രചന : ശ്രീകൃഷ്ണ അഭിഷേക്✍
ഒരിക്കൽ പ്രണയിച്ചു
മറന്നു വച്ച ഒരുവനെ
പിന്നെയും ഒരിക്കൽ കൂടി
പ്രണയിച്ചു നോക്കിയിട്ടുണ്ടോ???
എന്ത് ഭംഗിയാണെന്ന് അറിയുമോ…
രാത്രിയുടെ
അന്ത്യയാമങ്ങളിലെപ്പോളോ
പൂത്തു നിറയുന്ന
നിശാഗാന്ധി പൂക്കളുടെ
സുഗന്ധം കണക്കെ
അവൻ നമ്മെ ശ്വസിച്ചെടുക്കും…
വിദൂരമായോരകാശം
കൈകുമ്പിളിൽ പേറി
നിലാവും നക്ഷത്രങ്ങളും
നമ്മിലേക്ക് കുടഞ്ഞിടും…
പൊള്ളുന്നൊരു വേനൽ കുടിരം
താണ്ടി
കവിതകളുടെ
മരുപ്പച്ചയിലേക്ക്
നമ്മെ കൈപിടിച്ചാനയിക്കും…
ചുംബനങ്ങളുടെ വർഷകാല
മേഘങ്ങളിലേറി
അവൻ നമ്മിലേക്ക് ഒരു
ചുഴലിക്കാറ്റ് പോലെ ചുഴിഞ്ഞിറങ്ങും….
അത്ര മനോഹരമായ
ലഹരിയിലേക്ക്
അവൻ തന്റെ ലാളനകളാൽ
നമ്മേ പിന്നേയും പിന്നെയും
വലിച്ചടുപ്പിക്കും…
ഇനിയൊരിക്കലും
മറന്നു പോകാത്ത വിധം
നാവിൽ അലിഞ്ഞു ചേരുന്നൊരു
രുചിക്കൂട്ടായി പിന്നെയുമാഴത്തിൽ
വേരു പടർത്തും
അപ്പോഴേക്കും നമ്മളൊരു
പ്രണയത്തിന്റെ
മഹാപർവ്വം
സ്വന്തമാക്കി കഴിഞ്ഞിരിക്കും……
🌹ശ്രീകൃഷ്ണ🌹