രചന : ജലജ സുനീഷ് ✍
അവൻ്റെയുമവളുടെയും
പ്രണയം കാണുമ്പോളെനിക്ക്
വൈദ്യുത പ്രവാഹമേറ്റ
വാവലുകളെ ഓർമ്മവരുന്നു.
എട്ടുകാലി വലകണക്കെ
കാലങ്ങളോളം പറ്റിപ്പിടിച്ചശരീരം,
തുളവീണ്
കണ്ണെത്താദൂരമൊരു
മാന്ത്രികനഗരം കൊടുങ്കാറ്റിലുലഞ്ഞ്
നെഞ്ചിൽ കനലൂതുന്നു.
അവനുമവളും കറുത്ത
ചിറകുകളണിഞ്ഞ് പ്രണയ
വൈദ്യുതികൾക്കുള്ളിൽ
വെന്ത് വെന്ത് ‘ …
നോക്കി നിൽക്കെ ഞാനും
വാവലിനെപ്പോലെ
കറുത്ത കമ്പികളിലൊന്നിൽ
അറിയാതൊട്ടി.
വെയിലും മഴയും കൊണ്ടോട്ടവീണ
ചിറകിനപ്പുറത്തെ നഗരം
തലച്ചോറിനുള്ളിൽ കടന്ന്
‘ഒന്നെന്നുള്ളത് പൂജ്യമെന്നും
പൂജ്യങ്ങളെല്ലാം രണ്ടെന്നും
പരിഹസിക്കുന്നു.
അവനുമവളും ചേർന്നിരിക്കുന്നു.
എന്നിലാകെ കറുപ്പുവസന്തം!
ഇലകളാകെ കറുത്തിരിക്കുന്നു.
വാവലിൻ്റെ വായിലെ കറുത്ത
പൊത്തു പല്ലുകൾ പോലെ ,
പ്രണയം രണ്ടായി, ഒന്നായി
പിന്നെ പൂജ്യമായി…
വീണ്ടുമതാ പറന്നകലുന്നു,
ഒട്ടിപ്പിടിക്കുന്നു,
ചിറകുകൾ പൊടിയുന്നു.
അവനുമവളും ചേർന്നിരിക്കുന്നു.
പ്രണയമില്ലാതെ ‘