രചന : കൃഷ്ണമോഹൻ കെ പി ✍
ചെന്നിറമോലുന്ന ചെമ്പരത്തീ നിന്നെ
ചന്തത്തിലൊന്നങ്ങു കാണുവാനും
ചെന്തീക്കനലൊക്കും ചിന്തകൾക്ക്
ചൈതന്യ സൗഭഗമേകുവാനും
ചുമ്മാതെയെത്തുന്നു മൂന്നാംദിനം
ചോതി നക്ഷത്രം തിളക്കമോടേ
ചാമരം വീശും തരുലതകൾ, പിന്നെ
ചാരുവാം ഗാനം കിളികൾ മൂളും
ചേതോവികാരങ്ങളുജ്ജ്വലമായ്
ചോതിയിൽ താനേ വിളങ്ങി നില്ക്കും
ചേതോഹരങ്ങളാം ചിത്രങ്ങളീ
ചാരുതയാർന്നൊരു ഭൂമിതന്നിൽ
ചാലേ വരയ്ക്കുവാനായണവൂ
ചോതി സ്വത:സിദ്ധ താളമോടേ
ചോദ്യങ്ങളില്ലാ പറച്ചിലില്ലാ, വെറും
ചാരുറ്റ ചിത്രങ്ങൾ മാത്രമത്രേ…..
ചെമ്പരത്തിപ്പൂക്കൾ പൂക്കളത്തിൽ
ചെമ്മേയണയുന്നു ചോതി നാളിൽ
ചെന്തൊണ്ടി വായ് മലർ ആനനത്തിൽ
ചന്തം പകരുന്ന പോലെ മുഗ്ദ്ധം🏵️