യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കൊവിഡിന് ശേഷം നാശം വിതച്ച് പ്രളയം. പടിഞ്ഞാറന്‍ ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് പ്രളയം കനത്ത നാശം വിതച്ചത്. ഇതിനോടകം 92 ലേറെ പേര്‍ മരണമടഞ്ഞതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ കണക്കുകള്‍ അതിലും മുകളിലാകാനാണ് സാദ്ധ്യത. ജര്‍മനിയില്‍ ഒഴുക്കില്‍ പെട്ട് കാറുകളും ബസുകളും ഒന്നിനു മുകളില്‍ ഒന്നായി കിടക്കുന്ന കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ മാത്രം ചുരുങ്ങിയത് 50 പേരെങ്കിലും മരണമടഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പ്രളയ ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ‘ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് ദു:ഖിക്കുന്നു. ഞങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. വളരെ കൂടുതല്‍ ആളുകള്‍ ഇതിനോടകം തന്നെ മരണമടഞ്ഞതായി കരുതുന്നു’ മെര്‍ക്കല്‍ വാഷിംഗ്ടണില്‍ വച്ച് പറഞ്ഞു. നിരവധി മരണങ്ങള്‍ ഉണ്ടായ ഷൂള്‍സി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.കുന്നുകളുടെയും ചെറിയ താഴ്വരകളുടെയും അഗ്‌നിപര്‍വ്വത പ്രദേശമായ ഈഫലില്‍ ഉടനീളം ഗതാഗത സൗകര്യങ്ങള്‍ നശിച്ചിട്ടുണ്ട്. ഫോണ്‍, ഇന്റര്‍നെറ്റ് തകരാറുകളും ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി.