ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും മഹനീയ സാന്നിദ്ധ്യത്തിൽ കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റേയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെയും നേതൃത്വത്തിൽ വിവിധ ആഘോഷങ്ങളോടെ നടന്ന ഓണാഘോഷം അവിസ്മരണീയമായി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥികളും സമാജം ചുമതലക്കാരും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ വിശാലമായ മനോഹര ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച രാവിലത്തെ ചെറു ചാറൽമഴയെ അവഗണിച്ച് പ്രദക്ഷിണം കൃത്യം പതിനൊന്ന് മണിക്ക് തെന്നെ ആരംഭിക്കുവാൻ സാധിക്കും വിധം എല്ലാവരും സമയത്ത് തന്നെ വേദിയിൽ എത്തിച്ചേർന്നു.

സമാജത്തിൻറെ അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. കലാതരംഗിണി റിയാ ജോണിൻറെ കലാഹാർട്സ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരയും ക്ലാസ്സിക്കൽ ഡാൻസും പൊതുയോഗത്തിന് മുന്നോടിയായി അവതരിപ്പിച്ചത് പരിപാടിക്ക് ആഘോഷ പരിവേഷം നൽകി. സദസ്സിലിരുന്ന സമാജത്തിൻറെ ഒന്നാമത് (സ്ഥാപക) പ്രസിഡന്റായ പ്രൊഫ. ജോസഫ് ചെറുവേലിൽ തെളിയിച്ച് നൽകിയ ദീപം ഏറ്റുവാങ്ങി അൻപത്തിരണ്ടാമത് പ്രസിഡൻറ് സിബി ഡേവിഡ് സ്റ്റേജിലേക്ക് പ്രവേശിച്ച് നിലവിളക്കിന് തീനാളം പകർന്നു തെളിയിച്ച അപൂർവ്വ നിമിഷം ചരിത്രത്തിൻറെ ഭാഗമായി. തനതായ കേരളത്തനിമയിൽ ഐശ്വര്യത്തിൻറെയും സമ്പുഷ്ടിയുടെയും പ്രതീകമായി നിറപറയും പൂക്കതിരും സാക്ഷിനിർത്തി മുഖ്യാതിഥികളും സമാജം ചുമതലക്കാരും ഫൊക്കാനാ-ഫോമാ പ്രതിനിധികളും മാവേലിയും ചേർന്ന് നിലവിളക്ക് കൊളുത്തിയപ്പോൾ സാക്ഷികളായി ഓഡിറ്റോറിയത്തിൽ നിറഞ്ഞു നിന്ന സദസ്സ് ഹർഷാരവത്തോടെ ആഘോഷത്തെ വരവേറ്റു. സമാജം വൈസ് പ്രസിഡൻറ് മേരി ഫിലിപ്പും സെക്രട്ടറി സജി എബ്രഹാമും മാസ്റ്റർ ഓഫ് സെറിമണിയായി സമയോചിതമായിത്തന്നെ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏവരെയും സെക്രട്ടറി സജി എബ്രഹാം സ്വാഗതം ചെയ്തു.

“ഈ വർഷം പങ്കെടുക്കുന്ന എൻറെ ആദ്യ ഓണാഘോഷ പരിപാടിയാണ് ഇത്. ഇവിടെ അവതരിപ്പിച്ച കലാപരിപാടികളും നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയോടുള്ള ഓണാഘോഷ നടത്തിപ്പിൻറെ ആവേശവും കൂട്ടായ്മയും തന്നെയാണ് ഈ ഓണത്തിൻറെ മുഖ്യ സന്ദേശം. ഈ ഒത്തൊരുമയാണ് മാവേലിയുടെ കാലത്തുണ്ടായിരുന്ന പ്രത്യേകതയും. എൻറെ സിനിമകൾക്ക് അമേരിക്കയിലെ നല്ലവരായ നിങ്ങളേവരും നൽകുന്ന പിന്താങ്ങലിനും പ്രോത്സാഹനങ്ങൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ഐശ്വര്യത്തിൻറെയും സാഹോദര്യത്തിന്റേയും ഓണാശംസകൾ നേരുന്നു.” ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യാതിഥി ബ്ലെസ്സി തൻറെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

“ഓണാഘോഷത്തിന്റെ തറവാടായ കേരളത്തിൽ ഒന്നോ രണ്ടോ ദിവസത്തിൽ ആഘോഷങ്ങൾ നടക്കുമ്പോൾ പ്രവാസികളായ മലയാളികൾ താമസിക്കുന്ന അമേരിക്കയിലും മറ്റ് പല വിദേശ രാജ്യങ്ങളിലും മാസങ്ങളോളമാണ് ആഘോഷം നടക്കുന്നത്. നിങ്ങളുടെ ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ലഭിച്ച അവസരം ഏറ്റവും സന്തോഷം നൽകുന്നതാണ്. എല്ലാവർക്കും ഓണാശംസകൾ നേരുന്നു” വിശിഷ്ടാതിഥി അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു.

പ്രസിഡൻറ് സിബി ഡേവിഡ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ എന്നിവർ പൊതുയോഗത്തിൽ സംസാരിച്ചു. കമ്മറ്റി അംഗം ലീലാ മാരേട്ട് ആശംസകൾ നേർന്നു. വിൻസെന്റ് ഡീപോൾ പള്ളി വികാരി ഫാദർ നോബി അയ്യനേത്ത് ഓണാശംസകൾ നേരുകയും ആഘോഷങ്ങളിൽ ഉടനീളം പങ്കെടുക്കുകയും ചെയ്തത് ഏവർക്കും അനുഗ്രഹീതമായ അനുഭവം നൽകി. ആഘോഷ പരിപാടികളോടൊപ്പം കേരളാ സാരികളുടെയും മുണ്ടുകളുടെയും പ്രദർശന-വിൽപ്പന ബൂത്തിൽ നിന്നും വസ്‌ത്രങ്ങൾ വാങ്ങുന്നതിന് ധാരാളം പേർ അത്യുത്സാഹം കാണിച്ചു. അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രദർശിപ്പിച്ച വസ്ത്രങ്ങൾ എല്ലാം തന്നെ വിറ്റഴിഞ്ഞു. കേരളത്തിൻറെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ക്രമീകരിച്ച ഫോട്ടോ ബൂത്തിൽ ഫോട്ടോകൾ എടുക്കുന്നതിനായി എല്ലാവരും പ്രത്യേക താൽപ്പര്യം കാണിച്ചു.

കമ്മറ്റി അംഗങ്ങളായ മാമ്മൻ എബ്രഹാമും ബെന്നി ഇട്ടിയേറയും പ്രവേശന കവാടത്തിൽ പ്രവേശന പാസ്സുകളിലൂടെ എല്ലാവർക്കും ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് പ്രവേശിക്കുവാനുള്ള വേദിയൊരുക്കി. ജോയിന്റ് സെക്രട്ടറി ജോസി സഖറിയാ, കമ്മറ്റി അംഗം മാത്യുക്കുട്ടി ഈശോ ട്രസ്റ്റീ ബോർഡ് അംഗവും ഫോമായുടെ നിയുക്ത ജോയിന്റ് സെക്രട്ടറിയുമായ പോൾ പി. ജോസ്, ഓഡിറ്റർ ഷാജി വർഗ്ഗീസ് എന്നിവർ വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കുന്നതിന് പ്രത്യേക നേതൃത്വം നൽകി.

സമീപ കാലത്ത് സമാജം പ്രസിദ്ധീകരിക്കുവാൻ പദ്ധതിയിടുന്ന സുവനീറിന്‌ പരസ്യങ്ങൾ നൽകി സഹായിക്കുന്ന ഹാനോവർ ബാങ്ക് ചെയർമാൻ വർക്കി എബ്രഹാം, ഹെഡ്ജ് ഇക്വിറ്റീസ് സാരഥി ജേക്കബ് എബ്രഹാം, സി.പി.എ. എബ്രഹാം ഫിലിപ്പ് എന്നിവർ ചെക്കുകൾ നൽകി സുവനീറിന്റെ കിക്ക്‌-ഓഫ് നടത്തി. പുതുതായി സമാജത്തിലേക്ക് അംഗത്വം സ്വീകരിച്ച ബിഞ്ചു ജോൺ, സുനിൽ ചാക്കോ എന്നിവരിൽ നിന്നും ജോയിന്റ് സെക്രട്ടറി ജോസി സഖറിയ അപേക്ഷാ ഫോമുകൾ സ്വീകരിച്ച് സമാജത്തിലേക്ക് അംഗത്വം നൽകി.

മുൻ പ്രസിഡന്റുമാരും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായ ഷാജു സാം, കുഞ്ഞു മാലിയിൽ, കമ്മറ്റി അംഗങ്ങളായ ബെന്നി ഇട്ടിയേറ, മാമ്മൻ എബ്രഹാം എന്നിവർ പരിപാടികളുടെ ആകമാന നടത്തിപ്പുകൾക്ക് മേൽനോട്ടവും നേതൃത്വവും നൽകി. സമാജം ട്രഷറർ വിനോദ് കെയാർക്കേ ആഘോഷത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്രശസ്ത ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ശ്രവണസുന്ദരവും മനോഹരവുമായ ഗാനങ്ങളും, ഓണപ്പാട്ടുകളും, അടിപൊളി ഗാനങ്ങളും ഓണാഘോഷത്തിന് മാറ്റു കൂട്ടി പരിപാടികൾക്ക് തികച്ചും ഒരു ഉത്സവ പ്രതീതിയേകി.

By ivayana