പൊന്നോണമുറ്റത്തു പൂക്കളം തീർക്കുവാൻ
പൂക്കളുമായ് വരും പൂത്തുമ്പി നിൻ
പൂക്കൂടയിൽ നീ കരുതിയതേതൊരു
പൂക്കളാണെന്നൊന്നു ചൊല്ലിടാമോ
ശ്രാവണമാസം വിരുന്നു വന്നീടുംനാൾ
കൂടെ വന്നീടുന്ന പൂനിലാവേ
നീയിന്നൊരു കുടം തുമ്പപ്പൂ തന്നീടുമോ
ഇന്നീ തിരുമുറ്റമാകെയലങ്കരിക്കാൻ
പിച്ചിയും ചെമ്പകപ്പൂക്കളും നക്ഷത്ര
ക്കണ്ണ് തുറന്നൊരു പാരിജാതം
കൃഷ്ണത്തുളസിയും തെച്ചിയും
പൊന്നുഷസ്സന്ധ്യയ്ക്ക് പൂത്തൊരു മന്ദാരവും
ഏഴു വർണ്ണങ്ങൾ കൊണ്ടെഴുന്നൂറു
വർണ്ണങ്ങൾ തീർത്തൊരു പൂക്കള
മായൊരുക്കാൻ നീ വന്നണയുക
കാലത്തെ തന്നെ ഉറങ്ങിയുണർന്നൊരു കുഞ്ഞിക്കാറ്റേ
ഓണക്കാലത്തു പൊന്നൂഞ്ഞാല്
കെട്ടണം ആയത്തിലാടി രസിച്ചിടേണം
കസവുടയാടയണിയണം
ഓണപ്പാട്ടീണത്തിലൊന്നാലപിച്ചിടേണം
തൃക്കാക്കരപ്പനെ വരവേൽക്കുവാൻ
മുറ്റമെല്ലാം മെഴുകി മിനുക്കിടേണം
പൂക്കളമുറ്റത്തൊരെഴുതിരിയിട്ട
നിലവിളക്കൊന്നു കൊളുത്തിടേണം
ഓണവെയിലേ നീ പട്ടുടുത്തൊന്നു
വന്നോടിയാടിക്കളിച്ചീടുമെങ്കിൽ
പോന്നോണനാളുകൾ ഉത്സവമായിടും
പൊന്നുഷസ്സന്ധ്യയിൽ പൂ വിരിയും

മായ അനൂപ്

By ivayana