കവിത : അശോകൻ പുത്തൂർ*
നീ
ഉറങ്ങാതിരിക്കുന്ന രാത്രികളിൽ
ഇരുട്ടിനൊരു മുത്തംകൊടുക്കുക.
നിശയിലേക്ക് ഒഴുക്കിവിടുന്നു
ഞാൻ ഉമ്മകളുടെ പാലാഴി
ഉമ്മകൾക്ക്
ഉണ്ണികളുണ്ടാവുമെങ്കിൽ
നമ്മുടെ പേരിടണം.
ശോകമില്ലാത്തവനെന്നും
ഉപമയില്ലാത്തവളെന്നും.
കഴിഞ്ഞവാരം നീയെഴുതിയിരുന്നു
ഉമ്മകളുടെമണം മറന്നുപോയെന്ന്……..
കിനാവിന്റെ രവിറമ്പിലിരുന്ന്
നീയീ കുറിമാനം വായിക്കുമ്പോൾ
ഓർമ്മയുടെ ഏതോ നോവിറമ്പിലിരുന്ന്
നീ നിന്നെക്കുറിച്ചെഴുതിയ കവിതയിലെ
അവസാന വരിയിലേക്ക്
ഞാൻ സങ്കടങ്ങളുടെ തഴപ്പാ വിരിക്കുമ്പോൾ
കവിതയിലെ ആദ്യത്തെ വാക്ക്
നിന്റെമണമുള്ള ഒരു ഈണംകൊണ്ട്
എന്നെ പുതപ്പിക്കുന്നു
നിദ്രയിലേക്ക് ചായുംമുന്നേ
ഇന്നുകിട്ടിയ മറുകുറി
തുറന്നു നോക്കുന്നു……. നീയെഴുതുന്നു
ജഡത്തിൽ ആത്മാവ് തിരയുംപോലെയാണ്
ജീവിതത്തിലിപ്പോൾ
പ്രണയം തിരയുന്നതെന്ന്…………
പ്രിയപ്പെട്ടവളെ,….. നമ്മെപ്പോലെ
ആശിച്ച ഇണകളെ കിട്ടാത്തവരുടെ
ആത്മാക്കളെത്രേ നക്ഷത്രങ്ങൾ.
അടുത്ത ജന്മത്തിൽ
നക്ഷത്രങ്ങളുടെ കാവൽക്കാരകണം നമുക്ക്.