വൃത്തം: മന്ദാക്രാന്ത (വിനോദ് വി.ദേവ്.)
മിന്നാമിന്നീ ജ്വലനപതഗേ എന്റെമേൽ വന്നിരിക്കൂ..
പ്രേമക്ലാന്തൻ അവശനിവനിൽ ദീപനാളം തെളിക്കൂ ..!
പൂർണ്ണാമോദം ചെവിതരികടോ എന്റെ രാഗോംഗിതങ്ങൾ
നല്ലാർവേണീ തരുണിമണിയോ – ടൊന്നുപോയോതിയാലും.
അഗ്നിച്ചില്ലായ് തവതനുവിലീ സ്വർണ്ണനാളം ജ്വലിക്കേ ,
രാത്രിക്കാഴ്ച സുലഭമമലം നിന്റെ ഭാഗ്യങ്ങളല്ലേ !
പ്രേമിപ്പോർക്കായ് നലമഖിലവും നീ ചൊരിഞ്ഞീടിൽ നിന്നെ ,
മാനിച്ചോർക്കും പ്രണയവിവശർ സംശയംലേശമില്ല .
മിന്നാമിന്നീ ! ഹൃദയപുളകം നിന്റെ സൗഹാർദ്ദമോർത്താൽ ,
യാമംതെറ്റും അധികചപലം വാക്കുഞാനോതിയാലും
മാത്രയ്ക്കുള്ളിൽ ,മനമുരുകുമീ ശുദ്ധസന്ദേശമെല്ലാം
കാന്താമൗലീ പ്രിയവനിതയെ കണ്ടുനീ ചൊല്ലിയാലും.
കാമോദ്ദീപം കുസുമഗണവും പൂത്തുരാത്രിക്കുമേലെ ,
തെക്കൻക്കാറ്റിൻ പവിഴരഥവും ഓടിയെത്തുന്നു വേഗം ,
നിദ്രായാമം നിറയുമഴകായ് പൂത്തുനില്ക്കുന്നു താരം
രാത്രിഞ്ചാരീ പ്രവരപതഗേ യാത്രയാക്കട്ടെ നിന്നെ !