കെ. ആർ.രാജേഷ്*
യൂറോപ്പിലും,ലാറ്റിനമേരിക്കയിലും കാല്പ്പന്തുകളി സീസൺ അരങ്ങു തകർക്കുമ്പോൾ അതിന്റെ ആവേശം കോമളംകോയയുടെ രാത്രികളെ ഉറക്കംക്കെടുത്തി ടെലിവിഷൻ സ്‌ക്രീനിനുമുന്നിൽ തളച്ചിടുക പതിവാണ്.
കിടപ്പുമുറിയിൽ നിന്നുയരുന്ന സുന്ദരമണിയുടെ പ്രതിഷേധങ്ങളെ ഇടംകാൽ കൊണ്ട് പുറത്തേക്ക് തട്ടി, അവസാന വിസിൽ മുഴങ്ങുന്നത് വരെ കോമളംകോയയിലെ ഫുഡ്‌ബോൾ പ്രേമി കാൽപ്പന്താരവത്തിൽ മെക്സിക്കൻതിരമാല കണക്കെ ഒഴുകിനീങ്ങിക്കൊണ്ടേയിരിക്കും, അതാണ് പതിവ്.
എന്നാൽ പോയരാത്രിയിൽ പതിവുകൾ തെറ്റി, കോപ്പഅമേരിക്കയിൽ അർജന്റീനയുടെ അരങ്ങേറ്റ മത്സരം കാണുവാൻ, രണ്ടരമണി നേരത്ത് അലാറം കേട്ടുണർന്ന കടുത്ത അർജന്റീന ആരാധകനായ കോമളംകോയ,കട്ടൻകാപ്പിയുമായി ടെലിവിഷന് മുന്നിൽ കുത്തിയിരുന്നപ്പോഴാണ് കേബിളില്ലന്ന സത്യം തിരിച്ചറിഞ്ഞത്,
കേബിളുകാരൻ കമലഹാസനെയും, ഓഫ് ചെയ്തുവെച്ചിരിക്കുന്ന കമലഹാസനഫോണിനെയും ആവോളം തെറിപറഞ്ഞുകൊണ്ട്, നിരാശയുടെ മൂടുപടമണിഞ്ഞ കോമളംകോയ കിടപ്പു മുറിയിലേക്ക് മടങ്ങി.
‘കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ.. കേബിൾ രാവിലെയെ ശരിയാകു’
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എസ്’ എന്ന അക്ഷരം പോലെ ചുരുണ്ടുകൂടി കിടന്ന സുന്ദരമണിയിൽ നിന്നും അരുളിപ്പാട് പുറത്തേക്ക് വന്നതോടെയാണ്, കേബിൾ കട്ടായതിന് പിന്നിലെ ഗൂഡാലോചനയുടെ മണം കോമളംകോയയിലേക്കെത്തിയത്.
“എല്ലാ മാസവും ഒന്നാം തിയതി കൃത്യമായി കാശ് കൊടുക്കുന്നതാണ്,എന്നിട്ട് അർജന്റീനയുടെ കളി വന്നപ്പോൾ കേബിളില്ല പോലും,
നേരം വെളുക്കട്ടെ കാണിച്ചുകൊടുക്കാം”
കമലഹാസനനോടുള്ള കലിപ്പ്, അരികിൽ കിടക്കുന്ന സുന്ദരമണിയിലേക്ക് ചൊരിഞ്ഞുകൊണ്ട് കോയ മൊബൈലിലേക്ക്.
“കാശ് കൊടുക്കുന്നവർ പറയുന്നതേ കമലഹാസൻ കേൾക്കു”
അതുവരെ ‘എസ് ‘ പോലെ കിടന്ന സുന്ദരമണി കിടപ്പിന്റെ ദിശ നേർരേഖയിലേക്ക് മാറ്റുന്നതിനിടയിൽ തുടർന്നു,
“രാത്രി മുഴുവൻ കോനാകുത്ത് കണ്ടിരിക്കും, എന്നിട്ട് ഉച്ചവരെ കിടന്നുറക്കം, വീട്ടിലേക്ക് വേണ്ടുന്ന എന്തേലും കാര്യം നിങ്ങൾ നോക്കുന്നുണ്ടോ മനുഷ്യാ, ഞാൻ പറഞ്ഞിട്ടാണ് കമലഹാസൻ കേബിൾ കട്ട് ചെയ്തത്, ഇനി രാവിലെ അവന്റെ തോളേൽക്കേറാൻ നിൽക്കണ്ട”.
ഇരുട്ടിന്റെ നിശബ്ദതയിൽ സുന്ദരമണി നടത്തിയ കുർബ്ബാന പ്രസംഗത്തിൽ നിന്നും,കേബിൾകട്ടായതിനു പിന്നിലെ ഗൂഡാലോചന പുറത്തുവന്നെങ്കിലും,
ആദ്യഘട്ട കോവിഡിന്റെ ആരംഭത്തിൽ ഗൾഫിൽ നിന്ന് ജോലി നഷ്ട്ടമായി നാട്ടിലെത്തിയ തന്നോട് കരണ്ടാഫീസിലെ ഉദ്യോഗസ്ഥയായ സുന്ദരമണിക്കുള്ള പുച്ഛം ആവോളമറിയാവുന്ന കോയ
ആത്മസംയമനത്തിന്റെ ഉന്നതനിലവാരം പുലർത്തി മൊബൈലിൽ കളികാണുവാനുള്ള ശ്രമങ്ങൾ തുടർന്നു.
കള്ളനും പോലീസും കളിക്കുന്ന മൊബൈൽ നെറ്റ് വർക്കിന് മുന്നിൽ കാൽപന്ത് കളി കറങ്ങിനിന്നപ്പോൾ കളികാണാമെന്ന മോഹം മൊബൈലിനൊപ്പം ഒരു മൂലയിലേക്ക് ഒതുക്കിവെച്ച കോയയുടെ ചിന്തകളിലേക്ക്,
ജോലിയില്ലാത്ത തന്നോട് സർക്കാർശമ്പളം വാങ്ങുന്നതിന്റെ തലക്കനം കാട്ടുന്ന സുന്ദരമണിയും, സുന്ദരമണിയുടെ നിർദ്ദേശം അപ്പാടെയനുസരിച്ചു കേബിൾ കട്ട് ചെയ്ത കമലഹാസനനും തികട്ടിവന്നു,
“ചാരായം കൊടുത്ത കൈക്ക് തന്നെ കമലാസൻ കൊത്തി”
ഒരിക്കൽക്കൂടി കേബിൾ വന്നോയെന്ന് പരിശോധിച്ചു നിരാശനായ കോമളംകോയ
രണ്ടുദിവസം മുമ്പ് കേബിൾക്കാശ് പിരിക്കുവാൻ വന്ന കമലഹാസനന്റെ കൈവിറയൽ കണ്ട് മനസ്സലിഞ്ഞു, വാറ്റുകാരൻ ഉമ്പായിയിൽ നിന്നും പൊന്നുംവിലക്ക് വാങ്ങിയ വെളുത്ത ദ്രാവകത്തിൽ നിന്ന് ഒരു ഗ്ലാസ്സ് ഒഴിച്ചു നല്കുവാൻ തോന്നിയ തന്റെ മനസ്സലിവിനെ ശപിച്ചു ഉറക്കത്തിലേക്ക് വഴുതിവീണു.
തൊട്ടടുത്ത പകലിൽ പതിവിലും നേരുത്തേ പത്തുമണിയോടെ ഉറക്കമുണർന്ന കോയയെ സ്വീകരിച്ചത് സ്വീകരണ മുറിയിലെ ടെലിവിഷൻ സ്‌ക്രീനിൽ ചാനലുകൾ മാറ്റിക്കളിക്കുന്ന സുന്ദരമണിയാണ്.
തലേന്ന് രാത്രിയിൽ കമലഹാസനനെ കൂട്ടുപിടിച്ചു തന്റെ കളികാണലിന് കടിഞ്ഞാണിട്ട സുന്ദരമണിയിപ്പോൾ ചാനൽ മാറ്റിക്കളിക്കുന്നത് കണ്ട് കോമളംകോയയുടെ വെറുംവയറ്റിൽ നിന്ന് അസ്വസ്ഥത ഉരുണ്ടുകയറിയെങ്കിലും, ഈ കെട്ടക്കാലത്ത് വീട്ടിലെ ഏക സാമ്പത്തികസ്രോതസ്സിനെ പിണക്കുന്നത് ബുദ്ധിയല്ലന്ന തിരിച്ചറിവിനാൽ അസ്വസ്ഥതയെ അടക്കിനിർത്തിയ കോയ തലേരാത്രിയിലെ അർജന്റീന ചിലി മത്സരത്തിന്റെ സ്ക്കോറിലേക്ക് കണ്ണോടിച്ചു,
മണിക്കൂറുകൾക്ക് മുമ്പ് അങ്ങ് റിയോഡിജനീറോയിലെ ഒളിമ്പിക്ക്സ് സ്റ്റേഡിയത്തിൽ അർജന്റീനയെ ചിലി സമനിലയിൽ തളച്ചതിന്റെ ബാക്കിപത്രമായി കടന്നുവന്ന,അർജന്റീനവിരോധികളായ സുഹൃത്തുക്കൾ വക ഫേസ്ബുക്ക്ട്രോളുകളെ,മെസ്സിയുടെ മഴവിൽ കിക്കിന്റെ മനോഹാരിത വർണ്ണിച്ചു പ്രതിരോധിച്ച കോയയുടെ ശ്രദ്ധ വളരെപ്പെട്ടന്നാണ് ടെലിവിഷനിൽ തെളിഞ്ഞൊരു ദൃശ്യത്തിലേക്ക് തെന്നിത്തെറിച്ചത്..
ഏറെക്കാലമായി നാടിനെ വരിഞ്ഞുകെട്ടിയ നിയന്ത്രണങ്ങളുടെ കയറിനെയറുത്തുമാറ്റിയ ദിവസമായതിനാൽ, ബിവറേജസ് ഔട്ട്‌ലറ്റുകളിൽ രൂപം കൊണ്ട തിരക്കുകളിലേക്കാണ് ചാനൽക്യാമറകൾ ചലിക്കുന്നത്,
രണ്ടായിരം രൂപ കൊടുക്കുമ്പോൾ ഉമ്പായി തന്നിരുന്ന ഒരു ലിറ്റർ വെളുത്തദ്രാവകം, സുന്ദരമണിയറിയാതെ മൂന്ന് നേരവും ഓരോ ഔൻസ് വീതം കുടിച്ച പഞ്ഞകാലത്തിനു വിടയാകുന്നു, ബിവറേജസിന്റെ വാതിലുകൾ വീണ്ടും തുറക്കപ്പെട്ടിരിക്കുന്നു, സത്യവാങ്മൂലത്തിന്റെ കനമില്ലാതെ പുറത്തേക്കിറങ്ങുവാൻ കഴിയും, പക്ഷേ സുന്ദരമണിയുടെ നിയന്തണ രേഖ ഭേദിച്ചു പുറത്തേക്ക് പോവുകയെന്നത് കോമളംകോയയെ സംബന്ധിച്ച് അത്ര എളുപ്പമല്ല, വളർന്നുകിടക്കുന്ന തന്റെ തലമുടി ഇത്തവണ കോമളംകോയക്ക് സഹായത്തിനെത്തി.
“മുടിവെട്ടുവാൻ മംഗളന്റെ സലൂണിൽ വരെ പോകുന്നു”
പുറത്തേക്കിറങ്ങിയപ്പോൾ ചോദ്യവുമായെത്തിയ സുന്ദരമണിക്ക് മുന്നിൽ കോയ തന്റെ സത്യവാങ്മൂലം സമർപ്പിച്ചു,
“വടക്കേലെ വിജയനോട് പറഞ്ഞാൽ അവൻ വീട്ടിൽവന്നു വെട്ടുവല്ലോ?”
യാത്രക്ക് തടസ്സമായി സുന്ദരമണിയുടെ എടങ്ങേറ് പിടിച്ച വാക്കുകൾ വീണ്ടും കടന്നുവന്നതോടെ, ഒരു നിമിഷത്തേക്ക് കോമളംകോയയുടെ സർവ്വനിയന്ത്രണങ്ങളും കൈവിട്ടുപ്പോയി,
“വിജയന് വെട്ടിപഠിക്കാൻ നിന്റെ അപ്പൻ അറുമുഖന്റെ തലകൊണ്ട് കൊടുക്ക്”
മറുവശത്ത് നിന്നുള്ള സുന്ദരമണിയുടെ മറുപടിക്കായി കാത്തുനില്ക്കാതെ ബൈക്കിൽ പുറത്തേക്ക് കടന്ന കോയ വടക്കേമുക്കിൽ വെച്ച് ആദ്യം കാണുന്നത് ഉമ്പായിയെയാണ്
“സാധനം അഞ്ഞൂറ് രൂപക്ക് തരാം കേട്ടോ, വേണേൽ വീട്ടിലും എത്തിക്കാം”
പതിവില്ലാത്ത ചിരിയുമായി ഉമ്പായി കോമളംകോയക്ക് മുന്നിൽ പുതിയ ഓഫർ മുന്നോട്ട് വെച്ചു
ഒരു നിമിഷം കോയയുടെ മനസിലേക്ക് ലോക്ക്ഡൗണിന്റെ ആരംഭ ദിനം മുതൽ ഇന്നലെവരെയുള്ള ഉമ്പായിയുടെ രീതികൾ ഓടിയെത്തി,
സാധനം ആവശ്യമെങ്കിൽ 24 മണിക്കൂർ മുമ്പ് ബുക്ക് ചെയ്യണം, രണ്ടായിരം രൂപ മുൻകൂറായി നല്കണം, സാധനം വാങ്ങുവാൻ ഉമ്പായി പറയുന്ന സ്ഥലത്ത് മണിക്കൂറുകൾ കാത്തുനില്ക്കണം, അങ്ങനെ അങ്ങനെ ഒരുപാട് ഫോർമാലിറ്റികൾ രൂപപ്പെടുത്തി രാജാവിനെപ്പോലെ വിലസിയ ഉമ്പായി ഒറ്റദിവസം കൊണ്ടിതാ നാലിലൊന്ന് വിലക്ക് വീട്ടിലെത്തിക്കാമെന്ന ഓഫറുമായി തന്റെ മുന്നിൽ നിൽക്കുന്നു.
“ഇനിയാർക്ക് വേണം നിന്റെ കോടവെള്ളം, കൊണ്ടുപോയി ബാത്‌റൂമിലെ ബാക്റ്റീരിയയെ കൊല്ലാനൊഴിക്ക്”
കിട്ടിയഅവസരത്തിൽ ഉമ്പായിക്ക് മേൽ പ്രകോപനത്തിന്റെ ഹെഡ്ഡർ തൊടുത്ത ശേഷം ബൈക്കിൽ മുന്നോട്ട് നീങ്ങിയ കോയയിൽ ആശയക്കുഴപ്പത്തിന്റെ വിത്തുമുളച്ചു തുടങ്ങിയിരുന്നു,
“ആദ്യം ബിവറേജിലേക്കോ?, സലൂണിലേക്കോ?”
മുടിവെട്ടാതെ ചെന്നാൽ സുന്ദരമണിയുടെ നാവിൽ നിന്നുള്ള ഇലഞ്ഞിത്തറമേളം കേൾക്കേണ്ടിവരുമെങ്കിലും, ആദ്യം കള്ള്, പിന്നെ മുടി എന്ന തീരുമാനത്തിലേക്കെത്തുവാൻ കോയക്ക് അധികസമയം വേണ്ടിവന്നില്ല.
കോമളംകോയ ബിവറേജിലെ നീണ്ടനിരയുടെ ഒടുവിലായി സ്ഥാനംപിടിച്ചപ്പോഴും കോയയിൽ നിന്നേറ്റ അപമാനത്തിന്റെ ഭാരവും താങ്ങി റോഡരികിൽ തന്നെ നിന്ന ഉമ്പായി അതുവഴി കടന്നുവന്ന കേബിളുകാരൻ കമലഹാസന് മുന്നിൽ മനസ്സിന്റെ ഭാരം മുഴുവൻ ഇറക്കിവെച്ചു.
“തിന്നുന്ന ചോറിനോടും, കുടിക്കുന്ന വെള്ളത്തിനോടും നന്ദികേട് കാട്ടരുതെന്നാണ് പ്രമാണം, കോയ കാണിച്ചത് നൂറു ശതമാനം തെമ്മാടിത്തരം തന്നെയാണ്”
ഉമ്പായിയുടെ നീറുന്ന മനസ്സിലേക്ക് കമലഹാസനൻ ഉപ്പുവെള്ളം വിതറി,
“ലോക്ക്ഡൌൺ കാലത്ത് ശരീരം വല്ലാതങ്ങ് മദ്യം ആവശ്യപ്പെട്ട സമയങ്ങളിലെല്ലാം, രക്ഷകനായത് ഉമ്പായിയാണ്, അത് ഈ കമലഹാസൻ മറക്കില്ല, നിങ്ങളെ അപമാനിച്ച കോയക്ക് മദ്യത്തിൽ തന്നെ പണികൊടുക്കാം, ഒരു അഞ്ഞുറു രൂപ മുടക്കേണ്ടിവരും”
അഞ്ഞുറു രൂപയെക്കാൾ വലുതാണ് ആത്മാഭിമാനമെന്ന തിരിച്ചറിവിൽ ഉമ്പായി കമലഹാസനുമായി നടുറോഡിൽ നിന്ന് കരാറൊപ്പിട്ടു.
ബിവറേജ്കൗണ്ടറിലേക്ക് ഏകദേശം അഞ്ചാൾ വ്യത്യാസത്തിൽ കോമളംകോയ എത്തിയനേരത്താണ് ക്യുവിന് വെളിയിൽ നിന്ന കമലഹാസന്റെ സ്നേഹപൂർവ്വമായ തലോടൽ കോയയുടെ തോളിലേക്കെത്തിയത്,
“അണ്ണാ ഒരു പൈന്റ് എനിക്കുടെ”
സുന്ദരമണിയുടെ വാക്ക് കേട്ട് ഇന്നലെ രാത്രിയിൽ കേബിൾകട്ട് ചെയ്തു തന്റെ കളികാണലിന് മുടക്കം വരുത്തിയവൻ ഇപ്പോഴിതാ ഒരു പൈന്റിനായ് തന്റെ മുന്നിൽ നില്കുന്നു,
പുറകിൽ പോയി ക്യു നില്ക്കാൻ പറഞ്ഞാലോ?
കേബിളും മദ്യവുമായി കൂട്ടിക്കുഴക്കണ്ട, പലരെയും കൊണ്ട് ഇതുപോലെ താനും വാങ്ങിയിട്ടുള്ളതാണ്, കോമളംകോയയിലെ ബിവറേജ്മര്യാദ ഉണർന്നു, മറുപടിയൊന്നും നല്കാതെ കമലഹാസന്റെ കയ്യിലെ അഞ്ഞുറു രൂപയും വാങ്ങി കോയ കൗണ്ടറിലേക്കടുത്തുകൊണ്ടിരുന്നു,
“മദ്യം വാങ്ങിയ സ്ഥിതിക്ക് മുടിവെട്ടൽ നാളേക്ക് മാറ്റിയാലോ”
ബിവറേജിൽ നിന്നിറങ്ങിയ കോയയിൽ അടുത്ത ചിന്തകൾ ചിതലരിച്ചു തുടങ്ങിയ നേരത്ത് തന്നെ സുന്ദരമണിയുടെ തുടർച്ചയായ ഫോൺകാളുകളും കോയയെ തേടിയെത്തിയതോടെ മുടിവെട്ടൽ നീട്ടിവെച്ചു കോയ വീട്ടിലേക്ക് മടക്കയാത്ര ആരംഭിച്ചു.
“മംഗളന്റെ സലൂണിൽ മുടിഞ്ഞ തിരക്കാണന്നെ,
ഫോൺവിളിച്ചു ബുക്ക് ചെയ്തവർക്ക് സമയം അനുവദിച്ചാണ് ഇപ്പോൾ വെട്ടുന്നത്,
എം. എൽ. എയുടെ ശുപാർശ ഉണ്ടേൽ പോലും ഇന്ന് വെട്ട് നടക്കില്ലന്നാണ് മംഗളൻ പറയുന്നത്,
എന്തായാലും നാളത്തേക്ക് മുടിവെട്ടാൻ സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ട്”
മടങ്ങിയെത്തിയ കോമളംകോയ സുന്ദരമണിയോടായി മുടിവെട്ടുമുടങ്ങിയതിന്റെ സാങ്കേതിക കാരണങ്ങൾ ആശ്ചര്യത്തിന്റെ ലേപനംപുരട്ടിയ വാക്കുകളാൽ വിശദീകരിച്ചു,
വിശദീകരണത്തിന് മറുപടിയെന്നോണം കോയയുടെ അരയിലേക്ക് നീണ്ട സുന്ദരമണിയുടെ ജെസിബികൈകളിൽ കുടുങ്ങിയത് ‘പഴയസന്യാസി’യുടെ ഒരു ഫുൾബോട്ടിലായിരുന്നു.
കോമളംകോയയുടെ പ്രതിരോധ ശ്രമങ്ങളെ പരാജയപ്പെടുത്തിയ സുന്ദരമണി ‘പഴയ സന്യാസി’യുമായി ബാത്‌റൂമിലേക്ക് നീങ്ങിയപ്പോൾ, വീണുപോയവന്റെ വിറങ്ങലിച്ച ഹൃദയവുമായി കോമളംകോയ പ്രതിമകണക്കെ നിന്നു,
‘പഴയ സന്യാസി’ യുടെ ആത്മാവിനെ യുറോപ്പ്യൻ ക്ലോസ്റ്റിന്റെ അഗാധതകളിലേക്ക് സുന്ദരമണി കുടിയൊഴിപ്പിക്കുമ്പോൾ, താൻ ബിവറേജിൽപ്പോയതും, മദ്യം വാങ്ങിയതുമൊക്കെ കെട്ടിയോളുടെ റഡാറിൽ പതിഞ്ഞതെങ്ങനെയെന്ന കോയയുടെ അന്വേഷണം സുന്ദരമണിയുടെ വാട്ട്സാപ്പിലേക്ക് നീണ്ടു,
വാട്ട്സാപ്പിലേക്ക് കണ്ണോടിച്ച കോയയുടെ കണ്ണിലാദ്യമുടക്കിയത് ഏതാനും ചിത്രങ്ങളായിരുന്നു.
ബിവറേജിലെ നീണ്ട ക്യൂവിൽ പ്രതീക്ഷയോടെ നിൽക്കുന്നതും, ലോകംകീഴടക്കിയവന്റെ സന്തോഷത്തോടെ മദ്യം വാങ്ങി കൗണ്ടറിൽ നിന്നിറങ്ങി വരുന്നതുമായ തന്റെ ചിത്രങ്ങൾ സുന്ദരമണിക്കയച്ചുകൊടുത്ത അഭ്യൂദയകാക്ഷിയുടെ പേര് കോയ ഉറക്കെവായിച്ചു.
“കേബിൾ കമലഹാസൻ”
കമലഹാസനയച്ച ചിത്രങ്ങൾ സ്വീകരിച്ച ശേഷം “കരുതലിന് നന്ദി” യെന്ന സുന്ദരിമണിയുടെ മറുപടി സന്ദേശം കൂടെ വായിച്ച കോമളംകോയ സ്വീകരണമുറിയിലെ സെറ്റിയിലേക്ക് ചാഞ്ഞപ്പോൾ,
‘പഴയ സന്യാസി’യുടെ ഭൗതികാവശിഷ്ട്ടത്തെ വേസ്റ്റ്ബോക്സിലേക്ക് തള്ളി യാതൊന്നും സംഭവിക്കാത്തമട്ടിൽ സുന്ദരമണി അടുക്കളയിലേക്കും നീങ്ങി.
അപ്പോഴേക്കും തലേദിവസത്തെ ചിലി x അർജന്റീന മത്സരത്തിന്റെ പുന:സംപ്രേഷണം ടെലിവിഷൻ സ്‌ക്രീനിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു.