ഉണ്ണി കെ ടി*
നല്ല സ്വപ്നങ്ങൾ കണ്ട്,
സ്വപ്നത്തിലെ നന്മകണ്ട് നന്മയിലെ
നല്ലയിടത്താരൂഢംപണിത്
ആരൂഢത്തിലമർന്ന് തലപ്പാവണിഞ്ഞ്
അംശവടിചുഴറ്റി അങ്കലാപ്പൊഴിഞ്ഞ്
ദൈവം വാണു….!
പകൽ തെളിഞ്ഞും രാവിരുണ്ടും
കാലം കളികളാവർത്തിച്ച് വിരക്തനായി…!
ജനിച്ചോ, മരിച്ചോ…, ഇടയിൽ ജീവിച്ചോ
എന്നുള്ള ചോദ്യങ്ങൾ മറന്ന് ഉത്തരങ്ങളെയുപേക്ഷിച്ച്
മാത്രാശല്കങ്ങളെപ്പൊഴിച്ച് കാലവും
നിർമ്മമതയോടെ ചാവികൊടുത്തുവിട്ട പാവയെപ്പോലെ
ദൗത്യങ്ങളിൽ നിരതനായി നൈരന്തര്യം കാത്തുപോന്നു….!
ചിട്ടപ്പെടുത്തിയ ചട്ടക്കൂടുകൾക്കുള്ളിൽ
എല്ലാം ഭദ്രമെന്ന സൃഷ്ടാവിന്റെ അമിതമായ വിശ്വാസം ശീര്ഷാസനം ശീലിച്ചു.
എല്ലാം തകിടം മറിയുമ്പോൾ ഭൂമി നിലവിളിച്ചുതുടങ്ങും…!
നാഥാ ഉണരൂ എന്ന നിലവിളി
നാലുദിക്കിലുംതട്ടി പ്രതിധ്വനിക്കുമ്പോഴും
യോഗസമാധി അനന്തമായി നീണ്ടു…!
രോഗാതുരയാം വസുധ കായകല്പചികിത്സയ്ക്കായി
കൊതിക്കുമ്പോൾ സുന്ദരിയുടെ
അംഗോപാംഗം മുരടിക്കൂന്നതും
ശുഷ്കിക്കുന്നതും കണ്ടുള്ളാലെയവൻ ചിരിച്ചു…!
വിളിച്ചിട്ടും കേൾക്കാത്ത ദൈവത്തെ
പൂട്ടിയിടാൻ കമനീയാകൃതിയിൽ
കാരാഗൃഹങ്ങൾ പണിത് മാന്യസ്ഥാനമിതാ മാളോരേ
എന്നൊരു മുട്ടൻ നുണയും കൊണ്ടോട്ടയടച്ചവനെ ബന്ധിതനാക്കി…!
പ്രതിഫലംപറ്റിയും ശുപാർശകളനുസരിച്ചും
പരിഗണിച്ചും ദൈവം ധന്യനായി, ധനികനും…!
അടഞ്ഞ വാതിലിനുപിറകിൽ ഉണ്ടുനിറഞ്ഞ്,
തെരുവിൽ തുറന്ന ആകാശത്തിൻറെ കീഴെ
വിശന്നുകരയുന്ന കുരുന്നൊരപരാധിയാകുന്ന
നേരംകൊല്ലി നർമ്മം നെയ്തെടുത്തവൻ മോദംകൊണ്ടു….!
ഉണ്ടുറങ്ങി നിഷ്‌ക്രിയനായവൻ ഊർദ്ധ്വൻ വലിക്കുന്നവന്റെ
ശ്വാസത്തിലൂഞ്ഞാലാടി ഉണ്മയുടെ ഉണർത്തുപാട്ടിന്റെ വ്യർത്ഥപാഠങ്ങൾ
യുഗഗാഥയായേകി ചാരിതാർത്ഥനായി…!