എൻജി. മോഹനൻ നെല്ലാങ്കുഴിയിൽ*
ഞാനൊരു കവി,
ഒറ്റയാൻ,
കരളു പറിച്ചെറിഞ്ഞ്
പ്രതിക്ഷേധിക്കുന്നവൻ..
തോന്നുന്നതെഴുതും
അസഭ്യമില്ലാതെ .
വേദനിക്കുമ്പോൾ
മനസ്സുരുകിക്കരയും
ആരുമറിയാതെ ……..
ചിന്തകളിലന്തിഅണയുമ്പോൾ
ഈ കടത്തിണ്ണയിൽ
ഉടുത്ത മുണ്ടു പൊതിഞ്ഞു
കിടക്കും, ഏങ്ങിക്കരയും
അക്ഷരങ്ങൾ നിരത്താനറിയില്ല
ഈണത്തിലെഴുതാനും……..
എങ്കിലു മാളിക്കത്താൻ
പുകയുന്നൊരു തീക്കനൽ
അടിയിലുണ്ടാവും
പാതിരാവിന്റെ നിരത്തുകളിൽ
ഉറക്കെക്കരയുന്ന കുട്ടിയുടെ
ശബ്ദത്തിനിടയിൽ
ഏതോ ഒരമ്മയുടെ ഞരക്കം
റോഡുവക്കിലെ പാലമരത്തിൽ
യക്ഷികൾ പറന്നിരിക്കവെ
മരച്ചില്ലകൾ തോറും
കാമക്കണ്ണുകൾ തൂങ്ങുന്നു.
അരയിൽ സ്വർണ്ണം കെട്ടിയ
പെണ്ണിൻ മേനിയിൽ
കരിനാഗങ്ങൾ
പിണഞ്ഞു കൊത്തവേ,
തൂണിലും തുരുമ്പിലുമുള്ള
ദൈവത്തിന്റെ
സന്തത സഹചാരിയായ്
നാഗരാജനും വിഷം തുപ്പുന്നു.
മോളെക്കൊന്നു തിന്നുന്ന
അച്ഛന്റെ നെഞ്ചു പിളർക്കാൻ,
പവനായ്
ഭാര്യയെച്ചുട്ടു കൊല്ലുന്ന
അവനെ ശിരച്ഛേദം ചെയ്യാൻ,
ഇതിനെല്ലാം കൂട്ടു നിൽക്കും
ചില നാറി പെൺ രൂപത്തെ
തലകീഴായ് കെട്ടിത്തൂക്കാൻ
അനിവാര്യമായ നിയമങ്ങളെല്ലാം
തൂങ്ങിച്ചാകുന്നു
ഇത് വൃത്തം തെറ്റിയ കവിത
കലുഷിതമായ കവി മനസ്സിന്റെ
ജൽപനം……..
ചൊറിഞ്ഞു വീർത്ത കാലത്തിന്റെ
മുഖത്ത് മനുഷ്യ ഭ്രംഷ്ഠങ്ങളുടെ
കറുത്തപാടുകൾ കണ്ട്
കുത്തി വരയ്ക്കപ്പെട്ട
കാലാസ്സു തുണ്ടുകൾ …….
താന്താൻചെയ്യും പാപത്തിൽ ഫലം
താന്താനനുഭവിക്കുമെന്നു
പറഞ്ഞു തന്നയമ്മ,
രോഗപീഠയാൽ
പ്രണവേദന കൊണ്ടു പുളയുന്ന
പിഞ്ചു കുഞ്ഞിൻ ദീനരോദനം
ചങ്കുപിളർന്നകലുമ്പോൾ
അമ്മ പറഞ്ഞതു സത്യമാണെങ്കിൽ
ആ കുഞ്ഞെന്തു പാപം ചെയ്തിതാവ്വോ?
അമ്മയ്ക്കുത്തരമുണ്ട് ,
മുജ്ജമ്മ പാപമിത്
കാരണവൻമാരുടെ കടുത്ത പാപം
പുതു തലമുറതൻശാപമത്രെ……?
കാണുന്നതുമാത്രം വിശ്വസിക്കുക,
ഇതു കാറ്റു പറഞ്ഞ കഥ
തുള്ളി ചാറ്റുന്ന മഴസുഖം
വെള്ളത്തിൽ പോയവനു കാണില്ല
പുരുഷന്റെ രണ്ടടി പിമ്പേ നടന്നവർ
ഒപ്പം നടക്കുന്നുവെങ്കിലും
എപ്പോഴും ചതിക്കുഴി
പെണ്ണിനു മുമ്പിൽ മാത്രമെന്തെ ?
കാറിയും കരഞ്ഞും ,കവി
കോറിയിട്ട വാക്കുകൾ
ചക്രവാളങ്ങളിൽ അർക്കനകലുമ്പോഴും
പ്രതിധ്വനിക്കവെ,
കൂട്ടം കൂടിയാളുകൾ
മഹാമാരി പങ്കു വയ്ക്കുന്ന കാഴ്ച
ഹൃദയ ഭേദകം
ഇതൊക്കെയാരോടു പറയാൻ???