രചന : കുന്നത്തൂർ ശിവരാജൻ✍
കിനാവ് കണ്ടു കൊതിയടങ്ങിയില്ല
മരിക്കാൻ മനസ്സും വരുന്നില്ല.
വ്യാഴവട്ടക്കാലമൊന്ന് കഴിഞ്ഞിട്ടും
നീയിന്നുമെന്റെ പുതുമണവാളൻ!
മഞ്ഞൾക്കല്യാണമത്രെ നടന്നുള്ളൂ
താലികെട്ടിനു രണ്ടുനാൾ-
ബാക്കിയുണ്ടല്ലോ!
നീ നിറഞ്ഞാടുമെന്റെ സ്വപ്നങ്ങൾ
ഒരുനാളെന്നെ ഭ്രാന്തിയാക്കുമോ?
നിൻ ടൂവീലർ പ്രകടനത്തിൽ
കാണികൾ പ്രകമ്പനം കൊള്ളും.
കരഘോഷംനിന്നെ ശൂരവീരനാക്കും
അവർ നോട്ടുമാലയാൽ നിന്നെ-
പൊതിയും !
നിന്റെ വേലകൾനെഞ്ചെരിഞ്ഞല്ലോ
കണ്ടുനിൽക്കുവാനാവതുള്ളൂ…
പിൻവീലിൽ വണ്ടിയെങ്ങനെ
വാനിലേക്കുയർത്തും നീ?
നിൻ സാഹസങ്ങൾ കണ്ടുകണ്ട്
നിന്നിലനുരക്തയായവൾ ഞാൻ!
എന്നുമെന്നും പുലർ വേളയിൽ
നിലം പതിച്ചും ശിരസ്സുടഞ്ഞും
എന്റെ മുന്നിൽ നീ ചിതറിടുന്നല്ലോ!
ആർത്തലച്ചുഞാനുണർന്നിടുന്നല്ലോ
തലികെട്ടിന് കാത്തിരുന്നവളിന്നും
എരിതീയിലാണ്ട് പോകുന്നു!
രണ്ട് നാൾ കൂടിയെന്ന് നീ – ഇന്നും
കാത്തിരിക്കാൻ കാതിലോതുന്നു!
——–