കണ്ണീരുറഞ്ഞതൻ കൺപോളകളിൽ
കനത്ത നോവിന്റെയുറവിടം തേടുമാ….
ഗതകാലസ്മരണകൾ അയവിറക്കി
ഇനിയുള്ള യാത്രയിൽ കൂടെയാരെന്നുള്ള
ചിന്തയിൽ നിന്നുണർന്നു….
ചുളുങ്ങിയ ശരീരത്തിലെ
വാടാത്തയോർമ്മകളിൽ നിന്നും
ചുരുക്കിയെഴുതുന്ന ജീവിതകഥ
ഹൃദയത്തിൽ വിങ്ങലോടെയോർത്തു
ഞാനിവിടെ കുറിക്കുന്നു….
ഹൃസ്വമാം ജീവിതയാത്രയിൽ
പരിചിതരായി ജീവിതം ഒത്തുപങ്കിടും മുന്നേ
സഹയാത്രികൻ വിടപറയേണ്ടി വന്നപ്പോൾ
തേങ്ങലിൽ മനസ്സും ശരീരവും
തളർന്നുലഞ്ഞപ്പോൾ
നിർവ്വികാരതയോടെ കൂടെയുള്ളവർ
മുഖം ചുളിച്ചു നിന്നപ്പോൾ….
കാലങ്ങളോളം സാന്ത്വനമേകി
ഹൃദയത്തോട് ചേർത്തുപിടിച്ചെന്റെ
മനസ്സ് കവർന്നവൻ….
സ്വകാര്യ സമയങ്ങൾ എനിക്കായ് മാത്രം
നീക്കിവെച്ചെന്റെ നന്മക്കായി വൃതമെടുത്തവൻ….
ദുർബലവികാരങ്ങളെ ചൂഷണം ചെയ്യാതെ
നിർമ്മലമാം ഹൃദയതന്ത്രികളിൽ
നിർവൃതിയുതിർത്തവൻ….
മഞ്ഞുവീണുറഞ്ഞ മനസ്സിൽ
സ്നേഹദീപം തെളിച്ചവൻ….
നൊമ്പരം വീണു ഘനീഭവിച്ച
ഹൃദയപാളികളിൽ സ്നേഹമഴയായി പെയ്തിറങ്ങിയവൻ….
കാണാത്ത സ്വപ്‌നങ്ങൾ കൈക്കുമ്പിളിൽകോരി
കരളിനുള്ളിൽ നിറച്ചവൻ…..
നാളത്തെ എന്റെ സ്വപ്നങ്ങൾക്ക്
നിറക്കൂട്ടു നൽകിയവൻ
ഇനിയുമൊരു ജീവിതയാത്രക്കയായ്
എല്ലാമൊഴിവാക്കി കൂടെയിറങ്ങിയവൻ…
സ്വാർത്ഥമോഹങ്ങളില്ലാത്ത
സങ്കുചിത ചിന്തകളില്ലാത്ത
സ്വത്തിനോടാർത്തിയില്ലാത്ത
ആരാണോ അവനെക്കാണും വരെ
എന്റേയീ ഏകാന്തയാത്ര തുടരട്ടെ….

നവാസ് ഹനീഫ്

By ivayana