അഞ്ചല്‍ ഉത്ര കൊലപാതകക്കേസ്സില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പടെയുള്ളവ കിട്ടിയിട്ടുണ്ട്.പാമ്പിന്റെ ജഡം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്.

പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടില്‍ എത്തിയെന്നും ഉത്ര ഉള്‍പ്പടെയുള്ളവരുടെ മുന്‍പില്‍ വിഷപാമ്പിനെ തുറന്ന് കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഗൂഢാലോചനയെകുറിച്ച് റിമാന്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യും.

പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക് കൈമാറി. അഞ്ചല്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് സൂരജിന്റെ കുടുംബം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറിയത്.അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ച ശേഷമാണ് കുഞ്ഞിനെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോയത്. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് കുഞ്ഞിനെ കൈമാറിയത്. കുട്ടിയെ ആദ്യം ഒളിപ്പിക്കാന്‍ സൂരജിന്റെ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ നല്‍കുകയായിരുന്നു.

By ivayana