ഞാനെന്റെ മക്കൾക്ക് വേണ്ടിയാണ് സഫീ ജീവിച്ചത് എന്നിട്ടും …..!!
ചേച്ചി പറയാൻ വന്ന വാക്കുകൾ ചങ്ങലയ്ക്കിട്ടു. എന്നിട്ടും ആ ഹൃദയത്തിന്റെ ഇരമ്പൽ എനിക്ക് കേൾക്കാമായിരുന്നു.
എപ്പോഴും കണ്ണുകളിൽപോലും പുഞ്ചിരി നിറച്ച ചേച്ചിയുടെ മുഖത്ത് ഒരു നിമിഷം എന്റെ നോട്ടം നിശ്ചലമായി.നീളമുള്ള തലമുടി എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
കണ്ണുകളിൽ എത്രയോ വർഷത്തെ സ്വസ്ഥമായ ഉറക്കം തളംകെട്ടി നിൽക്കുന്നു. ഇടയ്ക്കിടെ പതറിപോകുന്ന സംസാരത്തിൽ മനസ്സിന്റെ താളം തെറ്റലിന്റെ സ്വരം ഞാനറിഞ്ഞു.നാല്പത്തിയെട്ട് വയസ്സിലും കൈകൾ ഇങ്ങനെ ചുക്കിച്ചുളിയുമോ? നിറഞ്ഞൊഴുകുന്ന കണ്ണുനീർ കണ്ണിന് തൊട്ട് താഴെ കുഴിയിൽ കുറച്ച് നേരം തങ്ങി നിന്നിട്ട് ഉരുണ്ട് താഴേക്ക് വീഴുന്നു.


വളരെ ചെറുപ്പത്തിലേ പി എസ് സി വഴി ബാങ്ക് ഉദ്യോഗസ്ഥനായ ചേച്ചിയുടെ മകനെ ഞാൻ ഫോൺ ചെയ്തു.കിട്ടിയില്ല. മറ്റൊരു നമ്പർ ചേച്ചി നൽകി, ആ പൊട്ടിയ മൊബൈലിൽ നിന്നും നമ്പർ എടുക്കാൻ അവർ അത്രയേറെ പ്രയാസപ്പെട്ടിരുന്നു.
എന്താഡോ ഇപ്പോൾ വീട്ടിലെ പ്രശ്നം?അവനോടു ഞാൻ ചോദിച്ചു,
ഇത്താ നിങ്ങൾക്കറിയില്ലേ, അമ്മ എന്റെ കൂട്ടുകാരുടെ മുന്നിലേക്ക് ഇറങ്ങിവരുന്നത് അടുക്കളയിൽ നിൽക്കുന്ന അതേ വേഷത്തിലാണ്. ഓഫീസിൽനിന്നും ആരെങ്കിലും വന്നാൽ പണ്ടത്തെ കഷ്ടപ്പാടിന്റെ കഥകൾ വിളമ്പുന്നു. ശമ്പളം കിട്ടുന്നതിന്റെ അന്ന് മുതൽ ഞാൻ ചെലവാക്കുന്നത് അമ്മ അറിയുന്നേയില്ല, മരുന്നും സാധനങ്ങളും ഒക്കെ ഞാൻ തന്നെ വാങ്ങണം, എനിക്ക് future ഇല്ലേ? ഇതൊക്കെ പറയുമ്പോൾ കരച്ചിലും പിഴിച്ചിലും…..


Ok. നീ ഇവിടെ വരെയൊന്ന് വരണേ എന്ന് മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചു.അപ്പോഴും എന്റെയുള്ളിൽ അവന് ജോലി കിട്ടുന്നതിനും മുമ്പ് അകന്നുനിന്ന കൂട്ടുകാരുണ്ടായിരുന്നു, അവന്റെ ഓടിയൊളിച്ച ഭാവമുണ്ടായിരുന്നു.
ചേച്ചീ, നിന്നോട് ഞാൻ അന്നേ പറഞ്ഞതാണ് മക്കളെ പഠിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധകൊടുക്കരുത്. അവർക്കായി സാധനങ്ങൾ വാങ്ങുന്നതിൽ മാത്രം സന്തോഷം അനുഭവിക്കരുത്, അവർക്കായി വിളമ്പുന്നതിൽ മാത്രം നിന്റെ വിശപ്പ് ചാകരുത്….. നീ അവർക്കൊപ്പം പഠിക്കാൻ ശ്രമിച്ചെങ്കിൽ അല്ലെങ്കിൽ ചുറ്റുപാടും ലോകവും ഒന്ന് അറിയാൻ ശ്രമിച്ചെങ്കിൽ അവർക്കൊപ്പം നീ വളർന്നേനെ. നിനക്കിപ്പോൾ വരുന്ന ഗ്യാസ് പ്രോബ്ലം ഒക്കെ ആഹാരത്തിൽ നീ വരുത്തിയ ഗുരുതര പിഴവുകളാണ്. വസ്ത്രങ്ങൾ അവർക്ക് വാങ്ങുമ്പോൾ നീയും വാങ്ങണം, വൃത്തിയായി നടക്കണം, എത്ര തവണയാണ് ഞാനിത് പറഞ്ഞിട്ടുള്ളത്…..!!


നീയിപ്പോൾ ആദ്യമായി ചെയ്യേണ്ടത് മൂന്നാല് നൈറ്റി വാങ്ങുക എന്നതാണ്. വയ്യെങ്കിൽ അതനുസരിച്ച് റെസ്റ്റ് എടുക്കണം. പത്രവും ആനുകാലികങ്ങളും വായിക്കണം. തുടർന്നു പഠിക്കാൻ ശ്രമിക്കണം.ഞാൻ അവനോടൊന്ന് സംസാരിക്കാം. അവരുടെ മുഖത്ത് ചെറിയൊരു ആശ്വാസം കണ്ടു.ഒരു ഈർക്കിലിൽ കുത്തിയ തുണി പാറി പോകുന്നത് പോലെ ആ രൂപം അകന്നകന്നു പോയി…..
വൈകിട്ട് ആ മകൻ വന്നപ്പോൾ എനിക്കും പറയാനുള്ളത് ചേച്ചി അവരെ വളർത്തിയ കഥകൾ തന്നെയായിരുന്നു. അവനറിയാത്ത കുറച്ചേറെ കാര്യങ്ങൾ. മകന് ജോലി കിട്ടുമ്പോൾ തനിക്ക് വാങ്ങിത്തരും എന്ന് കരുതിയ നൈറ്റികൾ.കൊണ്ടുപോകും എന്നുകരുതി മാറ്റിവെച്ച യാത്രകൾ, പുസ്തകങ്ങൾ, മരുന്നുകൾ…..
അവന്റെ ആപ്പിൾ സെറ്റിലേക്ക് ഒരു കാൾ വന്നു. അവന്റെ മുഖം സന്തോഷത്താൽ തുടുത്തു. പിന്നെ വിളിക്കാം എന്ന് പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു.


” അമ്മയുടെ നമ്പറിൽ നിന്നും എത്ര missed calls നിന്റെ ഫോണിലുണ്ട് എന്ന് നിനക്ക് അറിയാമല്ലോ, ഇപ്പോൾ നിന്നെവിളിച്ച പെൺകുട്ടിയുടെ തിരികെ വിളിക്കാത്ത ഒരൊറ്റ missed call നിന്റെ ഫോണിലുണ്ടോ.?”ഞാൻ ചോദിച്ചു.
അവന്റെ മുഖം താഴ്ന്നു, കണ്ണുകൾ നിറഞ്ഞു.
ഞാനെന്താ വേണ്ടത്?
അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി പൂർണ്ണമായ ഒരു ചെക്കപ്പ്, കുറച്ച് ഡ്രസ്സ്‌, ഒന്ന് രണ്ട് ചെറിയ യാത്രകൾ, ഇടയ്ക്ക് ഒരു കാൾ, ഇടയ്ക്കിടെ ഒരു മിട്ടായിത്തുണ്ട്,മാസത്തിൽ അമ്മയുടെ ആവശ്യത്തിനായി കുറച്ച് പൈസ,ഒന്നുമില്ലെങ്കിലും നല്ലൊരു പുഞ്ചിരി, കെട്ടിപിടിച്ചൊരു ഉമ്മ….. ഇത്രയൊക്കെ മതിയെടോ.


സത്യത്തിൽ എന്റെയും തൊണ്ടക്കുഴിയിൽ ഒരു കരച്ചിലിന്റെ വിത്ത് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ട് മരിച്ചുകഴിഞ്ഞിരുന്നു. കണ്ണുകൾ നിറഞ്ഞത് വിദഗ്ധമായി ഞാനൊളിപ്പിച്ചു…..
ഒരാഴ്ച കഴിഞ്ഞ് എന്നെ കാണാൻ വരുമ്പോൾ ചേച്ചി എനിക്കിഷ്ടപ്പെട്ട ബ്രിട്ടാണി ബിസ്ക്കറ്റ് വാങ്ങിക്കൊണ്ടുവന്നിരുന്നു. എത്രയോ നാളുകൾക്കു മുൻപ് ചേച്ചി മറന്നതാണ് എന്റെ ഇഷ്ടങ്ങൾ. സ്വസ്ഥതയില്ലാത്ത മനസ്സുകളിൽ ചില ഇഷ്ടങ്ങൾ ജീവിച്ചിരുന്നാലും അവരറിയില്ലല്ലോ…..
മുഖത്ത് പുഞ്ചിരിയുണ്ട്. കൈയിൽ ഒരു മോതിരമുണ്ട്,മൊബൈൽ ഫോണുണ്ട്. സന്തോഷം കൊണ്ടെന്റെ കണ്ണുനിറഞ്ഞു. കെട്ടിപ്പിടിച്ചപ്പോൾ ഒരു കൊച്ചുക്കുഞ്ഞിനെ പോലെ അവർ ഏങ്ങിയേങ്ങി കരഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ മകൻ വന്നു,രണ്ടാളും ബൈക്കിൽ കയറി പോകുകയും ചെയ്തു .


പോകുന്നതിന് മുൻപ് ഞാൻ പറഞ്ഞു, 100രൂപ ചെലവാക്കേണ്ട ഇടത്തിൽ മോൻ 60ചെലവാക്കുമ്പോൾ 40രൂപ നിന്റെ കൈയിൽ ഉണ്ടെങ്കിൽ രണ്ടാൾക്കും ഒരു ആശ്വാസമായേനെ. കുറച്ച് പൈസ ഇനിയെങ്കിലും അങ്ങനെയും കരുതുക.മക്കൾക്കും പലവിധ ആവശ്യങ്ങൾ ഇനിയാണ് വരുന്നത്. അപ്പോൾ ഇതേരീതിയിൽ അവർക്ക് എടുക്കാൻ കാണില്ല.
ഈ മാസം ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചേച്ചി ബി എ മലയാളത്തിന് ചേർന്നു.
ഇളയവന് ഒപ്പമെങ്കിലും ചേച്ചിയിനി വളരട്ടെ!!


ശ്രദ്ധിക്കുക, മക്കളെ വളർത്തുന്നതിനൊപ്പം നിങ്ങളും എല്ലാ രീതിയിലും വളരാൻ ശ്രമിക്കുക, ലോകത്തെ, ചുറ്റുപാടുകളെ, മാറ്റങ്ങളെ കണ്ണുതുറന്നു കാണുക!!
അല്ലെങ്കിൽ ആ മകൻ ചോദിച്ച ഒരു ചോദ്യം നിങ്ങളെയും കാത്തിരിക്കുന്നുണ്ട്,
ഞങ്ങൾ പറഞ്ഞോ യാത്ര ചെയ്യരുതെന്ന്, പഠിക്കരുതെന്ന്, വായിക്കരുതെന്ന്, ഇത്തയുൾപ്പെടെ എത്രയേറെ അമ്മമാർ ഇതൊക്കെ ചെയ്യുന്നില്ലേ, എഴുതുന്നില്ലേ, വായിക്കുന്നില്ലേ,മക്കളെ വളർത്തുന്നില്ലേ…..
എല്ലാ കുറ്റവും ഞങ്ങളുടെ മുകളിൽ ചാർത്തരുത്.കഴിവില്ലാത്ത ആളല്ലല്ലോ അമ്മ!!
അമ്മയും outdated ആകാതെ update ആയിരുന്നെങ്കിൽ ഞങ്ങൾ എത്രയേറെ സന്തോഷിച്ചേനെ!

സഫി അലി താഹ

By ivayana