രചന :- ബിനു ആർ.*
ഇനിയുമൊരു സൗവർണ്ണമാം മാമ്പഴക്കാലത്തിന്നായ്,
കാത്തിരുന്നീടാം, വെട്ടവുമെല്ലാം ഇരുട്ടായിത്തീരുന്നൊരിക്കാലത്തിൽ,
പിറകോട്ടൊന്നു തിരിഞ്ഞു നോക്കീടാം…!
പിന്നാമ്പുറങ്ങളിൽ മാവിന്തോട്ടങ്ങളിലൂടെ
പാറിപ്പറന്നൊരു ബാല്യകാലം,
അന്നത്തെ നാട്ടുമാവിൻ ചോട്ടിലൂടെ
പരപരാപിറക്കുമ്പോൾ ഓടിനടന്നൊരു
അവധിക്കാലം… !
പുളിയൻമാങ്ങയും കസ്തൂരിയും
കോട്ടയും മൂവാണ്ടനും ചന്ദ്രക്കാരനും കിളിചുണ്ടനും കത്തിയാൽ
പൂളാതെ ഈമ്പിക്കുടിച്ചും കടിച്ചുതിന്നും
കൊണ്ടു നടന്നൊരു മാമ്പഴക്കാലം… !
മാങ്ങയണ്ടിക്കു കൂട്ടുപോകാൻ
കൂട്ടുകാരേ വിളിച്ചു, പറഞ്ഞിരുന്ന
ആഘോഷക്കാലം !
ഇനിയൊരിക്കലെങ്കിലുംവരുമോ –
യെന്നോർത്തുപോകുന്നുഞാൻ
ആ പുളിയുടെ മാധുര്യം നുകരാൻ,
നാട്ടുമാവിന്റെ ഏകാന്തകാമുകൻ… !