ഫോർട്ടുകൊച്ചിയിലെ രാധികയുടെ മരണം ഇന്നും ചുരുളഴിയാതേ ………
“ഫോർട്ടുക്കൊച്ചിയിലെ പരേഡ്ഗ്രൗണ്ടും പരിസരവും രാത്രിയുടെ കനത്ത നിശബ്ദതയിലാണ് . പ്രാണൻ പോകുന്ന വേദനയോടെയുള്ള അവളുടെ അലർച്ച ആ കനത്ത നിശബ്ദതയിൽ പോലും ആരും അറിഞ്ഞില്ല …….”

ഇന്നും രാത്രികളിൽ ഫോർട്ടുക്കൊച്ചി പരേഡ് ഗ്രൗണ്ടും പരിസരവും കനത്ത നിശബ്ദതയിലായിരിക്കും . ഞാൻ പറയുന്നത് 40 വർഷങ്ങൾക്ക് മുൻപ് അതായത് 1979 കളുടെ അവസാനത്തിൽ നടന്ന കൊച്ചിയെ നടുക്കിയ ഒരു സംഭവം . ജനങ്ങളെ ഭീതിയിലാഴ്ത്തിയ രാധിക എന്ന പെൺകുട്ടിയുടെ കൊലപാതകം .
ഇന്നത്തെ തെരുവുവിളക്കുകളുടെ പ്രകാശം അന്നത്തെ രാത്രികൾക്കില്ല . അന്നത്തെ ഇരുട്ടിലും നിശബ്ദതയിലും
നായ്കളുടെ ഓരിയിടൽ കേൾക്കുന്നത് പോലും ആരെയും ഭയപ്പെടുത്തുന്ന ഒന്നാണ് .
“എന്തേ അന്ന് ഫോർട്ടുക്കൊച്ചിയിലെ ആ രാത്രിയുടെ കനത്ത നിശബ്ദതയിൽ പോലും ആ പെൺകുട്ടിയുടെ നിലവിളി ആരും കേൾക്കാതെ പോയി …..” ?
പിറ്റേന്നു പുലർച്ചേ കൊച്ചിയാകെ കേട്ടുണരുന്നത് ഈ കൊലപാതക വാർത്തയുമായാണ് . വാർത്ത കേട്ടവർ കേട്ടവർ ഒട്ടും വൈകാതെ നാനാ ദിക്കുകളിൽ നിന്നു കിട്ടുന്ന വാഹനങ്ങളിൽ ഫോർട്ടുക്കൊച്ചിയിലേക്ക്പാഞ്ഞു .

പരേഡ് ഗ്രൗണ്ടും പരിസരവും നിമിഷ നേരം കൊണ്ടു ജനനിബിഢമായി .
പോലീസുകാർ വടം കെട്ടി ജനങ്ങളെ നിയന്ത്രിക്കാൻ നന്നായി പാടുപെടുന്നുണ്ട് .
പോസ്റ്റ്മാർട്ടത്തിനായി തണുത്തു വിറങ്ങലിച്ച് കിടക്കുന്ന അവളുടെ മൃതശരീരം പുറത്തേക്ക് കൊണ്ടു വന്നു . തലയോട്ടിയും തുളച്ചു കയറിയ സ്ക്രൂഡ്രൈവർ ഉണ്ടാക്കിയ ആഴമേറിയ മുറിവ് തലയിൽ കാണാമായിരുന്നു . ആമ്പുലൻസിലേക്ക് കയറ്റുന്നതിന് മുൻപെ ജനങ്ങൾ അവളെ ഒരുനോക്കു കണ്ടു . സുന്ദരമായ അവളുടെ മുഖത്തെ ഭീതി അപ്പോഴും അവളെ വിട്ടു പോയില്ല എന്നു തോന്നുമായിരുന്നു .
15-16 വയസ്സ് പ്രായമേ അന്നു അവൾക്കുള്ളു . പ്രായത്തേക്കാൾ വളർച്ചയുണ്ടവൾക്ക് , അതീവ സുന്ദരിയാണവൾ . മാർവാഡി പെൺക്കുട്ടിയെങ്കിലും അവൾക്ക് മലയാളം നന്നായി അറിയാം . ഏറെ നാളായിട്ട് രാധികയുടെ കുടുംബം കൊച്ചിയിലുണ്ട് . ഫോർട്ടുക്കൊച്ചി St. Mary’s Anglo Indian Girls High School ലാണ് അപ്പോൾ അവൾ പഠിച്ചു കൊണ്ടിരുന്നത് .


മജിഷ്യനും പൊതു പ്രവർത്തകനുമായ ഷരീഫ് അലിസാർ പറയുന്നു
” രാധിക മിക്കവാറും ദിവസങ്ങളിൽ വീടിന് പുറത്തിറങ്ങി വെറുതെ കാഴ്ച്ചകൾ കണ്ടു നിൽക്കാറുണ്ട് . അവളെ കാണുമ്പോൾ ഞങ്ങൾ തമാശക്ക് രാധികേ …..
ആരാധികേ… എന്ന് പാടും , അവൾ മലയാളത്തിൽ ഒരു മറുപാട്ടും പാടി വീടിനകത്തേക്ക് ഓടി കയറും “
ഒരു മിടുക്കി കുട്ടിയായിരുന്നു അവൾ .
രാജസ്ഥാനിലെ അഗർവാൾ വിഭാഗത്തിലെ ഒരു കുടുംബം . ഗ്രിൻ്റ്ലേസ് ബാങ്കിൻ്റെ ഫോർട്ടുക്കൊച്ചി ബ്രാഞ്ച് മാനേജറായിരുന്നു രാധികയുടെ അച്ഛൻ . രാധികയുടെ അമ്മ നേരത്തെ മരണപെട്ടു .
അച്ഛൻ രണ്ടാമതൊരു വിവാഹവും കൂടി ചെയ്തു , അവർ അതിസുന്ദരിയായിരുന്നു .
അന്നു ഫോർട്ടുകൊച്ചി കസ്റ്റംസ് ജെട്ടിയുടെ അടുത്തായിരുന്നു ഗ്രിൻലേസ് ബാങ്കിൻ്റെ കൊച്ചി ബ്രാഞ്ച് . ഫോർട്ടുക്കൊച്ചിയിൽ പരേഡ് ഗ്രൗണ്ടിനു സമീപമുള്ള ബാങ്കിൻ്റെ കോർട്ടേസിലായിരുന്നു രാധികയുടെ കുടുംബം താമസിച്ചിരുന്നത് .
(1828 -ൽ ലണ്ടനിലാണ് ഈ ബാങ്ക് സ്ഥാപിതമായത് .1984 -ൽ ANZ Grindlays Bank എന്ന് നാമകരണം ചെയ്തു . 2000 – ത്തിൽ ഗ്രിൻ്റ്ലേസ് ബാങ്ക് Standard Chartered ബാങ്കിലേക്ക് ലയിച്ചു )


രാധികയുടെ അച്ഛൻ ഇടയ്ക്കിടെ ബാംഗ്ലൂരിൽ പോകാറുണ്ട് . അന്നും രാധികയുടെ അച്ഛൻ ബാംഗ്ലൂരിലേക്ക്പോയിരുന്നു . രാധിക മുകളിലെ നിലയിൽ ഒറ്റയ്ക്ക് ഒരു മുറിയിലാണ് ഉറക്കം . രാത്രി കറണ്ട് പോയിരുന്നു . ഭീതിപ്പെടുത്തുന്ന ഇരുട്ടിലും നിശബ്ദയിലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവൾ ജനൽ ചില്ലുകളിലൂടെ ഒരു മനുഷ്യൻ്റെ നിഴൽ കണ്ടു . ഭയപ്പെട്ട് മുറിയിൽ നിന്നിറങ്ങി ഓടിയ അവൾ രണ്ടാനമ്മ കിടന്നുറങ്ങുന്ന വാതിൽ തട്ടി അവരെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. പക്ഷെ അവർ അവളോടു അവളുടെ മുറിയിൽ തന്നെ പോയി കിടന്നുറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു .
രാധികയുടെ രണ്ടാനമ്മയെ ചോദ്യം ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥർ അവരോടു ചോദിച്ചു :
“ഭയപ്പെട്ട് മുറി വിട്ട് ഓടിയെത്തിയ അവളെ എന്തു കൊണ്ടു നിങ്ങൾ വീണ്ടും തനിയെ കിടക്കാൻ വിട്ടത് ” .
അന്നു അവളുടെ അമ്മ പറഞ്ഞത് :
“അവൾ രാത്രിയിൽ പേടിച്ചെത്തിയപ്പോൾ വീടാകെ തിരഞ്ഞെങ്കിലും ഞങ്ങൾക്ക് അവിടെയൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല . അവളുടെ പേടി അതൊരു തോന്നലാവും എന്നു കരുതിയാണ് വീണ്ടും തനിയെ കിടക്കാൻ അവളെ പറഞ്ഞയച്ചത് “
ഇതായിരുന്നു അവരുടെ മറുപടി .
രാധികയുടെ മരണവുമായി ബന്ധപ്പെട്ട് പതിവു പോലെ കഥകൾ പലതും പ്രചരിക്കപ്പെട്ടു . പോലീസ് അന്വേഷണം ഊർജ്ജിതമാക്കി . പരിസരവാസികളെ മുഴുവൻ ചോദ്യം ചെയ്തു . അന്നു പരിസരത്ത് പ്രവർത്തിച്ചിരുന്ന ദത്തൻ ലോഡ്ജിലെ ജീവനക്കാരെയും അന്തേവാസികളെയും പോലീസ് നിരന്തരം ചോദ്യം ചെയ്തു . ഇതിനിടയിൽ ആരുടെയൊക്കെയൊ ദുസ്വാധീനം പോലീസ് അന്വേഷണത്തിലുണ്ടായി എന്നു ജനങ്ങൾ വിശ്വസിച്ചു . അങ്ങനെ ജനങ്ങൾ വിശ്വസിക്കാൻ ചില കാരങ്ങൾ അന്നുണ്ടായിരുന്നു .


”കിംഗ് ” എന്ന ആംഗ്ലോ – ഇന്ത്യൻ യുവാവ് ……
” കിംഗ് ” എന്നാണ് ഈ യുവാവിനെ വിളിക്കപ്പെട്ടിരുന്നത് . കണ്ടാൽ സായിപ്പാണന്നേ തോന്നൂ , ബ്രിട്ടീഷ് പിന്മുറക്കാരുടെ കുടുംബം . ‘ കിംഗ് ‘ എന്നത് ഒരു സർനെയിമാണെന്ന് എൻ്റെ ഉപ്പയുടെ കമ്പിനിയിൽ മുൻപ് വർക്ക് ചെയ്തിരുന്ന ആംഗ്ലോ – ഇന്ത്യൻ വംശജൻ
Ramsey D ‘ Costa പറയുന്നു . ‘ കിംഗ് ‘ എന്ന സർനെയിമുള്ള കുടുംബങ്ങൾ ഇപ്പോൾ കൊച്ചിയിലില്ല എന്നാണ് അറിവ് . യുവാവിൻ്റെ അച്ഛനും കാണാൻ സായിപ്പിനെ പോലിരിക്കുമെന്ന് പ്രശസ്തനായ കൊച്ചിയുടെ ഫുഡ്ബോൾ പരിശീലകൻ റൂഫസ് അങ്കിൾ എന്നു കൊച്ചിക്കാർ വിളിക്കുന്ന Rufuz D’ Souza ഓർക്കുന്നു .
കിംഗ് അസാമാന്യ ധൈര്യശാലിയാണ് ഫോർട്ടുക്കൊച്ചിയിലെ അക്കാലത്തെ കൊച്ചു ചട്ടമ്പി . ആരെയും കൂസാത്ത ഭാവം . പകലുകളിൽ കിംഗിൻ്റെ വിശ്രമ കേന്ദ്രം പരേഡ് ഗ്രൗണ്ടിൽ ,
പോസ്റ്റ് ഓഫീസിന് എതിർ വശത്ത് പന്തലിച്ച് നിൽക്കുന്ന മുത്തശ്ശി ആലിൻ്റെ മുകളിലാണ് .


സംശയത്തിൻ്റെ പേരിൽ പോലീസ് ഈ ആംഗ്ലോ ഇന്ത്യൻ യുവാവിനെ കസ്റ്റഡിയിലെടുത്തു മർദ്ധിച്ചു . പിന്നീട് നിരപരാധിയെന്നു കണ്ടു വിട്ടയച്ചു . ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു .
ഒറിയക്കാരനായ വേലക്കാരൻ …….
രാധികയുടെ കുടുംബം താമസിച്ചിരുന്ന ഗ്രിൻ്റ്ലേസ് ബാങ്കിൻ്റെ കോർട്ടേസിലെ വേലക്കാരനെയാണ് പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തത് . ഒറീസ സ്വദേശിയായ ഇയാളെയും പോലീസ് തല്ലി ചതച്ചു . ഇയാൾ നിരപരാധിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു . മറ്റാരെയൊ രക്ഷിക്കാനാണ് പോലീസിൻ്റെ ഈ നാടകം എന്ന് ജനങ്ങൾ ആരോപിച്ചു .
ഫോർട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിൽ സ്ഥിരം ഒത്തുകൂടാറുള്ള കുറച്ചു ചെറുപ്പക്കാരുണ്ട്.
അമരാവതിയിൽ ആർട്ട് ഗ്യാലറി നടത്തിയിരുന്ന മധു , മജിഷ്യൻ ഷരീഫ് അലി , വക്കീലന്മാരായ എ.എക്സ് വർഗ്ഗീസ് , മധുസൂധനൻ , കൂടാതെ ജോൺ എബ്രഹാം , മണിലാൽ , ഉത്തമൻ , സാലി
മാവോസൈനുദ്ദീൻ , അഷറഫ് കീർത്തി , പിന്നെ വല്ലപ്പോഴും ഇവരോടൊപ്പം കൂടാറുള്ള വ്യക്തിയാണ് നവാബ് രാജേന്ദ്രൻ .


നിരപരാധിയായ ഒറിയക്കാരനു വേണ്ടി
എ.എക്സ് വർഗ്ഗീസും സുഹൃത്തുക്കളും കോടതിയെ സമീപിച്ചു . എ.എക്സ് വർഗ്ഗീസ് ഉൾപ്പെടെയുള്ള ഒരു സംഘം വക്കീലന്മാർ ഒറിയക്കാരനു വേണ്ടി കോടതിയിൽ വാദിച്ചു . ഒറിയക്കാരൻ നിരപരാധിയെന്നു കണ്ടു കോടതി ഇയാളെ വെറുതെ വിട്ടു . ഇയാളെ പിന്നീട് നാട്ടിലേക്ക് കയറ്റി അയച്ചു .
1940 – 50 കളിൽ കോട്ടയം മുൻസിപ്പൽ കൗൺസിലറും , മുൻസിഫ് ജഡ്ജിയുമായിരുന്ന എം.എൻ. ഗോപാലനാചാരിയുടെ മകളും , കേരളത്തിലെ വിശ്വകർമ്മജരുടെ ആദ്യ വനിതാ ജഡ്ജിയുമായിരുന്ന പി. വിജയം എന്നിവരുടെ ബഞ്ചിലാണ് അന്നത്തെ പ്രമാദമായ രാധിക കൊലക്കേസ് എത്തിയതെന്ന് പറയപ്പെടുന്നു .
കഥയറിയാതെ …………


രാധിക കൊലക്കേസ് കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞില്ല പിൽക്കാലത്ത് പ്രശസ്ത തിരക്കഥാകൃത്തായി അറിയപ്പെട്ട
ജോൺ പോൾ എന്ന വ്യക്തിയുടെ മനസ്സിലേക്ക് ഇത് കഥയായി രൂപപ്പെട്ടു . തിരക്കഥയുമായി മുന്നോട്ടു പോകവേ ഈ സംഭവം ചലചിത്രമാകാൻ ഒരുങ്ങുന്നു എന്ന വാർത്ത എങ്ങും പരന്നു . അമ്മയുടെ അവിഹിതം മകൾ കണ്ടതോടെ അമ്മയും , കാമുകനും ചേർന്നു പെൺകുട്ടിയെ കൊലപ്പെടുത്തുന്നു എന്നതായിരുന്നു കഥ .
രാധിക കൊലക്കേസ് അന്വേഷണം പൂർത്തിയായിട്ടില്ല , അന്വേഷണം നടക്കുന്നതേയുള്ളു , കേസാവട്ടെ കൊടതിയിലും എത്തി നിൽക്കുന്നു . വളരെ പ്രമാദമായ കേസായതിനാൽ ഈ കഥ വെച്ച് സിനിമയിറങ്ങിയാൽ അത് പൊല്ലാപ്പാകും എന്നു സിനിമാ രംഗത്ത് തന്നെയുള്ളവർ ഉപദേശിച്ചതിനാൽ . കഥയിൽ മാറ്റം വരുത്താൻ അവർ നിർബന്ധിതരായി .


പിന്നീട് ‘കഥയറിയാതെ ‘ കഥ ഇങ്ങനെ ……
നല്ലവളായ അമ്മയുടെ ചാരിത്ര്യം കഥയറിയാതെ സംശയിച്ച കൗമാരക്കാരിയായ മകൾ , അവരുടെ ജീവിതത്തിലേക്ക് വലിച്ചിഴക്കുന്ന ഒരു ദുരന്തം എന്നതാക്കി ഈ കഥ മാറ്റി .
സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം . അച്ഛൻ ഫാക്റ്ററി മാനേജറായി ജോലിനോക്കുന്നു . ഭാര്യ മരിച്ച് ദുഖിതനായി കഴിയുന്ന തന്റെ സുഹൃത്തിനെ അയാൾ വീട്ടിലേക്ക് കൊണ്ടുവരുന്നു . തൻ്റെ അമ്മ ഒരിക്കൽ അച്ഛൻ്റെ സുഹൃത്തിനോട് അടുത്തിഴപഴകുന്നത് കൗമാരിക്കാരിയായ മകൾ കാണൂന്നു. അവൾ കണ്ടത് അവർക്കും ഞെട്ടലാകുന്നു. പാവമായ അച്ഛനെ അമ്മ വഞ്ചിക്കുകയാണെന്ന് കരുതി മകൾ വേവുന്നു. അമ്മ ആത്മഹത്യ് ചെയ്യുന്നു. അച്ഛൻ്റെ സുഹൃത്ത് ഭ്രാന്താസ്പത്രിയിൽ ആകുന്നു.


കഥ ഇങ്ങനെയാക്കി മാറ്റാതെ അവർക്ക് വേറെ മാർഗ്ഗമില്ലായിരുന്നു .
മകളായി – റാണി പത്മിനിയും
അച്ഛനായി – സോമനും
അമ്മയായി – ശ്രീവിദ്യയും
അച്ഛൻ്റെ സുഹൃത്തായി – സുകുമാരനും വേഷമിട്ടു .
മോഹൻ സംവിധാനം നിർവ്വഹിച്ച
‘കഥയറിയാതെ ‘ എന്ന ഈ സിനിമയുടെ കഥയും തിരക്കഥയും ജോൺ പോൾ – ൻ്റേതാണ് . റാണി പത്മിനി ,
ശ്രീവിദ്യ , സുകുമാരൻ , സോമൻ എന്നിവർ ഈ ചിത്രത്തിൽ വേഷമിട്ടു .1981 മാർച്ച് – 12 ന് ചിത്രം റിലീസായി .


റാണി പത്മിനിയുടെ ആദ്യ സിനിമ …
കഥ പോലെ തന്നെ ജീവിതവും , ഇരുവരുടെയും വിധിയൊന്നായി മാറി …….
രാധികയെ പോലെ തന്നെ
റാണി പത്മിനിയും കൊല്ലപ്പെടുകയായിരുന്നു …….
രാധികയുടെ കൊലപാതകം പോലെ തന്നെ റാണി പത്മിനിയുടെ കൊലപാതകവും വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും നിഗൂഡമായി തുടരുന്നു ……
താൻ ആദ്യമായി അഭിനയിച്ച
‘ കഥയറിയാതെ ‘ എന്ന സിനിമ റിലീസായി അഞ്ചു വർഷങ്ങൾക്ക് ശേഷം 1986 ഒക്ടോബർ 15 ന് മദ്രാസിൽ വെച്ച് റാണി പത്മിനി കൊല്ലപ്പെട്ടു .
ഒന്ന് മുതൽ മൂന്ന് വരെ ഞാൻ പഠിച്ചത്
ഫോർട്ടുക്കൊച്ചിയിലെ St John De Britto Anglo Indian High School ലാണ് . പിന്നീട് പഠനം മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്കൂളിലായി . അപ്പോഴും ട്യൂഷന് വന്നിരുന്നത് ഫോർട്ടുകൊച്ചിയിലെപരേഡ് ഗ്രൗണ്ടിന് അടുത്തുള്ള ഒരു വീട്ടിലാണ് . ഒരു ആംഗ്ലോ – ഇന്ത്യൻ ലേഡിയായിരുന്നു ട്യൂഷൻ ടീച്ചർ . ട്യൂഷന് വരുമ്പോഴെല്ലാം രാധിക കൊല്ലപ്പെട്ട വീട് കാണും , കാണുമ്പോഴെല്ലാം ഉള്ളിൽ ഒരു ഭയവുമുണ്ടാവുമായിരുന്നു ……..
44 വർഷങ്ങൾക്ക് മുൻപു നടന്ന ഒരു സംഭവമാണ് ഞാൻ നിങ്ങളോട് പറഞ്ഞത് . അന്വേഷണങ്ങളിലൂടെ ശരിയെന്ന് ബോധ്യപ്പെട്ടത് മാത്രമാണ് കുറിച്ചത്. ഇതിൽ തെറ്റുകൾ ഉണ്ടാവില്ല എന്നു തീർത്തു പറയാനാവില്ല .

മൻസൂർ നൈന

By ivayana