രചന : ബേബി സരോജം ✍
മിഴികൾ തുറന്ന്
വഴികൾ നോക്കി
സഞ്ചരിച്ച മാത്രയിൽ
വഴിയിൽ നിന്നൊരു
തൊട്ടാവാടിച്ചെടിയെന്നെ
തൊട്ടുടൻ വാടി…
മനസ്സിൽ കയറിക്കൂടിയ
പ്രണയം പോലെ….
ഈ യാത്ര ഒടുങ്ങുന്നതിൻ
മുന്നേയീ പ്രണയം
മൊഴി ചൊല്ലേണ്ടി വന്നു.
വഴികളിൽ കാലിടറാതിരിക്കുവാൻ
കല്ലുംമുള്ളും ഇല്ലാത്തിടം തേടി ….
അപ്പോഴുമാ പ്രണയംമാത്രം
ഹൃദയത്തുടിപ്പിനൊത്തു
നൃത്തം ചവുട്ടിമെതിച്ചു….
മിഴികളടച്ചാലും
തുറന്നാലും മനോമുകുരിത്തിലാ
പ്രണയം പൂത്തുലഞ്ഞു നിന്നു….
പ്രണയം മധുരം
തരുമെന്നത് സാങ്കല്പികമാത്രയിൽ
മിന്നിത്തെളിയുന്ന
തീപ്പൊരി മാത്രം….
അകാരണമായി
അസ്വസ്ഥതകൾക്ക്
അവസരംമൊരുക്കാനായി
അനവസരത്തിൽ കടന്നു വരുന്ന
അരോചകം മാത്രമായി
മാറുന്ന പ്രണയം….
പ്രണയത്തെ മൊഴി ചൊല്ലിയയ്ക്കുവാനായി
പല തവണ പരിശ്രമിച്ചു..
കഴിയാതെ പോയതെപ്പോഴും…
പ്രണയത്തിൻ വിശ്വാസ്യതയെ
തച്ചുടച്ചു തരുണീമണികൾ
കടന്നു വന്നു തൊട്ടാൽ തരിപ്പണമാകുന്ന
ചില ജീവിതങ്ങൾ….
പ്രണയമൊരു
വിവാദ വഴിയായി ….
വിവാദം കൂരമ്പുപോലെ
ഹൃദയഭിത്തികളിൽ
തറച്ചിറങ്ങി പ്രണയനിണം ചിന്തി
പല വഴിയിലൊഴുകി…
പ്രണയമൊഴി വിവാദത്തിലൊഴുകിയെത്തി…
ഹൃദയവാതിലുകൾ
കൊട്ടിയടച്ചു..
മിഴികളിൽ നീർച്ചാലുകൾ
ദുഃഖത്തിൻ അരുവികളായി
പതഞ്ഞൊഴുകി….
ചാരുലതകൾ പ്രണയ വൃക്ഷത്തിൽ പടർന്നു
ചുറ്റിപ്പിണഞ്ഞു വളർന്നു കയറി…
കുരുങ്ങിപ്പിണഞ്ഞു
കയറുന്നതിൽ മുന്നേ
ഊർന്നിറങ്ങി
പ്രണയമൊഴി ചെല്ലി
തീവ്രദുഃഖേന …
ഇനിയുമൊരു വിവാദമില്ല
പ്രണയ സന്ദേശമില്ല
വഴിയിലൊരു മിഴി നിന്നെ
തേടുകില്ല …
അവിടെയൊരു
പ്രണയപ്പുഴയൊഴുകില്ല
ഒരു നാളിലും …..
മാപ്പ്..പ്രണയമേ മാപ്പ്🙏🙏🙏