Rejith Leela Reveendran

അതിവേഗം വളരുന്ന വൻകിട കമ്പനിയായ ഫുഡ്‌ ഡെലിവറി ആപ്പ് സ്വിഗ്ഗി 2015 ൽ ബിട്സ് പിലാനിയിലും ഐ ഐ ടി ഖരഖ്പുറിലും പഠിച്ചിറങ്ങിയ മൂന്നു സുഹൃത്തുക്കൾ രൂപം നൽകിയതാണ്. ഈ ‘സ്വിഗി’ നമ്മുടെ കായംകുളത്ത് മത്സരം നേരിട്ടത് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടില്ലാത്ത അനസ് എന്ന മലയാളി യുവാവിന്റെ ‘പെസിറ്റോ’ എന്ന കമ്പനിയുമായിട്ടായിരുന്നു.

ഹരിപ്പാട് ആരംഭിച്ച് പിന്നീട് കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച അനസ് തന്റെ കമ്പനിയുടെ കായംകുളം ‘മാർക്കറ്റിലെ’ മത്സരത്തെക്കുറിച്ചിങ്ങനെയാണ് പറയുന്നത്. ആദ്യമൊക്കെ ഞങ്ങൾ കേരളത്തിലെ ‘ടയർ ത്രീ’ സിറ്റികളിൽ മാത്രമായിരുന്നു, അവിടെ വൻകിട കമ്പനികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഞങ്ങൾ കായംകുളത്ത് പ്രവർത്തനം തുടങ്ങിയപ്പോൾ അവിടെ ഒരു വൻകിട കമ്പനി വരികയും അവർ നൽകുന്ന ഓഫറുകൾക്ക്‌ മുന്നിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു.

ഞങ്ങളുടെ ഓർഡറുകൾ വല്ലാതെ കുറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ മുൻകാമുകിയുടെ ജന്മദിനം വരുന്നത്,ആ ദിവസം ഞങ്ങൾ കസ്റ്റമേഴ്സിന് വലിയ ഡിസ്‌കൗണ്ട് നൽകുന്ന ഒരു ‘ഹൻഗർ ഗെയിംസ്’ അനൗൺസ് ചെയ്തു. അകന്നു പോയ കസ്റ്റമേഴ്‌സ് തിരിച്ചുവന്നു. എന്നാൽ ഈ ഡിസ്‌കൗണ്ടുകൾ വലിയൊരു സാമ്പത്തിക നഷ്ടം കമ്പനിക്ക് ഉണ്ടാക്കി.പക്ഷേ അന്നൊന്നു മനസ്സിലായി, എത്ര വലിയ കമ്പനികളാണെങ്കിലും നമ്മൾ വിചാരിച്ചാൽ നമുക്കും മത്സരത്തിൽ നില നിൽക്കാൻ പറ്റും.ഇന്റർനെറ്റിൽ നിന്നും സ്വയം പഠിച്ചെടുത്ത്‌ വെബ് ബേസ്ഡ് ആപ്ലിക്കേഷൻ ഉണ്ടാക്കി ജന്മനാടായ ഹരിപ്പാട് ഫുഡ് ഡെലിവറി ബിസിനസ് ആരംഭിച്ചതാണ്.

ബിസിനസ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചപ്പോൾ തന്റെ ടീമിനെ കൊണ്ട് ഇൻ ഹൗസ് ആപ്പ് ഉണ്ടാക്കി. ‘ഫ്രാൻജെസീ’ മോഡലിൽ കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ആലോചിക്കുന്നുണ്ട് പെസിറ്റോ. പക്ഷേ ഇനിയുള്ള വളർച്ച എങ്ങനെയായിരിക്കുമെന്നത് നിർണായകമാണ്. കാരണം വലിയൊരു കമ്പനിയിലേക്കുള്ള വളർച്ചക്കാവശ്യമായ ‘എക്കോ സിസ്റ്റം’ കേരളത്തിലുണ്ടോ എന്നതിൽ സംശയമുണ്ട്. കമ്പനിയെ വളർത്തി വലുതാക്കി പിന്നീട് വലിയൊരു വിലക്ക് വിൽപ്പന നടത്തി എക്സിറ്റ് ആകുന്ന ‘ബിഗ് ബാസ്കറ്റ്’ മോഡലിന് അനസ് ശ്രമിക്കുമോ എന്നുമറിയില്ല.

കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ‘സെറോധ’യുടെ സ്ഥാപകനെക്കുറിച്ചെഴുതിയപ്പോൾ കുട്ടികൾ പഠിക്കാതിരിക്കാനുള്ള സന്ദേശമല്ലേ ഇതിലൂടെ നൽകുന്നതെന്ന് ചിലരെങ്കിലും ആശങ്കപ്പെട്ടിരുന്നു. അനസ് ഒരു ഇന്റർവ്യൂവിൽ പറയുന്നത് തന്നെയാണ് അതിനുള്ള മറുപടി. “പഠിക്കുന്നത് തന്നെയാണ് നല്ലത്, പക്ഷേ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതോടെ ജീവിതം തീർന്നു എന്ന് കരുതരുത്, ഒരുപാട് അവസരങ്ങൾ അപ്പോഴും മുന്നിലുണ്ടാകും.”അതെ,കൂടുതൽ സംരംഭകരുണ്ടാവേണ്ടതുണ്ട്, സംരംഭകത്വം യുവാക്കൾക്കിടയിൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.ഐ ഐ എം ൽ പഠിക്കാൻ സാധിക്കാത്തവർക്കും ജീവിതം ഒരു അവസരം നൽകിയേക്കാം , ഐ ഐ എം ൽ പഠിച്ചവർക്ക് ശമ്പളം നൽകാനുള്ള അവസരം.😊

By ivayana