വാസുദേവൻ കെ വി*
ഞായറവധിയിൽ അവൾ അവനെ തേടിയെത്തി. മുഖാവരണം ധരിച്ച്, സാനിട്ടൈസർ കൈകളിൽ പുരട്ടി… “പ്രായാധിക്യം കൊണ്ടു സമനിലതെറ്റിയ ആ പൂച്ചക്കണ്ണിയോടുള്ള നിന്റെ കൂട്ട്.. അതെനിക്ക് സഹിക്കാനാവുന്നില്ല.”
അവൾ നിലപാട് വ്യക്തമാക്കി. അവനറിയാമത്. മകൻ നഷ്ട്ടപ്പെട്ട അമ്മയുടെ തീരാവേദന..പേറ്റുനോവറിയാത്ത അവൾക്ക് അറിയുവതെങ്ങനെ?? അവനവളെ ചേർത്തുപിടിച്ച് നെറുകയിൽ തലോടി മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു. “തല നനച്ചിട്ട് ഇന്നേയ്ക്ക് എത്ര നാളായി..?”അവളവന്റെ ചെവിയിൽ അരുമയായി ദന്ത മൂന്നികൊണ്ട് ചോദിച്ചു.. “പറയ് ആ കിളവിയെ മറക്കാനാവില്ലേ നിനക്ക്..? അവന്റെ ലാപ്പിൽ ആ സിനിമ.
മറുപടി പറയാതെ അവനവളെ ചേർത്തുപിടിച്ച് ആ സിനിമയിൽ ലയിച്ചു. ലുക്ക്, ഗാർത്ത് ഡേവിസ് സംരഭം. ഇന്ത്യ വിട്ട് കങ്കാരു നാട്ടിലെ പൗരനായി മാറ്റപ്പെട്ട ബെർലിയുടെ ജീവിതകഥ. ദേവ് പട്ടേലും, ദീപ്തി നവേലും വേഷമിട്ട ലയൺ. സറുവിന്റെ, ഷേരുവിന്റെ പലായനവേദനകളുടെ കഥ. രണ്ടു പുത്രന്മാരെയും ഒരൊറ്റ രാത്രിയിൽ നഷ്ട്ടപ്പെട്ട പെറ്റമ്മയുടെ കഥ.
വൈകല്യങ്ങൾ ഇല്ലാതെ തന്നെ രണ്ടു കുട്ടികളെ ദത്തെടുത്തു വളർത്താൻ തുനിഞ്ഞ ഓസ്ട്രേലിയൻ ദമ്പതികളുടെ കഥ. കമിതാവിന്റെ മനസ്സിന്റെ വിങ്ങൽ തൊട്ടറിഞ്ഞ ലൂസിയുടെ കഥ. നാടും നാട്ടോർമ്മകളും മദിച്ച യൗവനമനസ്സിന്റെ കഥ.
അന്വേഷണത്തിനൊടുവിൽ പെറ്റമ്മയേയും പോറ്റമ്മയേയും ചേർത്തണച്ചു പിടിച്ച സരുവിനെ/ ഷേറൂവിനെ കണ്ടപ്പോൾ…. അവന്റെ വിരലുകൾ തലോടി അവൾ സർട്ടിഫിക്കറ്റ് നൽകി. “സാറ”യും “ഗ്രേറ്റ് അടുക്കള”യുമല്ല ഇതാണ് സിനിമ. ബന്ധങ്ങളുടെ മൂല്യം ഊട്ടിയുറപ്പിക്കുന്ന സൃഷ്ട്ടി. അവൻ അവളുടെ കാതിൽ മൂളി. “അകലാൻ എന്തെളുപ്പം അടുക്കാനാണ് ഏറെ ക്ലേശം.”