രചന : പ്രകാശ് പോളശ്ശേരി✍
ചേലിൽച്ചേർത്തു നൽസൗന്ദര്യമൊക്കെയും
കവിളിൽ തുടിപ്പാർന്നു വിളങ്ങി നിൽക്കെ
ഉള്ളിൽ കിടപ്പുണ്ടേതോ ദുഖങ്ങളെന്നൊക്കെ
കണ്ണിലാഴത്തിൽ കാൺമതെന്തേ
ചുണ്ടിൽ നിറയുന്ന മധുവിൻ്റെ മാധുര്യം
പണ്ടേ നുകർന്നൊരു പക്ഷി പോയി
ഇന്നു വിരിഞ്ഞു നിറഞ്ഞു നിന്നിട്ടുമെന്തേ
നിന്നെക്കാണാത്തതെന്നു മനം പറഞ്ഞു
കാത്തു സൂക്ഷിച്ചെന്നിൽ ജനിച്ച കായ്കകളൊക്കെയും
കാക്കയുമണ്ണാനുംകൊണ്ടു പോകാതെ.
പാകം വന്നു പഴുത്തു നിറഞ്ഞ നാളിലോ
കാണാതെ നിങ്ങൾ പോയതെന്തേ
മധുവുണ്ടുമടുത്തു പിരിഞ്ഞ ഭ്രമരത്തിനിന്നോ
ർമ്മയുണ്ടാകില്ലെൻ നൊമ്പരങ്ങൾ
ഇതളുകൾ ചവിട്ടിപ്പിഴിഞ്ഞു മധു നുകർന്നു നീയെൻ്റെ
തീഷ്ണയൗവ്വനം കവർന്നുപോയി
അനുഭവിക്കാനായില്ല ജീവിത രാഗങ്ങൾ
അനുഭവവേദ്യമാകുന്നവേളയിൽതന്നെയും,
ഇതളുകൾ പഴുക്കെയായിരിക്കെ നീയോർത്തോ,
ശിഖരങ്ങളിലിനി പുതുമുകുളങ്ങൾ വിരിയില്ലെന്നും
പരിതപിക്കാനില്ല ഞാനിനിയുമീ
പ്രണയം വിരിയുന്ന കാലങ്ങൾ കാണണം
ശ്മശാന തുളസിയല്ല ഞാനിന്ന് ,
സ്വയം ശവം നാറിപ്പൂവായിരിക്കാനുമാവില്ല തീർച്ച.
സന്ധ്യതൻ രാഗച്ചോപ്പറിയണം ഇന്നിൻ്റെ
പ്രണയഭാവങ്ങളിൽ നീന്തിത്തുടിക്കണം
പ്രേമാർദ്രമാം വസന്തചന്ദ്രിക ഒളിവീശുമീ,
മനസ്സിൽച്ചേക്കേറുന്നൊരു മനസ്സിനെ കാണണം
വെൺതിങ്കൾരാകിയ പൊടി കൊണ്ടു ഞാനെൻ്റെ
ശുദ്ധസൗന്ദര്യത്തെതേച്ചുമിനുക്കട്ടെ,
നീ തരുമെന്നു കരുതുന്ന രാഗച്ചോപ്പിനാലെൻ്റെ
കവിളിണ തന്നെയും രാഗാർദ്രമാക്കട്ടെ.
….