനാദി തിരഞ്ഞ്
അയൽവീടുകളിൽ
തെണ്ടിത്തിരിയുന്നുണ്ട്
എല്ലുംതോലുമായ ഒരു അമ്മയോർമ്മ.
പനിച്ചൂടിൽ ഞെട്ടിവിറച്ച്
കരൾ കെട്ടിപിടിച്ചുറങ്ങുന്നുണ്ടിപ്പൊഴുമൊരു
ഏഴാം ക്ലാസ്സുകാരി……
വിരുന്നിനും സിനിമയ്ക്കുമൊപ്പം
സ്നേഹം ഊട്ടിയുറക്കി
പ്രണയത്തിന്റെ മൂന്നാംവളവുവരെ
കൂട്ടുപോരുന്നുണ്ടൊരു കണ്ണോർമ്മ……
തോരാതെപെയ്യുന്ന
സങ്കടപ്പെയ്ത്തുകൾക്കിടയിൽ
ഇങ്ങനെയുള്ള ചെറുപൊതികൾ
പലരും കരുതുന്നുണ്ടാകാം
അറുപതിലും
ആറിന്റെ നിഷ്കളങ്കതയോടെ.
ഊന്നുവടിയോ
മുറിബീഡിക്കുറ്റിയോ
പുതപ്പോ പ്രണയമോ ആയി…

By ivayana