സുനു വിജയൻ*

നഗരത്തിലെ തിരക്കുള്ള ജങ്ഷനിൽ, ആ തിരക്കുകളിൽ എവിടെനിന്നു നോക്കിയാലും കാണുവാൻ സാധിക്കുന്ന നിലയിലാണ് ആപ്രതിമയെ അവർ സ്ഥാപിച്ചിരുന്നത്.
പ്രതിമയെ രണ്ടു മീറ്റർ ഉയരമുള്ള ഒരു സ്തംഭത്തിനു മുകളിലായിട്ടാണ് സ്ഥാപിച്ചിരുന്നത്.. പ്രതിമ സ്ഥാപിച്ചിരുന്ന സ്തംഭത്തിനു വലം വച്ച് നഗരത്തിന്റെ നാലു ദിക്കിലേക്കുമുള്ള വാഹനങ്ങൾ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു.

പ്രതിമ സ്ഥാപിച്ചിരുന്ന സ്തംഭത്തിനു മേൽക്കൂര ഇല്ലാതിരുന്നതിനാൽ നിർലോഭം പ്രതിമക്ക് മഴയും, വെയിൽച്ചുടും ലഭിച്ചിരുന്നു.
ചത്തു ചീഞ്ഞ എലികളേയും തവളകളെയും, പട്ടണത്തിലെ മാലിന്യകൂമ്പാരത്തിൽ നിന്നും ലഭിക്കുന്ന അഴുകിയ മാംസ കഷണങ്ങളെയും കാക്കകൾ മറ്റു ശല്യങ്ങൾ ഒന്നുമില്ലാതെ ആ പ്രതിമയുടെ തോളിലും, തലയിലും ഇരുന്നാണ് ഭക്ഷിച്ചിരുന്നത്. ജീർണിച്ച മാംസം കഴിച്ച ശേഷം ആ തലയിൽ കൊക്കുരസി വൃത്തിയാക്കാനും കാക്കകൾ സമയം കണ്ടെത്തിയിരുന്നു.
വർഷത്തിൽ രണ്ടുതവണ അതായതു ജന്മ ദിനത്തിനും, മരണ ദിനത്തിനും പ്രതിമക്ക് പുഷ്പ ഹാരം ലഭിച്ചിരുന്നു. ചീഞ്ഞഴുകി, വരണ്ടുണങ്ങി ഹാരം നാലഞ്ചു മാസങ്ങൾ പ്രതിമയുടെ കഴുത്തിൽതന്നെ കിടക്കും. പിന്നെയത് കാറ്റിൽ പറന്നു പോവുകയോ, പ്രതിമയോട് ഒട്ടിച്ചേർന്നു അതിന്റെ ഭാഗമാവുകയോ ചെയ്യും.

കാക്കകൾ കാഷ്ഠിക്കുന്നത് പ്രതിമയുടെ മുഖത്തും, ചുണ്ടിലും, നെഞ്ചിലും പിന്നെ എപ്പോഴും തലയിലും. ചില കാക്കകൾ കാഷ്ടിക്കാൻ മാത്രമായി ആ പ്രതിമയിലേക്കു എത്താറുണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. നഗരത്തിലെ തിരക്കുകൾക്ക്‌ മുകളിൽകൂടി പറന്നു മടുക്കുമ്പോൾ ഇടയ്ക്കു വന്നിരിക്കാനുള്ള ഒരു സങ്കേതമായും ചില കിളികൾ ആ പ്രതിമയെ ഉപയോഗിച്ചിരുന്നു. ചി ല കുരുവികൾ പ്രതിമയുടെ ദേഹത്തു കൂടുവെക്കാനും ശ്രമിക്കാറുണ്ട്. പക്ഷെ ആ ശ്രമം വിജയിക്കാറില്ല.

വർഷത്തിൽ ഒരിക്കൽ ചിലപ്പോൾ പ്രതിമയിൽ നിറം പൂശാൻ ചിലർ വരും. പുതിയ നിറം ചാർത്തി, പ്രതിമയിൽ മാലയൊക്കെ അണിയിച്ചു പ്രാർത്ഥനകളും, മുദ്രാവാക്യങ്ങളും, പുഷ്പാർച്ചനയും ഒക്കെയായി ഒരു ദിവസം. ആ കോപ്രായങ്ങൾ കണ്ട് പ്രതിമ മടുത്തിരിക്കുന്നു. വർഷാവർഷം മാറുന്ന മുഖങ്ങൾ ഒരേ ചടങ്ങുകൾ.ചിലപ്പോൾ സ്തംഭത്തിനു ചുവട്ടിൽ ഒരിക്കലും ഇളകിപോകുവാൻ സാധിക്കാത്തവിധം ഉറപ്പിച്ചിരിക്കുന്ന ശിലാഫലകവും തേച്ചുമിനുക്കി അതിലും ചിലർ ഒരു ഹാരം അണിയിക്കാറുണ്ട്. പ്രതിമ സ്ഥാപിച്ച, അനാച്ഛാദനം ചെയ്ത, ആ കാലത്തു നഗരം ഭരിച്ച സകല ആളുകളുടെയും പേരുകൾ നിരത്തി എഴുതിയിരിക്കുന്ന ആ ഫലകത്തെ വിസ്മരിക്കാൻ പാടില്ലല്ലോ.

ഈ പ്രതിമകൾ പ്രതീകങ്ങളാണ്. ഒരു ദേശത്തിന്റെ, സംസ്കാരത്തിന്റെ ത്യാഗത്തിന്റെ,നന്മയുടെ പ്രതീകങ്ങൾ. പക്ഷെ പ്രതിമയ്ക്ക് സംരക്ഷണം വേണ്ടേ.. അതോ കാക്കക്കിരിക്കാൻ ഒരു ചില്ല എന്നതു പോലെ മാത്രമാണോ ഇത് സ്ഥാപിച്ചിരിക്കുന്നത്.അങ്ങനെയാണ് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്.

അതോ സർവ്വ വ്യാപിയായ സര്വേശ്വരന്റെ പ്രതിനിധി എന്ന പേരിൽ പ്രപഞ്ചത്തോട് ചേർത്തു വച്ചിരിക്കുന്നതാണോ ഈ പ്രതിമയെ . ഏയ് ഒരിക്കലുമല്ല. ദൈവങ്ങളിൽ ഏറിയ പങ്കും ഇപ്പോഴും എപ്പോഴും സുരക്ഷിതമായ കൂടുകളിൽ ആയിരിക്കും സ്ഥിതി ചെയ്യുന്നത് . പിന്നെ ചിലത്, ചിലതു മാത്രം വർണ്ണ ഗോപുരങ്ങളുടെ മുകളിൽ ആകാശത്തു കാണപ്പെടാം. അതിൽ ഇങ്ങനെ കാക്ക തൂറാറില്ല. പക്ഷെ വലിയ മലന്തേനീച്ചകൾ കൂടുവച്ചു കാണാറുണ്ട്.

ആരും അറിഞ്ഞുകൊണ്ട് ഒരു ചെറു മഴപോലും നനയാറില്ല., കടുത്ത വെയിലിൽ കുറ്റിയടിച്ചതുപോലെ നിൽക്കാറില്ല എന്നിട്ട്, എന്നിട്ടെന്തേ ഈ പ്രതീകങ്ങളോടു മാത്രം ഇത്ര അനീതി. ജീവിച്ച നാളത്രയും അവർ നടത്തിയ സഹനം,ത്യാഗം ഇവയൊന്നും പോരാഞ്ഞതിനുള്ള ശിക്ഷയാണോ ഇത്. അതോ അവർ ത്യാഗത്തിന്റെ ബിംബങ്ങൾ ആയതുകൊണ്ടോ ?
എനിക്ക് ഇത് സഹിക്കാൻ കഴിയുന്നതിനു അപ്പുറമായിരുന്നു.

അതുകൊണ്ട് അതുകൊണ്ടു മാത്രം ഞാൻ ഈ പ്രതിമയെ ആരും നഗരത്തിന്റെ തിരക്കിൽ എത്താതിരുന്ന ഒരു ഹർത്താൽ ദിവസം സൂക്ഷ്മതയോടെ, വളരെ പണിപ്പെട്ടു സ്തംഭത്തിൽ നിന്നും ഇളക്കി മാറ്റി നഗരത്തിലെ ഈ വലിയ ഓവർ ബ്രിഡ്ജിന്റെ അടിയിൽ, സുരക്ഷിതമായി വെയിൽ കൊള്ളാതെ, മഴ നനയാതെ, ചീഞ്ഞഴുകിയ മാംസക്കഷണങ്ങൾ കൊത്തിപ്പറിച്ചു കഴിക്കാൻ, തൂറാൻ കാക്കകളെ അനുവദിക്കാതെ, തുടച്ചു വൃത്തിയാക്കി മിഴിവോടെ, ബഹുമാനത്തോടെ പ്രതിമയെ സ്ഥാപിച്ചു.

അത് അക്ഷന്തവ്യമായ തെറ്റായി അവർ വിധിയെഴുതി. എന്നെ ഭ്രാന്തനാക്കാൻ ചിലർ ശ്രമിച്ചെങ്കിലും അത് നടന്നില്ല. എന്റെ ചോദ്യങ്ങളെ ഒരു ഭ്രാന്തന്റെ ജല്പനങ്ങളായി എല്ലാവര്ക്കും തോന്നിയില്ല. പക്ഷെ പ്രതിമയെ ആ വരണ്ട പൊള്ളുന്ന ചൂടിൽനിന്നും, മഴയപെയ്ത്തിൽ നിന്നും സംരക്ഷിച്ചതിനു എനിക്കും പ്രതിമക്കും കിട്ടി ശിക്ഷ. എന്നെ വലിയ കുറ്റം ചുമത്തി ജയിലിൽ അടച്ചു. പ്രതിമയെ കാക്കക്കു വിശ്രമിക്കാൻ, വെയിലും ചൂടും കൊള്ളാൻ നഗരത്തിരക്കിലെ സ്തംഭത്തിലേക്കും.

പാവം പ്രതിമ രാത്രിയിൽ നഗരത്തിലെ തിരക്കൊഴിയുമ്പോൾ അസാന്മാർഗിക വേഴ്ചകൾ ഇനിയും കാണണം. വാഹനങ്ങളുടെ പുകപടലങ്ങളാൽ കറുത്തു കരുവാളിക്കണം, കൊടും വേനലിൽ, വർഷത്തിൽ ഉണങ്ങിയും, നനഞ്ഞും ദിനരാത്രങ്ങൾ നീക്കണം, ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ ശിരസ്സിൽ വഹിക്കണം. കാക്ക കാഷ്ടിച്ചു മറഞ്ഞ കണ്ണും, അടഞ്ഞ കാതും, വികൃതമായ മുഖവുമായി നഗരത്തിന്റെ സൗന്ദര്യ വത്ക്കരണത്തിന്റെ നോക്കു കുത്തിയായി..ഒരു സംസ്ക്കാരത്തിന്റെ ദേശത്തിന്റെ പ്രതീകമായി വീണ്ടും ആ ശിലാ ഫലകത്തിന്റെ കാവൽക്കരനെപോലെ!!

സാരമില്ല ഈ പ്രതിമയെ കണ്ട് ഒരു ജനത ഊറ്റം കൊള്ളട്ടെ, ആത്മാഭിമാനത്തിന്റെ പാഠങ്ങൾ പഠിക്കട്ടെ, ത്യാഗ സുരഭിലമായ ഗീതങ്ങൾ രചിക്കട്ടെ. ഞാൻ ഈ കൽതുറങ്കിൽ കിടന്നുകൊള്ളാം. അതാണ് ഭേദം.

By ivayana