രചന : സെഹ്റാൻ✍
നെൽസൺ ഫെർണാണ്ടസ് കവിതയെഴുതുമ്പോൾ
വെള്ളത്താളിൽ വരികൾ കഴിഞ്ഞ്
ബാക്കിവരുന്നയിടങ്ങളിൽ
വിഷാദത്തിൻ്റെയും, വിഭ്രമങ്ങളുടെയും
കറുത്ത ചിറകുകളുള്ള പക്ഷികളെ
വരഞ്ഞിടുമായിരുന്നു!
നെൽസൺ ഫെർണാണ്ടസിൻ്റെ കവിതകളിലൂടെ
സഞ്ചരിക്കുന്നവർ വരികളെ അവഗണിച്ച്
വരകളിലെ പക്ഷിച്ചിറകുകളിൽ
തലകീഴായി തൂങ്ങിക്കിടന്ന് അയാളുടെ
ലോകത്തെ വീക്ഷിച്ചുപോന്നു.
(വിരുന്നിന് ക്ഷണിക്കപ്പെട്ട അതിഥികൾ
മന:പൂർവ്വം ഭക്ഷണം ഒഴിവാക്കി മദ്യം മാത്രം
സേവിക്കുന്നത് എത്ര അപഹാസ്യകരമാണെന്നയാൾ
ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.)
വരകൾ വരികളെ വിഴുങ്ങുന്നുവെന്ന്
അഭിപ്രായപ്പെട്ടവരോട് ‘നിർഭാഗ്യകരം’
എന്ന് മാത്രമയാൾ മറുപടി പറയുകയുണ്ടായി.
ഒടുവിലൊരുദിവസമയാൾ
വിജനവും, പുരാതനവുമായൊരു
ദേവാലയത്തിന്റെ തുരുമ്പിച്ച മണിയുടെ
ചുവട്ടിലിരുന്ന് തന്റെ കവിതകൾ ചുട്ടെരിക്കുകയും,
തീനാളങ്ങൾക്കിടയിൽ പ്രാണപരാക്രമത്തോടെ
പിടഞ്ഞുകൊണ്ടിരുന്ന വിഷാദവിഭ്രമപ്പക്ഷികളെ
തെല്ലുമേ ഗൗനിക്കാതെ ശൂന്യമിഴികളോടെ
കടൽത്തിരകളിലേക്ക് നടന്നുപോവുകയുമാണുണ്ടായത്!
തീപ്പൊള്ളലേറ്റ് കരിഞ്ഞ ദേഹവുമായ്
കവിതയിലേക്ക് തിരിച്ചുകയറാനാവാതെ
അയാളുടെ പക്ഷികൾ ഇപ്പോഴും
തെരുവുകളിൽ ചിറകടിക്കുന്നുണ്ടെന്ന്
പതിഞ്ഞ ശബ്ദത്തിലാരോ പറയുന്നത്
ഈയിടെയും ഞാൻ കേൾക്കുകയുണ്ടായി….
🧿