സോമരാജൻ പണിക്കർ
ജീവിതത്തിൽ സമ്മർദ്ദങ്ങൾ( Stress) ഇല്ലാത്ത ആരും ഉണ്ടാവില്ല …ഹൃദയസ്തംഭനം , അൾസർ തുടങ്ങി പല രോഗങ്ങളും കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നവരിൽ ആണെന്നു പൊതുവേ പറയപ്പെടുന്നു …
എന്നാൽ സമ്മർദ്ദങ്ങളെ കുറക്കാനും അതിനെ നേരിടാനും എന്തൊക്കെ ചെയ്യാൻ പറ്റും എന്നതാണു നാം ആലോചിക്കേണ്ടതു …അതിനു ഇഷ്ടമുള്ള എന്തെങ്കിലും ഒന്നു കണ്ടുപിടിച്ചു അങ്ങിനെ സമ്മർദ്ദം കുറക്കാൻ പറ്റിയാൽ വളരെ നല്ലതാണു .
സംഗീതം , ചിത്രകല , യാത്ര , വായന , കളികൾ , സിനിമ , കോമഡി ഷോകൾ എന്നു വേണ്ട എന്തും നമുക്കു സമ്മർദ്ദങ്ങൾ കുറക്കാൻ ഉപയോഗിക്കാം …നർമ്മം കണ്ടുപിടിക്കുകയും അതു ആസ്വദിക്കുകയും ചെയ്യുന്നതും സമ്മർദ്ദം കുറക്കാനുള്ള ഒരു നല്ല വഴി ആണു ..ചിലർ എന്തു ചെയ്താലും അതു കണ്ടു കൊണ്ടിരിക്കുന്ന മറ്റൊരാൾക്ക് അതിലൊരു നർമ്മം കണ്ടുപിടിക്കാൻ സാധിക്കും …
ചാർലി ചാപ്ലിനോ ജഗതി ശ്രീകുമാറോ സ്ക്രീനിൽ വന്നാലുടൻ നാം ചിരിച്ചു തുടങ്ങും ..അവർ ഒന്നും പറയണമെന്നോ ചെയ്യണമെന്നോ പോലും ഇല്ല …അതാണു അവരുടെ സിദ്ധി …ഒരാൾ പഴത്തൊലിയിൽ ചവിട്ടി വീഴുന്നതു വീഴുന്ന ആൾക്കു ഒരു രസവും ഇല്ല എന്നു മാത്രമല്ല പലപ്പോഴും വേദനാജനകം ആയിരിക്കും …എന്നാൽ കാണുന്ന ആൾ അതു കണ്ടു ചിരിച്ചെന്നു വരാം ..
അതിൽ ധാർമികതയോ പൊളിടിക്കൽ കറക്ട്നെസ് ഒ ഒന്നും അപ്പോൾ ആലോചിക്കുകയും ഇല്ല …മതിൽ ഇടിച്ചു കൊണ്ടു നായകൻ കാർ ഓടിക്കാൻ പഠിക്കുന്നതും റോഡ് റോളർ ഓടിച്ചു ഓഫീസ് ന്റെ മതിൽ ഇടിക്കുന്നതും ഒക്കെ കോമഡി ആകുന്നതു അതു കാണുന്ന നമുക്കു മാത്രമാണു …അതു നമ്മുടെ കുറ്റവും അല്ല ..നമ്മളിൽ ഉള്ള എന്തിലും നർമ്മം കാണുന്ന മനസ്സിന്റെ ലോല ഭാവം ഉണരുന്നതാണു ..അല്ലാതെ ആ ഇടിയിൽ കൈ ഒടിഞ്ഞു ആശുപത്രിയിൽ ആകുന്ന നായകന്റെ വേദന നമുക്കു മനസ്സിലാകാത്തതു കൊണ്ടല്ല ..
മുംബൈയിലെ കലാലയകാലത്തു ഒരിക്കൽ ക്ലാസ്സിൽ മുൻ ബഞ്ചിൽ ഇരുന്നു താടിക്കു കൈകൊടുത്തു കൂർക്കം വലിച്ചു ഉറങ്ങിയ ഒരു സഹപാഠിയോടു ക്ലാസ് എടുത്ത പ്രൊഫസ്സർ വിളിച്ചുണർത്തി ” Am I disturbing you ? “എന്നു ചോദിച്ചതു ക്ലാസ്സിൽ മാലപ്പടക്കത്തിനു തിരി കൊളുത്തിയതു പോലെ ചിരി പരന്നതു ഇപ്പോഴും ഓർമ്മ വന്നു …വീഡിയോ റിക്കാർഡിംഗ് ഉം ലൈവ് ഉം ഒക്കെ വ്യാപകം ആയതോടെ നാം അറിയാതെ ചെയ്യുന്നതെന്തും മറ്റുള്ളവർക്കു നർമ്മം നിറക്കുന്ന കാഴ്ചകൾ ആയി മാറുന്നു എന്നതു സത്യമാണു ..
ചിലർ അറിയാതെ ചെയ്യുന്ന കാര്യങ്ങൾ പിന്നീട് വൈറൽ ആയി ലക്ഷങ്ങളും കോടികളും കണ്ടു ചിരിക്കുന്നു.. അപ്രതീക്ഷിതമായി ആ വീഡിയോ എടുത്ത സ്വയമോ മറ്റൊരാളോ ആണെങ്കിൽ അയാളുടെ അക്കൗണ്ടിൽ പണം നിറയുകയും ചെയ്യും..ഇന്നലെ ഒരു സൂം ചർച്ച കണ്ടപ്പോൾ അത്യന്തം ഗൗരവമുള്ള ഒരു വിഷയം ചർച്ച ആയപ്പോഴും അതിൽ പങ്കെടുത്ത ഒരു സുഹൃത്തു ഇടക്കിടെ നിലക്കടല പോലെ എന്തോ ഒന്നു വായിലേക്കു എറിയുന്നതു കണ്ടപ്പോൾ ഒരു ബാഡ്മിന്റൺ കളിക്കാരൻ വാശിയോടെ പന്തു അടിച്ചു എതിരാളിയേ നിലമ്പരിശാക്കുന്നതു പോലെ തോന്നി കുറെ നേരം മനസ്സിൽ ചിരിച്ചു പോയി …
ചർച്ച അദ്ദേഹവും ഈ എക്സർസൈസ് ചെയ്തു കൊണ്ടു നന്നായി ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടു .അര മീറ്റർ എങ്കിലും അകലത്തിൽ നിന്നു അദ്ദേഹം ഒന്നോ രണ്ടോ കടലയോ പരിപ്പോ എന്തോ ഒന്നു വായിലേക്കു എറിയുന്നു…അതു ചവക്കുന്നു…വീണ്ടും എറിയുന്നു…ആകെ സ്മാഷ് ഉം സർവീസും ആയി തകർക്കുകയായിരുന്നു…ഇതെല്ലാം ലൈവ് ആയി ദൂരെയിരുന്നു ഒരു ദുഷ്ടൻ കാണുകയും ചിരിക്കുകയും പിറ്റേ ദിവസം ആതിനെപറ്റി ഫേസ് ബുക്കിൽ എഴുതും എന്നു സ്വപ്നത്തിൽ പോലും അദ്ദേഹം വിചാരിച്ചും കാണില്ല …
ഈ ഡിജിറ്റൽ കാലത്ത് നമ്മൾ അറിയാതെ ആണെങ്കിലും മറ്റുള്ളവരെ അവരുടെ ജീവിത സമ്മർദ്ദങ്ങൾ കുറക്കാൻ പറ്റുന്ന നർമ്മത്തിന്റെ ചില നിമിഷങ്ങൾ സമ്മാനിക്കുന്നു എന്നു പറയാൻ കൂടിയാണു ഈ ചെറിയ കുറിപ്പ് .നർമ്മം ഉണ്ടെങ്കിൽ സമ്മർദ്ദം ദൂരെയാകും…അതിനാൽ എപ്പോഴും മസിലു പിടിക്കാതെയും കയർക്കാതെയും കുറ്റം പറയാതെയും ആക്രോശിക്കാതെയും എല്ലാ ദിവസവും എന്തെങ്കിലും ഒരു നർമ്മം ഓർത്തു ഒന്നു ചിരിച്ചിട്ടു ആ ദിവസം തുടങ്ങാം..