രചന : സഫൂ വയനാട്✍
ങ്ങക്കിത് വെറും കാടായിരുന്നില്ലേ?
കാണാൻ ഭംഗീള്ള കാഴ്ചയായിരുന്നില്ലെ?
ഞാള് വെറും കാട്ട് ജാതിക്കളാ യിരുന്നില്ലേ?
എന്നാലാ കാട് ഞാളെ ജാതി മാത്രല്ല,
നാടേനൂ,വീടേനൂ,അമ്മയേനൂ..
ഇന്നലെ വന്നോര് പറയണൂ
വയനാട് പണ്ടത്തെ വയനാടല്ലാന്ന്..
കാടെല്ലാം നാടായ് മാറീന്ന്,
കാട്ടാറും കബനീം മെലിഞ്ഞുണങ്ങീന്ന്,
വെൽക്കം ചെയ്യുന്ന വയലറ്റ് വേലിയേരി
കാണാനേയില്ലെന്ന്.
പണ്ടു പണ്ട് വിഷാദത്തിന്റെ തുമ്പി
ചിറകുകളും മേഘാവൃതമായ
കവിളുകളുമുള്ള ഒരു കുട്ടി
ഇടക്ക് കാട്കേറുന്നു , കാട്ടു പൂക്കളോട്
മിണ്ടുന്നു , കാട്ടു തേൻ നുകരുന്നൂ ,
കാട്ടു കുറിഞ്ഞികളോട് കൊഞ്ചുന്നു .
എന്നും വിരുന്നെത്തുന്ന മഴപെണ്ണാണ്
ഓൾടെ ഉറ്റതോഴി.
കാട് ഓളെ മടിയിൽ കിടത്തും,
കാട്ടു വള്ളികൾ ഇറങ്ങി വന്ന് മുടിയിൽ
അരുമയോടെ തലോടും,
വിരൽ കോർത്ത് കൊറേ കഥോള് പറയും
കാട്ടു പെണ്ണിന്റെ കള്ളക്കാമുകൻ കാറ്റ് വന്ന്
പുല്ലെണ്ണ കൊണ്ട് കണ്ണെഴുതും.
അതേ…കാട് വളർത്തിയ കുട്ടി
യായത് കൊണ്ടാണ് ഞാളിങ്ങനെ
കാടിനെ കാത്തു വെക്കുന്ന കടല് പോൽ
ഉപ്പ് രസമായതെന്ന രഹസ്യമിനി മൂടി വെക്കുന്നില്ലട്ടോ..
കുയിലിനൊപ്പം പാട്ട് പാടും
കാട്ടു മൃഗങ്ങളോട് ചങ്ങാത്തം കൂടും
കാട്ടു കനികൾ ഭക്ഷിക്കും
കാട്ടു തേൻ നുകരും, ങ്ങക്ക്
അറിയോ കാട് ഞാളെ തറവാടാ..
ഒരൂസം കൊറേ പേർ വന്ന്
തറവാട് കുത്തി പൊളിക്കാൻ തുടങ്ങി.
മരങ്ങൾ പിഴുതെറിഞ്ഞു
കാട് വെട്ടി കെട്ടിടങ്ങൾ പണിതു.
കാടെന്നെ വിട്ട് പോയപ്പോ
കൂട്ടരെല്ലാം കൂടെ പോയ്.
ഭൂമി വറ്റി വരണ്ടു
എന്നും വിരുന്നെത്തിയിരുന്ന
മഴ പെണ്ണ് ആണ്ടിനോ
ചങ്കിരാന്തിക്കോ വന്നാലായി.
കണ്ണ് കലങ്ങുമ്പോ കാട് കാട്ടാറിന്റെ
ഒച്ചയിലിപ്പൊ ഞാളെ വിളിക്കാണ്ടായി.
കാണാതായ കാടിനെ, കാട്ടു പൂക്കളെ
ഓർത്ത് കവിളിലൂടൊരു തിര ഊളിയിട്ടു .
കാടെ…. ന്റെ നാടെ,വയനാടെ… എനിക്കാ
പഴേ നിന്നെയൊന്നു കെട്ടിപ്പിടിക്കാൻ തോന്നണു ,
കാട്ടരുവിയിൽ നീന്താൻ തോന്നണു.
യ്യ്, യ്യൊന്ന് ന്റെ കൂടെ വരോ?
ചിന്ത പെരുത്ത് പെണ്ണ് കാട്
കേറാൻ തുടങ്യപ്പോ അമ്മമ്മ
നങ്ങ പണിച്ചി മേല്പോട്ട് നോക്കി പിറുപിറുത്തു.
“ന്റെ മോളെ ചീക്കി കൊണാക്കി
തരാണെ ഞാളെന്താക്കാനാ
നീയെല്ലാണ്ടാരാ ഞാക്ക്”?
കാട്ടു പെണ്ണിന്റെ മനസ്സിലിപ്പോ
ഓർമ്മ വിത്ത് കുമിഞ്ഞു കൂടുന്നുണ്ട്.
ആകാശം പിഴിഞ്ഞിട്ട രണ്ടു തുള്ളി
മാരിയിൽ അവ പൊട്ടി
മുളയ്ക്കുന്നുണ്ട്.വളർന്നു
വളർന്നതൊരു കാടാവും,
ഞാളെ വയനാടിന് ചേക്കേറാൻ.