കവിത : സുദർശൻ കാർത്തികപ്പറമ്പിൽ*

എത്രകവിതകൾ രചിച്ചുഞാൻ;
മർത്യദുഃഖസാന്ദ്രമായ്‌സദാ
സ്നിഗ്ദ്ധഹൃദയവീണയിൽ വിരൽ
തൊട്ടുപാടിടുന്നതൊക്കെയും
കാലമാം കൊതുമ്പുതോണിയി-
ലേറിഞാൻ തുഴഞ്ഞുനീങ്ങവേ;
കാലെയെത്ര ജീവിതങ്ങൾതൻ
തോലുരിഞ്ഞ കാഴ്ച്ചകൾകണ്ടേൻ!
മഹിതതാള മന്ത്രസ്‌ഫുരിതമായ്
വിഹഗമെന്നപോൽ പറന്നുഞാൻ
കവനകാന്തിയായ് ജ്വലിച്ചിദം
സുവിമല പ്രതീക്ഷയാർന്നിതേ!
വിടപറഞ്ഞുപോയ പറവകൾ
ചിറകുചീന്തിവിട്ടപിറവികൾ
ഇവിടെയെത്ര വീരഗാഥകൾ
ധീരധീരമോതിയോർപ്പുനാം
ഇരകളായിമാറിടുമ്പൊഴും
കരൾപിടഞ്ഞു കേണിടുമ്പൊഴും
ഒരുതണൽ പകർന്നുനൽകിടാൻ
അരികിലായൊരാളുമില്ലഹോ!
പുലരിയെത്ര വന്നുമുന്നിലായ്
കൊടിയദുഃഖഭാരമേകിലും
അടിപിഴച്ചിടാതെ നിർഭയം
സടകുടഞ്ഞെണീൽപ്പു നാം സ്വയം
ഉറവവറ്റിടാത്ത ഖനികളായ്
തിറമൊടാത്മവഴികൾ പൂകിടാൻ
അറിവുനമ്മെ നമ്മളെപ്പൊഴും
നിറവെഴും മനസ്സുമായ് മുദാ
നേടിടാത്തതൊക്കെനേടിടാൻ
തേടി നാം നടന്നവീഥികൾ
കൂരിരുൾ നിറഞ്ഞതാകിലും
നേരിലെത്ര പുൽകിനിർദയം!
പടുതയോടു പടകൾവെട്ടിടാൻ
കൊടുമതൻ കരങ്ങൾനീട്ടിടാൻ
പടഹഭേരികൾ മുഴക്കിനാം
അടികൾവച്ചുയർന്നു നാൾക്കുനാൾ
ഒടുവിലെന്തു നേടിയോർപ്പുനാം
മടിയിലൊന്നുപരതിനോക്കുകിൽ !
അടിമയെന്നതിന്റെയപ്പുറം
ഇവിടെയെന്തു നൽകിജീവിതം?
തിരികെടുന്ന നേരമെങ്കിലും,
ചിരിപൊഴിച്ചുപാടുകേവരും
കരൾകടഞ്ഞെടുത്ത സത്തുമായ്
കവിതയൊന്നുപാടുകേവരും
ഉടൽതരിച്ചു നിന്നകാലമേ;
കുടപിടിച്ചു ഞാൻനിനക്കയേ
വിടനഖരമുനകളാലെനീ
ചുടുനിണം ചുഴന്നെടുക്കയോ?
ഇരുളടഞ്ഞ വഴിയിലൂടെനാം
ഇരുമനസ്സുമായ്‌ നടന്നതും
ഒരുമ കൈവെടിഞ്ഞിടഞ്ഞുനാം
കരുണയറ്റുറഞ്ഞുലഞ്ഞതും
പടിയിറങ്ങിയൊടുവിൽ ജീവിതം
ക്ഷണികമെന്നറിഞ്ഞിടുമ്പൊഴും
പടവുവെട്ടിയടികൾ വച്ചുനാം
അടവുകൾ പയറ്റിയെത്രനാൾ!
തനിച്ചിരുന്നൊരച്യുതികളെ;
നിനച്ചിടുന്നുഞാനനന്തതേ
പനിച്ചു ജന്മമെത്രയങ്ങനെ;
ജനിച്ചുമണ്ണടിഞ്ഞുമായണം
ഉടൽവെടിഞ്ഞുപോയ പ്രാണനായ്
കുടമുടച്ചുദകമേകവേ;
നൊടിയിടയിലതുഭവിച്ചിടാം,
വിടുതലില്ലൊരാൾക്കുമോർക്കുകിൽ!
എവിടെനിന്നു നമ്മൾവന്നതീ,
ഭുവിയിലെന്നതാർക്കറിഞ്ഞിടാം!
ഒടുവിൽ നമ്മൾ ചെന്നുചേർന്നിടും;
ഇടമതെവിടെ,യാർക്കറിഞ്ഞിടാം!
അകിലുപോലെരിഞ്ഞു ജീവിതം,
സകലജീവികൾക്കുമൊന്നുപോൽ
പകലിരവുകൾ മറന്നുനാം
പകരുകനിതരാത്മസൗഹൃദം
കാടുകത്തിടുന്ന വേളയിൽ,
കൂടൊരുക്കിടുന്നപക്ഷിപോൽ
നാമുണർന്നിടുന്നിതൂഴിയിൽ
കാമനതൻ പാഴ്കിനാക്കളായ്!
സ്നേഹമെന്നൊരാത്മഗീതകം
വേദമന്ത്രമെന്നപോൽചിരം
ലോകമാകെയും മുഴക്കിടാൻ
ആകുമെങ്കിലെത്ര ധന്യർനാം
വെന്നുയർന്നുപാറിടുമ്പൊഴും
ഒന്നറിവു,നാം നിഗൂഢമായ്
മന്നിലെത്രകാലമെന്നതിൻ
പിന്നിലായ് തെളിഞ്ഞിടും പൊരുൾ!
വിരഹദുഃഖമാർന്നുഴന്നിടും
നരനുനൽകുകാത്മശാന്തി നാം
പരനു,നന്മചെയ്തഹർനിശം;
പരമപൂജ്യരായുയർന്നിടാം
ഉലകമാകെയെന്റെചിന്തകൾ
ഉലകളൂതിയുജ്വലിക്കിലും
കരളിൽ നിന്നകന്നുപോകുമോ,
വിരവിൽ ദുഃഖസാന്ദ്രവീചികൾ?
കരയുവാനൊരിറ്റുകണ്ണുനീർ
കണമെനിക്കുനൽകണേ ഭവാൻ
അഴൽപെരുത്തുപുകയുമെന്മനം
പഴുതടച്ചുനീക്കണേഭവാൻ
കുളിരുലാവിനിന്നൊരവനിയിൽ
തെളിനിലാവു‌പൂത്തരജനിയിൽ
നളിനചാരു ദളപുടങ്ങളായ്
പുളകമാർന്നു പുഞ്ചിരിച്ചുഞാൻ
തിരികൾനീട്ടി നിന്റെ നീൾമിഴി
സുരുചിരാഭയാർന്നുകാണ്മുഞാൻ
ഹരിതകോമളാത്മശാഖിയായ്
തരളമെന്നിൽ നീതളിർപ്പുഹാ!
തിരികെടാതെരിഞ്ഞുകത്തിടും
ഒരു ചെരാതുപോലനാരതം,
കരുണതന്നമൃതവർഷമായ്,
നിരുപമപ്രഹർഷമേകുനാം
ഇലപൊഴിച്ച പാഴ്മരങ്ങളേ,
നിലപിഴച്ചജീവിതങ്ങളേ
വലയിൽ വീണുഴന്നിടുമ്പൊഴും
തലയുയർത്തി നിൽക്കുകെപ്പൊഴും
വരണമാല്യമേന്തിനിൽപ്പുനാം
മരണമേ,നിനക്കുചാർത്തിടാൻ
അരിയനിൻ കരങ്ങൾ ചേർത്തിടാൻ,
വിരുതൊടെത്തിടുന്നു കാലവും!
കരുതിവച്ചതൊക്കെവ്യർത്ഥമായ്
നരകതുല്യമാർന്നുഴൽകയോ?
ചിതലരിച്ച മോഹമൊക്കെയും
ചിതയിൽവീണെരിഞ്ഞടങ്ങയോ?
കടലുപോലിരച്ചുപൊന്തിടും
കുടിലചിന്തകൾ വെടിഞ്ഞുനാം
കനകതാരകങ്ങൾ പോലവേ;
ഇനിയശോഭയാർന്നുയർന്നിടൂ
പരിഭവിച്ചിടാതാനർഗളം
ചിരിതെളിഞ്ഞമുഖ വിശുദ്ധിയാൽ
പരമപുണ്യമാർന്നുയിർപ്പുനാം
പരിചൊടാത്മ ശക്തിപൂണ്ടിടാൻ.

By ivayana