താഹാ ജമാൽ*
കുറച്ച് ദിവസം കാഴ്ചയുടെ നടുവിലായിരുന്നു. ചെവിയടഞ്ഞു തുടങ്ങുന്ന വാർത്തകളിൽ നിർവികാരതമാത്രം ഖനീഭവിക്കുന്നു. മിണ്ടാതിരുന്നാൽ ഇരുട്ടിൻ്റെ കരങ്ങൾ എന്നെയിരുട്ടിൽ ഞെരിച്ച് കൊല്ലും. തീർച്ച.
എണ്ണത്തിന്
അക്കങ്ങൾ പിന്നിടാനാണിഷ്ടം.
പിഞ്ചിക്കീറിയ ഉടുപ്പ്
ബലഹീനരുടെ റീത്തായിരുന്നു.
സ്റ്റോപ്പില്ലാത്ത വണ്ടികളിലെ
പരസ്യം വായിക്കാൻ കഴിയാത്തതുപോലെ
കാമാതുരമാക്കപ്പെടുന്ന യുവത്വങ്ങൾ.
പ്രഭോ,
എവിടെയോ പിഴച്ചിരിക്കുന്നു
പിരിവുകാർ മടങ്ങിപ്പോയ വീടുകളിൽ
തൂക്കിയിട്ട അടിവസ്ത്രങ്ങൾ
മോഷണം പോയിരിക്കുന്നു.
പെറ്റിക്കോട്ടുകൾ കാറ്റത്താടുന്നു
കുഞ്ഞുടുപ്പുകൾ വിവസ്ത്രരാക്കപ്പെടുന്നു.
മൗനം ഇമവെട്ടി മരിയ്ക്കുന്നു
നിയമം
പുള്ളുവൻ പാട്ടുപോലെ
വാഴ്ത്തിപ്പാടലിന് വെഞ്ചാമരം വീശുന്നു.
പ്രഭോ
അങ്ങയുടെ നിദ്ര
ആഴങ്ങളിൽ നിന്നും ആഴങ്ങളിലേക്ക്
പലായനം ചെയ്യപ്പെടുന്നു.
വസന്തങ്ങൾ മരിച്ച പുഴയിലെ
അമ്മമീനിൻ്റെ കണ്ണീരിൽ പുഴ നിറഞ്ഞു കവിയുന്നു
ഉണക്കാനിട്ട നിക്കറുകളിൽ നിന്നും
പ്രത്യയശാസ്ത്രങ്ങൾ
വഴി പിഴയ്ക്കുന്നു.
കൂകിപ്പായുന്ന തീവണ്ടിയുടെ
ഒച്ചയാണ് എല്ലാറ്റിനും കാരണം
തീവണ്ടിയുടെ ഒച്ച കാരണം
ഞാനൊന്നും കേട്ടില്ല
ഞാൻ മിണ്ടിയാൽ
ഞാനും ആക്രമിക്കപ്പെട്ടേക്കാം.
പ്രഭോ
അടിയാളരെ അടിമകളാക്കരുത്.
അടിമകളെ അടിയാളരുമാകരുത്
നിർവ്വികാരത
കാറ്റുകൾക്ക് സമ്മാനമായ് കൊടുക്കരുത്.
മിണ്ടാനാവാതെ നിസ്സഹായരായവരിൽ നിന്നും
ഞാൻ പുറത്തു ചാടുന്നു.
വിദൂഷകർ മരിയ്ക്കാത്തതിനാൽ
ഉത്തമ ശിഷ്യന്മാർ
വീണ്ടും വീണ്ടും വിശുദ്ധരാക്കപ്പെടുന്നു.