പള്ളിയിൽ മണികണ്ഠൻ*
മുമ്പൊക്കെ മുത്തശ്ശി പാടിത്തരാറുണ്ട്
‘കർക്കടം ദുർക്കട’മാണുകുഞ്ഞേ…
കഞ്ഞിമുട്ടിക്കുന്ന കർക്കടം നീങ്ങിയാൽ
വർണ്ണക്കുടചൂടി ചിങ്ങമെത്തും.
മാമലനാട്ടിലലങ്കാരദീപമായ്
ചാലവേ പൂക്കൾ വിരിഞ്ഞുനിൽക്കും.
ചിങ്ങത്തിലാനന്ദമോരോ ദിനങ്ങളും
തുള്ളിക്കളിച്ചു കടന്നുപോകേ
കുഞ്ഞിളംപുഞ്ചിരി ചുണ്ടിൽനിറച്ചുകൊ‐
ണ്ടത്തം പടികടന്നെത്തുമല്ലോ.
അത്തത്തിലാമോദചിത്തരായ് കുഞ്ഞുങ്ങൾ
തെക്കേതൊടിയിൽ നിറയുമല്ലോ.
പൂവേ പൊലിപൊലിയെന്നു പാടികൊണ്ട്
പൂക്കളോരോന്നായിറുക്കുമല്ലോ.
പൂക്കളിറുത്തു കിടാങ്ങൾ കഴുത്തിലായ്
തൂങ്ങും പൂവട്ടിയിൽ ചേർക്കുമല്ലോ.
ചാണകം തേച്ചുമിനുക്കും കളത്തിലാ‐
പൂക്കളാൽ ചിത്രം വരയ്ക്കുമല്ലോ.
തൂവർണ്ണഭംഗിയിൽ നാളുകൾ നീങ്ങവേ
പൊൻതിരുവോണ ദിനമടുക്കും.
പുത്തനുടുത്തുകൊണ്ടെല്ലാരുമൊന്നിച്ച്
തൂശനിലയ്ക്കുചാരേയിരിക്കും.
കുത്തരിചോറിനോടൊപ്പമൊരഞ്ചെട്ടു-
തൊട്ടുകറികളും പപ്പടവും
കൂട്ടിക്കുഴച്ചുണ്ട് മാമലനാട്ടുകാ‐
രാനന്ദചിത്തരായ് പാട്ടുപാടും.
മാബലി നാട്ടിലേക്കെത്തുമെന്നോർക്കവേ
മാമലനാട്ടിലാവേശമേറും
മന്നൻ ഭരിച്ചൊരീ മണ്ണിതിൽ മാനുഷ‐
മാനസം മാധുര്യ ചഷകമാകും.
കർക്കിടകം വന്നടുക്കുമ്പോഴിന്നെന്റെ
മുത്തശ്ശി മെല്ലെ പിറുപിറുക്കും
ഉണ്ടുറങ്ങാനുള്ള സമ്പത്തു കൂടവേ
ഇന്നത്തെ മാനുഷനെന്നുമോണം.
ഒത്തൊരുമിച്ചിരുന്നുണ്ണുവാനുള്ളവർ‐
ക്കൊട്ടും സമയമില്ലെന്റെ ശംഭോ
പതിയൊരു ദിക്കിലേക്കോടുന്നു പത്നിക്കു‐
മുണ്ടുസമ്പത്തിനായ് പലദിക്കുതാണ്ടുവാൻ.
ഇടയിൽപിറക്കും കിടാവിനോടോണത്തിൻ
കഥചൊല്ലുവാനാർക്കുമില്ല നേരം
പൊക്കിൾകൊടിയറ്റുവീഴും നിമിഷത്തി‐
ലെത്തും പടിയ്ക്കലായ് സ്കൂളുവണ്ടി.
സമ്പത്തുകൂമ്പാരമാകവേ മാനസ
ഹൃത്തിലിന്നാർദ്രതയന്യമായി
പത്താണ്ടുകൂടി കഴിയവേ ഓണമെ‐
ന്നുള്ളവാക്കുംകൂടിയന്യമാകും.
കർക്കടത്തേക്കാളും ദുർക്കടമാണിന്ന്
മാമലനാടിന്നവസ്ഥ ശംഭോ
ശംഭോ ശിവശിവ ശംഭോ ശിവശിവ
ശങ്കരാ നിയെന്നെ കൊണ്ടുപോണേ…