മാധവ്.കെ.വാസുദേവ്.
ഹരിതാഭമാർന്ന ഭൂമിതൻ മാറിൽ
മഴുവിൻ മുറിപ്പാടു വീഴ്ത്തി…
ആകാശമേൽക്കൂര താങ്ങിനിർത്തുന്ന
വൻ മരക്കാലുകൾ വെട്ടിവീഴ്ത്തി.
പച്ചക്കുടപ്പീലി നിവർത്തിപിടിക്കുന്ന
ചോലമരങ്ങളെ പിഴുതെടുത്തു.
കൊല്ലുന്നു നമ്മൾ നദികളെ പിന്നെയോ
പിഞ്ചിലെ നുള്ളുന്നു ജീവിതങ്ങൾ …
നമ്മൾ മനുഷ്യരോ കാട്ടാള ജന്മമോ
സ്വാർത്ഥത തീണ്ടും കിരാതവർഗ്ഗം.
കാടു നമുക്കെന്നും ജന്മഗൃഹമെന്ന
സത്യം മറന്നു വളർന്നവർ നമ്മൾ.
ഭൂമി നമ്മൾക്കു പോറ്റമ്മയാണെന്ന
സത്വം മറന്നു ചിരിച്ചു നടന്നവർ
വൻ അണക്കെട്ടുകൾ മതിലുകൾ തീർത്തു
നീരൊഴുക്കൊക്കെ തടഞ്ഞു നമ്മൾ.
തൊടിയും കുളങ്ങളും കൊച്ചുകൈത്തോടുകൾ
സ്വപ്നത്തിലെന്നും തിരഞ്ഞു നമ്മൾ
അയലത്തെ നിലവിളി കേൾക്കാതിരിക്കുവാൻ
കാതുകൾ പൊത്തിപ്പിടിച്ചുനമ്മൾ.
കവലകൾ തോറും കസർത്തുകൾ കാട്ടും
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ നമ്മൾ
ചിന്തിക്ക നമ്മൾ ഓരോ മനസ്സിലും
നമ്മൾ മനുഷ്യരോ ഭൂമിതൻ മക്കളോ…