മായ അനൂപ്….*

‘ വാക്ക് ‘ എന്നത് ഒരു വെറുംവാക്കല്ല.
ഒരിക്കലും അങ്ങനെ ആവുകയും അരുത്. വാക്ക് ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞതാവണം. കരിങ്കല്ലിൽ ഉളി കൊണ്ട് കൊത്തി അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്തെടുത്ത ഒരു മനോഹര ശില്പം പോലെ ആകണം. വാക്കുകൾ സ്ഫുടം ചെയ്തെടുത്ത സ്വർണ്ണം പോലെ തിളങ്ങണം.

വാക്കുകളെ ഹൃദയത്തിന്റെ പ്രതിഫലനം ആയിട്ടാണ് കണക്കാക്കുന്നത്. അപൂർവ്വം ചിലരിൽ അതിന് വ്യത്യാസമുണ്ടാകാം.എപ്പോഴും ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് വാക്കുകൾ. കാരണം വാക്കുകൾക്ക് അത്ഭുതകരമായ ശക്തിയുണ്ട്.

നന്നായി ഉപയോഗിച്ചാൽ വാക്കുകൾ കൊണ്ട് നഷ്ടപ്പെട്ട പലതിനെയും തിരികെ കൊണ്ടുവരാൻ കഴിയും. ആശകൾ മുഴുവൻ നഷ്ടപ്പെട്ടവർക്ക് പുതുജീവൻ നൽകാൻ കഴിയും. അസുഖങ്ങൾ മാറാനുള്ള ഔഷധം ആകാൻ കഴിയും.ദുഷ്ടന്മാരെ പോലും നല്ലവരാക്കാൻ കഴിയും. ബന്ധങ്ങൾ എന്നും പുതുമയോടെ നിലനിർത്താൻ കഴിയും.

വാക്കിന്റെ പ്രാധാന്യം മൂലമാവാം പലപ്പോഴും വാക്ക് കൊടുക്കുക, വാക്ക് തരിക എന്നുള്ള കാര്യങ്ങൾക്കും വില ഉണ്ടായത്. ഒരാൾക്ക് ഒരു വാക്ക് കൊടുത്താൽ അല്ലെങ്കിൽ ഒരാളോട് എന്തെങ്കിലും ഒന്ന് വാഗ്ദാനം ചെയ്താൽ, എന്തുവില കൊടുത്തും അത് പാലിക്കാൻ കഴിയണം. വാക്ക് പാലിക്കാത്തവർക്ക് ആരും തന്നെ വില കല്പിക്കാറില്ല. വാക്കു പാലിക്കാത്തവരെ അല്ലെങ്കിൽ വാക്കിന് വിലയില്ലാത്തവരെ ഏറ്റവും കൊള്ളരുതാത്തവർ ആയിട്ടാണ് പൊതുവേ കാണുന്നത്. വാക്കു പാലിക്കുക എന്നത് നല്ലൊരു വ്യക്തിത്വത്തിന്റെ മുഖമുദ്രയാണ്. അതിനാൽ തന്നെ ആർക്കെങ്കിലും വാക്ക് കൊടുക്കുമ്പോൾ അതിന് മുൻപ് തന്നെ ചിന്തിക്കുക. അത് നമുക്ക് പാലിക്കാൻ കഴിയുന്നതാണോ എന്ന്. പറ്റുന്നത് മാത്രം പറയുക. പറഞ്ഞിട്ട് പാലിക്കാൻ കഴിയാതെ വരുന്നതിലും നല്ലത് പറയാതിരിക്കുക തന്നെയാണ്.

അതുപോലെതന്നെ നമ്മൾ പറയുന്ന വാക്കുകൾ കേൾക്കുന്നവരുടെ മനസ്സിന് ആശ്വാസവും സ്നേഹവും പകരാൻ കഴിവുള്ളത് മാത്രം ആയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലെന്ന് പറയുന്നതുപോലെ, വാക്കുകൾ കൊണ്ട് ഒരാളെ മുറിപ്പെടുത്തി കഴിഞ്ഞാൽ പിന്നെ ഒരു മരുന്നു കൊണ്ടും, ആ മുറിവ് സുഖപ്പെടുത്താൻ പലപ്പോഴും കഴിയണമെന്നില്ല എന്നതാണ് സത്യം. അതിനാലാണ് ഒരു വാക്ക് കൊണ്ട് നഷ്ടപ്പെടുത്തിയത്, ഒരു നൂറു വാക്കുകൾ ഉപയോഗിച്ച് പോലും വീണ്ടെടുക്കാൻ കഴിയില്ല എന്ന് പറയുന്നത്.

എന്നാൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യം പറയണ്ട എന്നല്ല ഇതിന്റെ അർത്ഥം. നമുക്ക് പറയേണ്ട കാര്യം കേൾക്കുന്നവരുടെ ഹൃദയത്തിൽ തുളച്ചിറങ്ങുന്ന രീതിയിൽ പെട്ടെന്ന് പറയാതെ, മയമുള്ള വാക്കുകളുപയോഗിച്ചു പതിയെ പറഞ്ഞു മനസ്സിലാക്കിയാൽ കേൾക്കുന്ന ഏതൊരാൾക്കും കാര്യം മനസ്സിലാകും. എന്നാൽ വിഷമം തോന്നുകയുമില്ല. എന്നാൽ നമ്മൾ ചിന്തിക്കാതെ പെട്ടെന്ന് വെട്ടിത്തുറന്ന് പറയുന്ന വാക്കുകൾ കേൾക്കുന്നവരുടെ ഹൃദയത്തിന് പലപ്പോഴും താങ്ങാൻ കഴിയുന്നത് ആകണമെന്നില്ല. അതുവരെ, ചിലപ്പോൾ വർഷങ്ങളോളം തന്നെ കാത്തു സൂക്ഷിച്ച ബന്ധങ്ങളുടെ കണ്ണികൾ പോലും പിന്നീട് ഒരിക്കലും വിളക്കിച്ചേർക്കാൻ കഴിയാത്ത വിധം അറ്റു പോയി എന്ന് വരാം. അതിനാൽ നമുക്ക് ദേഷ്യമുള്ള ഒരാളോട് ആണെങ്കിൽ പോലും പറയുന്ന വാക്കുകൾ നന്മയുള്ളതും ശ്രദ്ധിച്ചും മാത്രമായിരിക്കണം. കാരണം നമുക്ക് അവരോട് തോന്നുന്ന ദേഷ്യം നമ്മുടെ ചിന്താഗതികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായതിനാൽ അത് എല്ലായ്പ്പോഴും ശരിയാവണമെന്ന് നിർബന്ധമില്ല.

പറയുന്ന വാക്കുകൾ സത്യം തന്നെ ആയിരിക്കേണ്ടതുമുണ്ട്. എന്നാൽ അതിൽ പ്രേത്യേകം ഓർക്കേണ്ട ഒരു കാര്യം എന്നത്, പറയാൻ ഉദ്ദേശിക്കുന്ന സത്യം ഒരാളുടെ മനസ്സിനെ കീറി മുറിക്കുന്നതാണ് എങ്കിൽ ആ സത്യം പറയാതിരിക്കുന്നത് തന്നെ ആവും നല്ലത്.
വാക്കുകൾ കരിങ്കൽ ചീളുകൾ ആണ്.അത് കേൾക്കുന്ന ആളുടെ ഹൃദയം തകർക്കുന്നത് പറയുന്നവർ പലപ്പോഴും അറിയാറില്ല. നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തികൾക്കും എല്ലാ മനസ്സുകളും കാണാൻ കഴിയുന്ന കാലം നമുക്ക് പ്രതിഫലം കാത്തു വെച്ചിട്ടുണ്ട്, എന്നതു പോലെ തന്നെ നമ്മുടെ വാക്കുകൾക്കും പ്രതിഫലം വാങ്ങാൻ നമ്മൾ ബാധ്യസ്ഥരാണല്ലൊ.

പറയരുതാത്ത വാക്കുകൾ ഒരാളോട് പറഞ്ഞാൽ, അത് കേട്ടയാൾക്ക് ഒരുപക്ഷേ നമ്മളോട് ക്ഷമിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഒരിക്കലും ആ വാക്കുകൾ അവർക്ക് മറക്കാൻ കഴിയില്ല. എന്ന് വെച്ചാൽ, നമ്മൾ ഒരാളോട് പറയരുതാത്ത വാക്കുകൾ, അല്ലെങ്കിൽ അവർക്ക് വിഷമം തോന്നുന്ന കാര്യങ്ങൾ പറഞ്ഞാൽ, കുറച്ചുനാൾ കഴിയുമ്പോൾ അവർ നമ്മളോട് ക്ഷമിച്ചേക്കാം, പിണക്കവും മാറിയേക്കാം, എങ്കിൽപോലും എത്ര കാലങ്ങൾ കഴിഞ്ഞാലും അന്ന് നമ്മൾ പറഞ്ഞ ആ വാക്കുകൾ അതുകേട്ട ആളുടെ മനസ്സിൽ പുതുമയോടെ തന്നെ നിലനിൽക്കും. ഓർക്കുമ്പോൾ ഓർക്കുമ്പോൾ അവരെ അത് വീണ്ടും വീണ്ടും മുറിപ്പെടുത്തി കൊണ്ടും ഇരിക്കും.

അതിനാൽ, നമ്മൾ പറയുന്ന വാക്കുകൾ എപ്പോഴും ചിന്തിച്ച് മറ്റുള്ളവരെ മനസ്സിലാക്കി, അവർക്ക് വിഷമം തോന്നാത്ത രീതിയിൽ പറയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ വാക്കുകൾ ആരെയും ഒരിക്കലും മുറിപ്പെടുത്താൻ ഇടയാകാതിരിക്കട്ടെ.

മായ അനൂപ്

By ivayana