ഇരുട്ട് ഇടംപിടിച്ചഴുകിയ
ഇന്ദ്രിയക്കാടിൻ ശിഖരങ്ങളിൽ
വിഷാദമേഘങ്ങൾ
കളിയാടുംമുൻപ്
ചിങ്ങമാസ തിരുമുറ്റത്ത്
ചെറിയൊരു കുമ്പിളിൽ
എനിക്കും ഉണ്ടായിരുന്നു
പനിനീരിൻ പൊയ്കയും
പൂന്തണലും

പുലർക്കാലമതിൻചാരെ
സുമറാണിമാർ വിരുന്നെത്തി
ചിരിതൂകിയെന്നിലെ
അനുരാഗവീണയിൽ
ചിലങ്കകൾ കെട്ടിയാടിയതൊക്കെ
നിങ്ങൾക്കോർമ്മയുണ്ടോ
അത്തം ചിത്തിര ചോതി
ഗണങ്ങളേ…

പുഴയുടെ ഓളങ്ങൾ
മിഴികൂപ്പിയെന്നോട്
പ്രണയാഭിലാഷങ്ങൾ
ചൊല്ലിയ ഋതുക്കളിൽ
അവയുടെ ചികുരതല്പത്തിൻ
തിളങ്ങിയ പട്ടുനൂൽചേലയിൽ
അവിരാമം ഞാൻ മെഴുകിയ
അനന്തകോടി ഭാവനാതാരകൾ
പടികടന്നോടിപ്പോയ്
പിടിതരാതെ
പകലിന്റെ പരിണാമപാതയിൽ

ജയരാജ്‌ പുതുമഠം

By ivayana