കവിത : ശ്രീരേഖ എസ്*
അപവാദച്ചൂടിൽ ചുട്ടെടുത്ത
പരദൂഷണദാഹവുമായി
അലയുന്നവർ.
നാല്‍ക്കവലയിലെ അറവുശാലയില്‍
മണം പിടിച്ചുനടക്കുന്ന
രക്തദാഹികളായ ചെന്നായ്ക്കൂട്ടം.
മുഖംമൂടിയണിഞ്ഞ
സദാചാരചിന്തകർ
എരിവും പുളിയും ചേര്‍ത്ത
മസാലക്കൂട്ടുണ്ടാക്കി
അടുക്കളപ്പുറങ്ങളില്‍ വിളമ്പുന്നു
ദുഷിപ്പ് നാറുന്ന ചുണ്ടുകൾ
അത്താഴമേശയില്‍
മൃഷ്ടാന്നമുണ്ണുന്നതിന്റെ ഏമ്പക്കം.
മാനം നഷ്ടപ്പെട്ട പെണ്ണിന്റെ
ജീവിതം വെച്ച് അർമാദിക്കുന്ന
കാമക്കോമരങ്ങൾ
ഓര്‍ക്കാതെ പോകുന്നു.
സ്വഗൃഹത്തിലെ
നാളെയുടെ വാഗ്ദാനങ്ങളെ.
കിട്ടാത്ത മുന്തിരി പുളിക്കുമെന്ന
പഴമൊഴിയെ ഓർമപ്പെടുത്തി
ഓരിയുടുന്നു കുറുക്കജന്മങ്ങൾ
വഞ്ചനയും ചതിയും
ഉള്ളിൽ നിറച്ച്
പൗഡറും സെന്റും
പൂശി നടക്കുന്നവർ,
ചീഞ്ഞളിഞ്ഞ മനസ്സിനെ
വർണ്ണ കുപ്പായങ്ങളിൽ
ഒളിപ്പിച്ചു വെക്കുന്നു.
മധുരമൊഴികളും
കൗശലമിഴികളുമായി
എവിടെയും കാണാം,
സദാചാരമെന്നവാക്കിനെ
ദുഷിപ്പിക്കുന്ന കപടമുഖങ്ങൾ!