കവിത : മനോജ് KC ✍️
ഇവളെൻ സതീർത്ഥ്യ…
ചിരി മാഞ്ഞു പോയൊരാ വദനത്തിലാകെ കരിവാളഭാവം പടർന്നു നിന്നു…
വിറയാർന്ന ചുണ്ടിന് പറയുവാനൊന്നും –
ബാക്കിയില്ലാത്തൊരു…
ഗതകാല ഹുങ്കിന്റെ തടവുപോലെ…
കഷ്ടതമൂടിയ നേരമാണെങ്കിലും
വിട ചൊല്ലിടാനായി മടി പോലെ തോന്നിടും പഴയ അഹന്തതത്തിരുശേഷിപ്പുകൾ… മുഖദാവിലാകെത്തുടിച്ചു നിന്നു…
ചിലരിങ്ങനെയാണാവോ…
കഷ്ടത വന്നാലും മാരി പിടിച്ചാലും…
വാശിയേം ഹുങ്കിനേം കൈവിടാതെ…
ഏവരുമൊരുപോലെ ജാഗ്രത പൂണ്ടങ്ങ് ശ്രമകരമായി നടന്ന കാലേ…
നാടുകൾ തോറും ചുറ്റിയടിച്ചവരിരന്നു വാങ്ങിയാ –
കുഞ്ഞിനം മാരിതൻ വിത്തൊന്നിനെ…
പിന്നെ തങ്ങളിൽ തങ്ങളിലന്യോന്യമന്യോന്യം പങ്കുവെച്ചു…പകുത്തെടുത്തൂ…
രോഗദുരിതത്തിലാകെ പിടഞ്ഞമർന്നു
ആ അന്തകനണുവിന്നധിനിവേശം…
തെല്ലുവല്ലാതുലച്ചിട്ടു അച്ചെറു ഗേഹത്തെ…
നിത്യനിദാനം ഞെരുങ്ങി നീങ്ങി…
വരുമാനമാർഗ്ഗത്തിൽ നന്നേ മുട്ടി…
ഗതികെട്ട ശ്രേണിക്കയത്തിലാക്കി…
ചിരിയില്ല…
കളിയില്ല…
കാര്യങ്ങൾ കൈവിട്ടു…
പകലന്തിയോളമൊരേ വിഷാദം
മിണ്ടാമില്ലൊരേ മൗനം ഭുജിച്ചവർ…
ഗതിവിട്ട പട്ടത്തിൽ വാലുപോലെ…
അതിന്നാശ്വാസമേകുവാൻ വന്നോരേയൊക്കെയും
അവളുടെ…
എൻ സതീർത്ഥ്യയുടെ…
താൻ…താനെന്നഭാവമകറ്റി മാറ്റി…
തെല്ലതു നോക്കാതെ നാട്ടിലെ സേവകകൂട്ടം
ദൗത്യവീര്യത്തോടെ
വേണ്ടപോൽ കാത്തത്…
പുത്രഭാഗ്യം…
മിത്രദൗത്യം…
അവർ വെക്കമീക്കൂട്ടരെ ശുശ്രുതവാഹനത്തിങ്കലേറ്റി…
പറന്നു നേരേ… നഗരയാതുരാലയത്തിന്നൊരാരോഗ സെല്ലിന്നകത്തളത്തിങ്കലെത്തിച്ചു…
പാകമോടെ…
ചികിത്സാന്തരം വീടു പൂകിയെന്നാകിലും
പിന്തുടർന്നഴൽ മൂടിയീ രോഗശേഷമെന്നപോലെ…
പിറുപിറുത്തും മുടിയാകെ മാന്തിപ്പറിച്ചും പുലമ്പി പലവിധം
രോഗശമാനാന്തര വിഭ്രാന്തി പോൽ…
ശാന്തത കൈവിട്ട്…അലറി വിളിച്ചും…
കിതച്ചും…
മുറികൾതോറും മാറിയോടി നടന്നവൾ…
പിന്നെ ശീഘ്രം കിടക്കതൻ കീഴെ
ഒരു പതിതയാം ഭ്രാന്തിയായി കുടിയിരുന്നു…
വന്നവർ വന്നവർ കിറ്റുകളും തുടരൗഷിധിയും…
ഭയമുള്ളിലെന്നപോൽ
ആ നാലുചുവരിൽ പടിവാതിന്മേൽ –
വെച്ചു…പടിയിറങ്ങി…
രോഗിയെ കാണുവാനെത്തിയോർ നൽകിയ
ആശ്വാസവാക്കിനോ കാതു നൽകാതെയും…
കാണാത്ത ഭാവം നടിയ്ക്കയായ്…
രോഗശാന്തിയ്ക്കു ശേഷം…
കൂട്ടുകാരേകിയ ശമനശാസ്ത്രങ്ങളിലൊന്നിൽ പോലും…
നോക്കാതെ…ചെയ്യാതെ…തഴഞ്ഞു തള്ളി…
കാലിൽ നിവരുവാൻ കഴിവതില്ല…
കയ്യിൽ ചിലവാക്കാനൊന്നുമില്ല…
നീട്ടിയ ഹസ്തങ്ങൾ ഒന്നുമറ്റൊന്നായി
പാടെ തടുത്തവൾ വാശിയോടെ…
അപ്പൊഴുമുള്ളിലൊരേ ചിന്ത… ആരോയറിഞ്ഞങ്ങു
നൽകിയതാകുമോ ഈ മഹാമാരിയെ…
വേപഥുപൂണ്ട നിറകണ്ണുമായ്…
ഒറ്റയിരുപ്പും… കണ്ണുപൂട്ടിയടച്ച പിറുപിറുപ്പും ….
ഈ ദൈന്യത കാൺകേ നമ്മളേകുന്ന സ്നേഹമവൾക്കൊരു ഭാരമാകാമെന്ന്…
തോഴിമാർത്തമ്മിൽ… ചൊല്ലിപ്പിരിഞ്ഞകന്നെങ്കിലും…
ദൂരെയൊരാൾ…അങ്ങ് ദൂരെയങ്ങ്…
തൻ തോഴി മുഖാന്തിരമേകിയ –
കത്തിനാൽ…
തെല്ല് ധനാശ്വാസമാർഗ്ഗം വഴിയൊരുങ്ങി…
ദൂരെ ഓരോ നിമിഷവും
പ്രാർത്ഥിച്ചതിൻ ഫലം…
എന്തോ…മഹാപുണ്യമാകാം –
കുന്നായ്മയൊന്നുമേ കാട്ടാതെയാക്കത്തു ചെറുപുഞ്ചിരിയോടെവൾ വാങ്ങിപഠിച്ചങ്ങ്…
തിരികെയേല്പ്പിച്ചു തൻ തോഴി പക്കൽ…
പിന്നെ കാത്തു നിന്നില്ലയാത്തോഴി…
മാർക്കറ്റ് പൂകി…. വേണ്ടപോൽ…വേണ്ടപോൽ…
വേണ്ടപോലെല്ലാം വാങ്ങിവന്നു…
ശേഷം കടങ്ങളോരോന്നായി
തീർത്തതിൻ ബാക്കിയാ –
മേശവലിപ്പിൽ തിരുകിവെച്ചു…
ഇക്കാലമീ മഹാമാരി കാലം
കഷ്ടതക്കുണ്ടിനാലഷ്ടിമുട്ടി…
ഒരു ഗതി പലഗതി ചതുർഗതിയില്ലാതെ
സ്തബ്ധമാം…
വീടുകൾതോറുമാ
ദൂരെയൊരാളയാളതാവതു
ചെയ്തു പതിയെ നീങ്ങി…
കാലനിയോഗിച്ചരവധൂതനേ പോലെ
പിൻവാക്കിനൊന്നുമേ… ‘
കാത്തുനിൽക്കാതെ നടന്നു നീങ്ങി…