അടുപ്പിൽ
കഞ്ഞിവെക്കാനുള്ള
വെള്ളംവെച്ചിട്ട്
ഉമ്മ
ഹാജിയാരുടെ വീട്ടിലെ
നെയ്ച്ചോറുവെക്കാനുള്ള
നെല്ലുകുത്താനിറങ്ങും.
കാഞ്ഞവയറിന്റെ
ക്ഷീണത്തെ
മുറുക്കി കെട്ടി,
നീണ്ടുപോയ
മുണ്ടിന്റെ
കോന്തലകൾ
കാറ്റിലാടുന്നുണ്ടാവും.
വഴിനീളെ
കരച്ചിലുകളേയവർ
ഓടിച്ചുതീർക്കും.
നെല്ലുകുത്തി പാറ്റുമ്പോൾ
നെയ്‌ച്ചോറരീന്റെമണം
അവിടെയെല്ലാം
വട്ടംകൂടിനിൽക്കും.
പത്തുമണികാപ്പിയും,
ഉച്ചക്കഞ്ഞിയും
നോയമ്പെടുത്തോണ്ട്,
വേണ്ടെന്നൊരു
കളവുപറയും.
ഉള്ളംകുഴിച്ചെടുത്തൊരു
നെടുവീർപ്പിനേ
കുടിലിലേക്ക്
പറഞ്ഞയക്കും.
മക്കളുടെ വിശന്നവയറും
കെട്ടുപോയ
അടുപ്പും
ഉമ്മാന്റെനെഞ്ചിലപ്പോൾ
ആളിക്കത്തും.
വൈകിട്ട് വീട്ടുകാരി
കൊടുത്ത
പൊടിയരിയുമെടുത്ത്
പിന്നെയൊരു
കൊടുങ്കാറ്റാണ്
വീട്ടിലേക്ക്പായുക.
കരച്ചിലെല്ലാം
വഴിയിൽ വലിച്ചെറിയും,
മുഖത്തെവാടിപ്പോയ
പൂവിനെ തുടച്ചുതുടച്ചു
ചിരിപ്പിക്കും.
തിളച്ചുവറ്റിപ്പോയ
മക്കളെതട്ടിവിളിച്ചു,
പൊടിയരികഞ്ഞിവിളമ്പും.
കഞ്ഞികുടിക്കുബോൾ
മക്കൾ പറയും
ഉമ്മാക്ക് നെയ്‌ച്ചോറിന്റെ
മണമാണെന്ന്.
റഫീഖ് പുളിഞ്ഞാൽ
പ്രിയ സ്നേഹിതന് ഈ വായനയുടെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ .