പുഷ്പ ബേബി തോമസ്*

പെണ്ണിന്റെ നാൽപതുകളെ കുറിച്ച് എല്ലാവരും വാചാലരാണ് . രണ്ടാം മധുവിധു …. ലഹരി പൂത്തുലഞ്ഞ കാലം .. പ്രണയിക്കാൻ പറ്റിയ സമയം … വിശേഷണങ്ങൾ ഏറെ …….
ശരിയാണ്; ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങിയതും, അറിഞ്ഞു തുടങ്ങിയതും, എന്നെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും, സ്വതന്ത്രയായതും ….. ഇപ്പോഴാണ്.

എന്റെ ഇഷ്ടങ്ങളെ ധൈര്യപൂർവ്വം തുറന്നു പറയാനും, എനിക്കായി ജീവിക്കുന്നതും ഇപ്പോഴാണ്. എന്റെ കണ്ണുകളിലെ തിളങ്ങുന്ന പ്രണയം നിങ്ങൾക്ക് കാണാനാവുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളിലെ പാഴായ സ്വപ്നങ്ങളാണ് അവയെന്ന് നിനക്ക് തിരിച്ചറിയാനാവുന്നില്ല. അത് നിന്റെ കുഴപ്പമല്ല.

ഞാൻ പിന്നിട്ട നാല് പതിറ്റാണ്ടുകൾ … നിങ്ങൾക്ക് ഞാൻ പരിചിതയാവും മുന്നേ … ഞാനൊരു കണികയായി അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോൾ …
പെണ്ണായ എന്റെ അമ്മ … അവരുടെ സന്തോഷം, ഗർഭാലസ്യങ്ങൾ , കഷ്ടപ്പാടുകൾ സംഭാഷണമായും … നെടുവീർപ്പുകളാലും അമർത്തിയ ചിരിയായും ഞാനറിയുന്നുണ്ടായിരുന്നു .
എന്തോ…. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി എന്റെ അച്ഛനമ്മമാർ പെൺകുഞ്ഞിനെ ആഗ്രഹിക്കുന്നു എന്നത് എനിക്ക് ഏറെ പ്രതീക്ഷയും ആഹ്ലാദവും നൽകി.

ആശുപത്രിയിൽ പ്രസവമുറിയുടെ മുന്നിൽ ആകാംക്ഷയോടെ കാത്തിരുന്ന പ്രിയപ്പെട്ടവരുടെ കൈയ്യിലേക്ക് പഴന്തുണിയിൽ പൊതിഞ്ഞ പെൺകുഞ്ഞിനെ ലഭിച്ചപ്പോൾ പാതി തുറന്ന എന്റെകണ്ണുകളിൽ അവരുടെ പ്രതീക്ഷയുടെ … സന്തോഷത്തിന്റെ … തിളക്കം ഞാൻ കണ്ടിരുന്നോ ????

ആൺ -പെൺ വേർതിരിവ് ഇല്ലാതെ വളർന്ന ശൈശവവും ബാല്യവും . വേഷത്തിൽ മാത്രമായിരുന്നു വേർതിരിവ് ( എന്ന് ഇന്നും തോന്നുന്നില്ല )
പൂത്തുമ്പിയായി പാറി നടന്ന ആദ്യ പത്താണ്ടുകൾ… വിലക്കുകളില്ലാതെ .. വേർതിരിവുകൾ ഇല്ലാതെ….
പുത്തൻ അനുഭവങ്ങൾ … ജീവിതത്തിലേക്കുള്ള ആദ്യ ചുവടുകൾ … വഴി കാണിച്ചു തരാൻ … കൈ പിടിച്ചു നടത്താൻ … സ്േനഹം പകരാൻ…. ശാസനകളും … ഉപദേശങ്ങളും … നിർദ്ദേശങ്ങളും … തലോടലും … കുഞ്ഞടികളുമായി … എന്റെ വളർച്ചയിൽ താങ്ങായി നിന്നവർ … ബന്ധങ്ങളുടെ മാധുര്യം അറിഞ്ഞ നാളുകൾ …

പുതിയ അന്തരീക്ഷം …. പള്ളിക്കൂടം … അക്ഷരങ്ങൾ .. അദ്ധ്യാപകർ …. കൂട്ടുകാർ …. എന്റെ ലോകം വളരാൻ ആരംഭിച്ചു
പത്താണ്ട് കഴിഞ്ഞപ്പോൾ…. എന്നിലെ കൗമാരക്കാരി പുറത്തു വന്നപ്പോൾ … പുത്തൻ മാറ്റങ്ങൾ … കുട്ടുകാരുമായുള്ള രഹസ്യങ്ങൾ …. പെണ്ണായതിന്റെ ആഹ്ലാദം … ശരീരിക മാറ്റത്തിനൊത്തുള്ള വൈകാരികവും സാമൂഹികവുമായ മാറ്റങ്ങൾ … അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളിലെ തിളക്കം തിരിച്ചറിയാതെ പോയ .. എന്റെ സ്വകാര്യമായ നഷ്ടനൊമ്പരം .. പുത്തൻ കലാലയങ്ങൾ …. അന്തരീക്ഷങ്ങൾ … സൗഹൃദങ്ങൾ …. മോഹങ്ങൾ …. സ്വപ്നങ്ങൾ …..
മാറ്റങ്ങളുടെയും മോഹങ്ങളുടെയും പതിറ്റാണ്ട് ……

സ്വപ്നം കണ്ട ഭാര്യാപദവിയാണ് മൂന്നാം പതിറ്റാണ്ടിലെ പ്രധാന സംഭവം ….. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആഗ്രഹിച്ചതൊക്കെ ഇപ്പോ പൂവണിയും എന്നായിരുന്നു പ്രതീക്ഷ …. താൻ ഒരു ഭാര്യ മാത്രമാണെന്ന തിരിച്ചറിവ് … .. ജനിച്ച വീട്ടിലും ചെന്നു കയറിയ വീട്ടിലും വിരുന്നുകാരി ….. സ്വപ്നങ്ങളെ ഏകാന്തതയിൽ കണ്ണീരായി അലിയിച്ചു കളഞ്ഞ് കൂട്ടുകാരന്റെ ഇഷ്ടങ്ങളെ … സ്വപ്നങ്ങളെ .. അറിഞ്ഞ് ജീവിക്കുക…….
പുതിയൊരു ഞാൻ പിറവിയെടുത്തു ഇക്കാലം….

ഒപ്പം പുതിയ മറ്റൊരു പദവി കൂടി; അമ്മ
മുപ്പതുകളിൽ ഞാൻ എന്നെ മറന്നു തുടങ്ങിയിരുന്നു.. കുഞ്ഞുങ്ങൾ … അവരായി ലോകം … അവരേക്കാൾ വാശിയുള്ള കൂട്ടുകാരനും . കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കാറുണ്ടെങ്കിലും ഒന്നു കണ്ണാടിയിൽ നോക്കാൻ പോലും മറന്നു …. അശ്രദ്ധമായ വേഷം …. മറവി …. പൊട്ടിത്തെറികൾ …’ഞാൻ ” എവിടെയോ നഷ്ടമായി ..

നിങ്ങൾ പറയുന്ന ഈ നാൽപതുകളിൽ ഞാനല്പം സ്വതന്ത്രയാണ് … എനിക്ക് എന്നെ തിരിച്ചു കിട്ടിയ ചെറിയ കാലയളവ് ആണ്. മക്കൾ അവരുടെ കാര്യങ്ങൾ ചെയ്യാറായി … അമ്മ അവർക്കിപ്പോൾ അത്ര അവശ്യവസ്തു ഒന്നും അല്ല. ഭർത്താവും ഔദ്യോഗിക കാര്യങ്ങളിൽ തെരക്കാണ്. ഭാഗ്യം … എനിക്ക്‌ ഞാനാവാൻ സാധിച്ചു . .. എന്റെ സ്വപ്നങ്ങളെ വിളിച്ചുണർത്തി … സൗഹൃദങ്ങളെ വീണ്ടും കണ്ടെത്തി….. വീണ്ടും ഒന്ന് പറക്കാൻ …..

ഒരു ചെറിയൊരു ഇടവേള…..
ഇടവേള മാത്രം !
വരും കാലങ്ങളിൽ മക്കൾക്ക് എന്നെ വീണ്ടും ആവശ്യമായി വരും …. ഞാനും കാത്തിരിക്കുന്നുണ്ട് .. കുഞ്ഞുമക്കൾക്ക് അമ്മൂമ്മയാവാൻ ..
അതും കഴിഞ്ഞ് വീണ്ടും ഞങ്ങൾ തനിച്ചാവുന്ന ഒരു നാളുണ്ട്. … അന്നാവും ഞങ്ങൾ ഏറ്റവും നന്നായി ജീവിക്കുക …… കണ്ട സ്വപ്നങ്ങളൊക്കെ ജീവൻ വയ്ക്കുക …

ഫോട്ടോ : ലേഖ സൂസ്സൻ ജേക്കബ്

By ivayana