ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

നിഗൂഢനേരങ്ങളിൽ
വാഷ് ബേസിനടുത്തുള്ള പൈപ്പിന്റെ
പൊക്കിളിൽ നിന്ന് നിശബ്ദമായി
ഒരു തടാകം പുറപ്പെടുന്നു
അടുക്കള ഒരു തടാകമാകുന്നു
ആരുമില്ലാത്ത തക്കം നോക്കി
തട്ടുകളിലിരിക്കുന്ന വെളുത്തുള്ളികൾ
ചിറകു കുടഞ്ഞ് ഇറങ്ങി വരുന്നു
അരയന്നങ്ങളായി നീന്തുന്നു.
തടാകക്കരയിൽ ഉരുളക്കിഴങ്ങുകൾ
ഉരുളൻകല്ലുകളായി ധ്യാനിക്കുന്നു
ഗ്ലാസുകളും പ്ലേറ്റുകളും സ്പൂണുകളും
മുട്ടോളം ഉയരമുള്ള തടാകത്തിന്റെ
ഉപരിതലത്തിൽ നീന്തുന്നു
തക്കാളികളും വെണ്ടക്കകളും
തടാകക്കരയിലൂടെ സല്ലപിച്ചു നടന്നുപോകുന്നു
നിഗൂഢ നേരങ്ങളിൽ അവൾ അടുക്കളയിലേക്ക്
ഒരു മോഹനിദ്രയിൽ ഇറങ്ങിപ്പോകുന്നു
അവൾ മന്ത്രിച്ചൂതുമ്പോൾ കാബേജിന്റെ
ഇളംപച്ച ഉടുപ്പുകൾ ഒന്നൊന്നായി വിടുവിച്ച്
അതിനകത്ത് നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നു
രണ്ട് ഉരുളക്കിഴങ്ങുപാറകളിൽ അവരിരിക്കുന്നു.
അയാളുടെ മടിയിൽ അവൾ മയങ്ങുന്നു
മക്കാവ് തത്തകളായി
പകുതി രൂപാന്തരം സംഭവിച്ച ചിരവകൾ
തടാകത്തിനു മീതെ പറക്കുന്നു
ഒരു വെളുത്ത പോഴ്സെലിൻ പിഞ്ഞാണം
ചന്ദ്രവട്ടമായി അന്തരീക്ഷത്തിൽ നിൽക്കുന്നു
അയാൾ, അവളുടെ ഭർത്താവ്
അടുക്കളയോടു ചേർന്നുള്ള
കിടപ്പുമുറിയിൽ
വായ തുറന്ന് ഉറങ്ങുന്നു ;
ഒന്നുമറിയാതെ.

കുട്ടുറവൻ ഇലപ്പച്ച

By ivayana

Leave a Reply

Your email address will not be published. Required fields are marked *